ഗാനമേള സമയപരിധി ലംഘിച്ചു; ബിജു നാരായണനെതിരെ കേസ്
text_fieldsപയ്യന്നൂ൪: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിച്ച സമയപരിധി ലംഘിച്ചതിൻെറ പേരിൽ പിന്നണിഗായകൻ ബിജുനാരായണൻ ഉൾപ്പെടെ ആറുപേ൪ക്കെതിരെ കേസ്. സംഭവത്തിൽ മറ്റു രണ്ടു ഗായകരും മൈക്ക് ഓപറേറ്ററും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും പ്രതികളാണ്.
15 ദിവസമായി നടന്നുവന്ന പയ്യന്നൂ൪ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിൻെറ സമാപന ദിവസം നടന്ന ഗാനമേളയാണ് കേസിനിടയാക്കിയത്. ആഘോഷ പരിപാടികൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം രാത്രി 10 മണിവരെയാണ്. വ്യാഴാഴ്ച നടന്ന ഗാനമേള രാത്രി 11.15 വരെ നീണ്ടതായി പറയുന്നു. ഇതേതുട൪ന്നാണ് പയ്യന്നൂ൪ പൊലീസ് കേസെടുത്തത്. ബിജു നാരായണനു പുറമെ ഗായകരായ കോഴിക്കോട്ടെ സുജാത, സാദിഖ് സലിം, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻറ് കരിപ്പത്ത് നാരായണൻ, സെക്രട്ടറി വിനോദ്, മൈക്ക് ഓപറേറ്റ൪ സുബൈ൪ എന്നിവരാണ് മറ്റു പ്രതികൾ. അതേസമയം ഗാനമേളക്കിടയിൽ ഉണ്ടായ സംഘട്ടനത്തിലും പയ്യന്നൂ൪ പൊലീസ് കേസെടുത്തിട്ടുണ്ട്. നസീം എന്നയാളുടെ പരാതിയിൽ ഷൈജു മമ്പലം, കൃപേഷ്, നന്ദകുമാ൪, ശ്രീജിത്ത് എന്നിവരുടെ പേരിലാണ് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.