പ്രായ വിവാദം: ജിഷ്ണുവിന് വിലക്ക്
text_fieldsതിരൂ൪: തിരൂരിൽ നടന്ന ജില്ലാ സ്കൂൾ കായികമേളയിലുയ൪ന്ന പ്രായ വിവാദത്തിലെ കടകശേരി ഐഡിയൽ ഇംഗ്ളീഷ് മീഡിയം ഹയ൪ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാ൪ഥി ജിഷ്ണുവിനെ അയോഗ്യനാക്കാൻ തീരുമാനം. സംസ്ഥാന കായികമേളയിൽ താരത്തെ പങ്കെടുപ്പിക്കരുതെന്ന് കടകശേരി സ്കൂൾ അധികൃത൪ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ കെ.സി. ഗോപി നി൪ദേശം നൽകി.
വെള്ളിയാഴ്ച ഡി.ഡി ഓഫിസിൽ നടന്ന തെളിവെടുപ്പിനെ തുട൪ന്നാണ് തീരുമാനം. കടകശേരി സ്കൂളിന് അയോഗ്യത കൽപ്പിക്കണമെന്ന പരാതിയിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡി.ഡി ‘മാധ്യമ’ത്തോട് പറഞ്ഞു. കുറ്റിപ്പുറം, തിരൂ൪, കിഴിശേരി ഉപജില്ലകളാണ് ജിഷ്ണുവിനും കടകശേരി സ്കൂളിനുമെതിരെ കായികമേള അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്.
കടകശേരി ഐഡിയൽ ഇംഗ്ളീഷ് മീഡിയം ഹയ൪ സെക്കൻഡറി സ്കൂളിലെയും മഞ്ചേരി ഗവ.ബോയ്സ് ഹയ൪ സെക്കൻഡറി സ്കൂളിലെയും അധികൃത൪ വെള്ളിയാഴ്ച ഡി.ഡിക്കു മുന്നിൽ ഹാജരായി. ജിഷ്ണുവുമായി ബന്ധപ്പെട്ട രേഖകളുമായാണ് കടകശേരി സ്കൂൾ അധികൃതരെത്തിയത്. ജിഷ്ണുവിന് മഞ്ചേരി സ്കൂളിൽനിന്ന് നൽകിയ വിടുതൽ സ൪ട്ടിഫിക്കറ്റ്, കടകശേരി സ്കൂളിലെ ഹാജ൪ പട്ടിക, ജനന സ൪ട്ടിഫിക്കറ്റ് തുടങ്ങിയവ ഐഡിയൽ പ്രിൻസിപ്പൽ ചിത്ര ഹരിദാസ്, മാനേജ൪ കെ.എ. മജീദ്, കായികാധ്യാപകൻ അജിത്കുമാ൪ എന്നിവ൪ ഡി.ഡിക്കു കൈമാറി. മഞ്ചേരി ബോയ്സ് ഹയ൪ സെക്കൻഡറി സ്കൂളിലെ രേഖകളനുസരിച്ച് ജിഷ്ണു പഠിച്ചിരുന്നത് ഒമ്പതാം ക്ളാസിലായിരുന്നുവെന്ന് തെളിവെടുപ്പിൽ കണ്ടെത്തി. ജിഷ്ണുവിൻെറ രക്ഷിതാവ് നൽകിയ അപേക്ഷയിൽ ഒമ്പതാം ക്ളാസിലേക്കാണ് വിടുതൽ സ൪ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നതെന്നും വ്യക്തമായി. സ൪ട്ടിഫിക്കറ്റിൽ എട്ടാം ക്ളാസ് എന്നു രേഖപ്പെടുത്തിയത് ക്ളറിക്കൽ തകരാ൪ സംഭവിച്ചതാണെന്നാണ് മഞ്ചേരി ബോയ്സ് ഹയ൪ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക നി൪മല ഡി.ഡിയെ അറിയിച്ചത്. ഇതു ഗുരതര വീഴ്ചയായാണ് പരിഗണിച്ചത്. അതിനാൽ പ്രധാനാധ്യാപികക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
കടകശേരിയുടെ മറ്റൊരു താരമായ അലനെതിരായ പരാതിയിലും വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി. ഈ താരവുമായി ബന്ധപ്പെട്ട രേഖകളും ഡി.ഡിക്കു സമ൪പ്പിച്ചിട്ടുണ്ട്.
മഞ്ചേരിയിൽ ഒമ്പതാം ക്ളാസിൽ പഠിച്ചിരുന്ന ജിഷ്ണുവിന് എട്ടാം ക്ളാസിൽ പ്രവേശം നൽകി സബ് ജൂനിയ൪ വിഭാഗത്തിൽ മത്സരിപ്പിച്ചുവെന്നായിരുന്നു ഉപജില്ലകളുടെ പരാതി. മേളയിൽ രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തും ഒരിനത്തിൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. പരാതി യെ തുട൪ന്ന് മത്സരഫലങ്ങൾ പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ അയോഗ്യത കൽപ്പിച്ചത് കടകശേരിയുടെ പോയൻറ് നിലയെയോ മെഡൽ നിലയെയോ ബാധിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.