വൈകല്യത്തിന് കീഴടങ്ങാതെ സത്യന്‍െറ ജീവിതയാത്ര
text_fieldsകുണ്ടറ: വൈകല്യവും ഭാര്യയുടെ കടുത്തരോഗവും സാമ്പത്തിക പരാധീനതകളും ജീവിതത്തിൽ പ്രതിബന്ധങ്ങൾ തീ൪ക്കുമ്പോഴും കീഴടങ്ങാൻ സത്യൻ തയാറല്ല. ചന്ദനത്തോപ്പ്, കൊറ്റങ്കര, പുത്തൻപുരവീട്ടിൽ എസ്. സത്യൻ (44) വൈകല്യം അവഗണിച്ച് സമൂഹത്തിന് മാതൃകയാകുകയാണ്.
ലോറിയിൽ മണ്ണ് കയറ്റൽ തൊഴിലാളിയായിരുന്ന സത്യന് ജോലിക്കിടെയാണ് വലതുകാൽ തുടക്ക് മുകളിൽ വെച്ച് നഷ്ടമായത്. 1986 ഏപ്രിൽ 26 ന് മാമ്പുഴയിൽ ലോറിയിൽ മണ്ണ്കയറ്റുമ്പോൾ പിന്നിലേക്ക് വന്ന ലോറിക്കും, മൺതിട്ടക്കും ഇടയിൽപ്പെട്ട് വലതുകാൽ ഒടിയുകയായിരുന്നു. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി വലതുകാൽ പൂ൪ണമായി നീക്കി. അപകടം കഴിഞ്ഞ് ഒന്നരവ൪ഷത്തിന് ശേഷം വീട്ടിൽ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടം ആരംഭിച്ചു. കാൽ നൂറ്റാണ്ടോളം കുരുന്നുകൾക്ക് ആദ്യക്ഷരങ്ങൾ പക൪ന്ന് നൽകി.
ഇതിനിടെ ഇൻഷുറൻസ് കിട്ടിയ തുക ഉപയോഗിച്ച് സഹോദരിമാരുടെ വിവാഹം നടത്തി. 12 വ൪ഷമായി ഭാര്യ ശ്യാമള വൃക്കസംബന്ധ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. മകൻ അമൽ (13), മകൾ അമിത (12), പിതാവ് ശങ്കരൻ, മാതാവ് നന്ദിനി എന്നിവ൪ ഉൾപ്പെടുന്ന കുടുംബത്തിൻെറ മുഴുവൻ ബാധ്യതയും ചുമലിലായപ്പോൾ കുടിപ്പള്ളിക്കൂടം കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയായി.
സഹോദരിമാരുടെ സഹായത്തോടെ തൻെറ സ്വന്തം സൈക്കിളിൽ ചെറിയ വ്യാപാരം ആരംഭിക്കുകയായിരുന്നു. പ്രതിദിനം 25-30 കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയാണ് കച്ചവടം. കുട്ടികളെയും ഭാര്യയെയും എവിടെയെങ്കിലും കൊണ്ടുപോകുന്നതും സത്യൻ സ്വന്തം സൈക്കിളിൽ തന്നെ.
വൈകല്യത്തിൻെറ പേരിൽ ആരുടെ മുന്നിലും തലകുനിക്കാനില്ലെന്നും ആരോഗ്യം അനുവദിക്കുവോളം അധ്വാനിച്ച് കുടുംബം പുല൪ത്തുമെന്നും സത്യൻ പറയുമ്പോൾ അത് സമൂഹത്തിന് മാതൃകയാകുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.