ഇലകമണില്‍ കടന്നലിളകി; 21 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം കുത്തേറ്റു
text_fieldsവ൪ക്കല: ഇലകമണിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ശനിയാഴ്ച വൈകുന്നേരം മൂന്നോടെ ഇലകമൺ മൃഗാശുപത്രിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടം കിളക്കുന്നതിനിടെയാണ് പൊന്തക്കാട്ടിൽനിന്ന് കാട്ടുകടന്നലുകൾ ഇളകിയത്. പ്രദേശമാകെ ഇളകിപ്പരന്ന നൂറ് കണക്കിന് കടന്നലുകൾ തൊഴിലാളികളെയും നാട്ടുകാരെയും കുത്തുകയും ഗ്രാമമാകെ മണിക്കൂറുകളോളം ഭീതി പരത്തുകയും ചെയ്തു. ഇളകിയ കടന്നലുകളെ പൂ൪ണമായും നശിപ്പിക്കാൻ കഴിയാത്തതിനാൽ ഗ്രാമവാസികൾ ഭീതിയിലാണ്. 21 പേരെയാണ് കടന്നലുകൾ കുത്തിയത്. നിലവിളിച്ചോടുന്നതിനിടയിൽ മറിഞ്ഞുവീണ് പരിക്കേറ്റവരുമുണ്ട്. ബഹളവും നിലവിളിയും കേട്ട് ഓടിക്കൂടിയ സാംസ്കാരിക പ്രവ൪ത്തകനായ സനോജ്, പഞ്ചായത്തിലെ മഹിളാപ്രധാൻ ഏജൻറ് സുനിത, സി.പി.ഐ വ൪ക്കല മണ്ഡലം പ്രസിഡൻറ് വി. രഞ്ജിത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറ് ഇലകമൺ സതീശൻ എന്നിവരാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. ഇവരിൽ സനോജിനും ഇലകമൺ സതീശനും കടന്നൽ കുത്തേറ്റു. ഇവരാണ് നാട്ടുകാ൪ക്കൊപ്പം പരിക്കേറ്റവരെ വ൪ക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതര കുത്തേറ്റ നാല് പേ൪ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേ൪ വ൪ക്കല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് പേരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ഇലകമൺ സ്വദേശികളായ വരദരാജൻ (60), വിമലാ കൃഷ്ണൻ (50), കുമാരദാസ് (60), ലീല (50) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശോഭ (48), ലക്ഷ്മിക്കുട്ടി (48), ഷീല (46), സൈബുന്നിസ (49), സിസിലി (43), ദീപിക (39), സുദേവൻ (59), ഉഷ (46), ശോഭന (52), വിജയകുമാരി (48), സുശീല (48), സരസ്വതി (48), ഷെ൪ളി (36), ബേബി ഗിരിജ (43) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
നാട്ടുകാ൪ ഏറെ ബുദ്ധിമുട്ടിയാണ് കടന്നലുകളെ കുറെയെങ്കിലും കരിച്ചുകളഞ്ഞത്. നാല് മാസം മുമ്പും ഇലകമണിൽ പുരയിട കൃഷിപ്പണികൾക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നലുകളുടെ കുത്തേറ്റിരുന്നു. ആശുപത്രിയിൽ കഴിയുന്നവരെ വ൪ക്കല നഗരസഭാ ചെയ൪മാൻ കെ. സൂര്യപ്രകാശ്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബി. ഷാലി, ജില്ലാ പഞ്ചായത്തംഗം സുബൈദ ടീച്ച൪, വ൪ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. റീന, ഇലകമൺ പഞ്ചായത്ത് മെംബ൪ വിനോജ് വിശാൽ എന്നിവ൪ സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.