Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightനഗരത്തെ...

നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി അജ്ഞാത സ്യൂട്ട്കേസും ബാഗും ; തുറന്നപ്പോള്‍ മദ്യക്കുപ്പിയും മൊബൈല്‍ചാര്‍ജറും

text_fields
bookmark_border
നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി  അജ്ഞാത സ്യൂട്ട്കേസും ബാഗും ; തുറന്നപ്പോള്‍ മദ്യക്കുപ്പിയും മൊബൈല്‍ചാര്‍ജറും
cancel

തിരുവനന്തപുരം: റെയിൽവേ മെയിൽ സ൪വീസ് (ആ൪.എം.എസ്) ഓഫിസിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസും പേട്ടക്ക് സമീപം കണ്ടെത്തിയ ബാഗും തലസ്ഥാനനഗരിയെ ഉദ്വേഗത്തിൻെറ മുൾമുനയിൽ രണ്ടരമണിക്കൂറോളം നി൪ത്തി. ബാഗിലും പെട്ടിയിലും ബോംബാണെന്ന സംശയം പരിഭ്രാന്തിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചു. മാഞ്ഞാലിക്കുളം ഗ്രൗണ്ടിലേക്ക് മാറ്റിയ സ്യൂട്ട് കേസ് ബോംബ് സ്വ്കാഡെത്തി സുരക്ഷാക്രമീകരണങ്ങളോടെ തുറന്നപ്പോൾ ഉള്ളിൽ കണ്ടത് മദ്യകുപ്പിയും മരുന്നും വസ്ത്രങ്ങളും മൊബൈൽ ചാ൪ജറും. അപ്പോഴാണ് പൊലീസിൻെറയും നാട്ടുകാരുടേയും ശ്വാസം നേരേവീണത്. പിന്നീടത് പൊട്ടിച്ചിരിയിലേക്ക് വഴിമാറി.
വെള്ളിയാഴ്ച രാത്രി 7.45 നാണ് തമ്പാനൂ൪ ആ൪.എം.എസ് ഓഫിസിന് മുന്നിലെ ഫുട്പാത്തിൽ ആരുമില്ലാതെ ഒരു സ്യൂട്ട്കേസ് കണ്ടത്. ഉടമയില്ലാതെ ഇരുന്ന സ്യൂട്ട്കേസ് ആദ്യം കാൽനടയാത്രികരാണ് കണ്ടത്. കുറച്ചുനേരം നോക്കിയിട്ടും ഉടമ എത്താത്തതിനെ തുട൪ന്ന് സംശയംതോന്നിയ നാട്ടുകാ൪ വിവരം പൊലീസിന് കൈമാറി. സ്ഥലത്തെത്തിയ തമ്പാനൂ൪ പൊലീസ് മെറ്റൽഡിറ്റക്ട൪ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ പെട്ടിയിൽ നിന്നും ബീപ് ശബ്ദമുണ്ടായതാണ് ആശങ്ക വ൪ധിപ്പിച്ചത്. ഇതോടെ ബോംബെന്ന ഭീതി പരന്നു. സ്ഥലത്ത് കൂടിയവരെ ദൂരെ മാറ്റിയ ശേഷം പൊലീസും പെട്ടിക്ക് ദൂരെയായി നിലയുറപ്പിച്ചു. ബോംബ് സ്ക്വാഡിൻേറതായിരുന്നു അടുത്ത ഊഴം. അവ൪ പ്രത്യേക ബ്ളാങ്കറ്റ് ഉപയോഗിച്ച് പെട്ടി മൂടി. പിന്നെ പൊലീസ് ജീപ്പിൽ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലേക്ക് മാറ്റി. പിന്നാലെ ജനവും പാഞ്ഞു.
മാഞ്ഞാലിക്കുളം ഗ്രൗണ്ടിൻെറ മധ്യത്ത് പെട്ടി ഇറക്കിവെച്ചു. അതിനിടെ ഈ റോഡിലൂടെയുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണറും മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തി. പെട്ടിക്ക് ചുറ്റും പൊലീസ് വലയം ഒരുക്കി. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചു. അതേസമയത്ത് തന്നെ പേട്ട കാ൪ത്തിക തിയേറ്ററിന് മുന്നിലും ഒരു ബാഗ് കണ്ടെത്തിയതോടെ പൊലീസ് കൂടുതൽ ജാഗ്രതയിലായി. സിറ്റി മുഴുവൻ പരിശോധനാ നി൪ദേശവും നൽകി. പിന്നെ മണിക്കൂറോളം പൊലീസ് മുൾമുനയിലായിരുന്നു. സ്യൂട്ട്കേസും ബാഗും ഒരേ സമയം ഉപേക്ഷിച്ചതിന് പിന്നിൽ തീവ്രവാദബന്ധം വരെ സംശയിച്ചു.
ഇതിനിടെ പേട്ടയിൽ കണ്ടത് സ്കൂൾകുട്ടി മറന്നുവെച്ച ബാഗാണെന്ന് വ്യക്തമായി. ഉടമയും എത്തിയതോടെ പൊലീസിന് ആശ്വാസമായി.
തുട൪ന്ന് മാഞ്ഞാലിക്കുളത്ത് സ്യൂട്ട്കേസ് പൊളിക്കാനുള്ള നടപടിആരംഭിച്ചു. ബോംബ് സ്ക്വാഡിലെ അംഗങ്ങൾ പെട്ടിയുടെ വശം പൊളിച്ചു. ആദ്യം കണ്ടത് മദ്യക്കുപ്പിയായിരുന്നു. പിന്നെ മരുന്ന് കുപ്പികളും അടിവസ്ത്രവും കിട്ടി. അവസാനം ഒരു മൊബൈൽ ചാ൪ജറും. പൊലീസുകാരുടെ മുഖത്ത് ചിരിപട൪ന്നു. നാട്ടുകാരും പൊട്ടിച്ചിരിച്ചു. ചില൪ മൊബൈലിൽ രംഗങ്ങൾ പക൪ത്തി. ഉദ്വേഗജനകമായ നിമിഷങ്ങൾ അവസാനിച്ചതിൻെറ സന്തോഷം പോലീസ് ഉദ്യോഗസ്ഥരും മറച്ചുവെച്ചില്ല. സ്യൂട്ട്കേസ് വിശദമായി പരിശോധിച്ചപ്പോൾ ഒരു പാൻകാ൪ഡും കിട്ടി. ഉടമ പട്ടാളക്കാരൻ. ഡെറാഡൂണിലെ ഹവിൽദാ൪ ജഗദീഷ് മാധവൻ തമ്പി. പിന്നെ ഇയാളെതിരക്കിയായി പോലീസിൻെറ അന്വേഷണം. രാത്രിവൈകിയും ഉടമയെ കണ്ടെത്തിയിട്ടില്ല. പട്ടാളക്കാരൻെറ പെട്ടി ആരെങ്കിലും അടിച്ചുമാറ്റി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ കെ.എസ്.സുരേഷ്കുമാ൪ തമ്പാനൂ൪ സി.ഐ ഷീൻതറയിൽ എന്നിവരുടെ നേതൃത്വത്തിൽ വൻപോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story