ചന്ദന മര മോഷണം; നാലുപേര്‍ പിടിയില്‍
text_fieldsവണ്ടിപ്പെരിയാ൪: ചന്ദന മരങ്ങൾ മോഷണം നടത്തുന്നതിൽ വിദഗ്ധരായ തമിഴ്നാട്ടിലെ ഇരുപതംഗ സംഘത്തിലെ പ്രധാനികളായ നാലുപേരെ വണ്ടിപ്പെരിയാ൪ പൊലീസ് പിടികൂടി.
മ്ളാമല നാലുകണ്ടം കരുമാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ടുമാസം മുമ്പ് വണ്ടിപ്പെരിയാ൪ പൊലീസ് സ്റ്റേഷൻ വളപ്പിലെ എസ്.ഐ ക്വാ൪ട്ടേഴ്സിൻെറ മുൻവശത്ത് നിന്ന് ആറ് ചന്ദന മരങ്ങളും 2004 ൽ വണ്ടിപ്പെരിയാ൪ എക്സൈസ് ഓഫിസ് വളപ്പിൽ നിന്ന് ഒരു ചന്ദന മരവും ഈ സംഘമാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മ്ളാമലയിൽ നിന്ന് മുറിച്ചുകടത്തിയ 30 കിലോയോളം വരുന്ന ചന്ദന മരക്കഷണവും ചെറിയ വാളും പൊലീസ് ഇവരിൽ നിന്ന് പിടികൂടി.
തമിഴ്നാട് ഗൂഡല്ലൂ൪ കെ.ജി. പെട്ടി സ്വദേശി സേവകൻ (36), കെ.ജി. പെട്ടി തെരുവിൽ കുമരേശൻ (21), ഗൂഡല്ലൂ൪ സ്വദേശി അറിവഴകൻ (30),വണ്ടിപ്പെരിയാ൪ മ്ളാമല സ്വദേശി സെൽവം (24) എന്നിവരാണ് പിടിയിലായത്. രണ്ട് മണിക്ക് വണ്ടിപ്പെരിയാ൪ ടൗണിലെത്തിയ നാലംഗ സംഘം 4.15 ന് കെ.എസ്.ആ൪.ടി.സി ബസിൽ കയറിയാണ് മ്ളാമല നാലുകണ്ടത്ത് എത്തിയത്. മ്ളാമല സ്വദേശി സെൽവവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രിയിൽ ക്ഷേത്ര വളപ്പിലെ മരം മുറിക്കാൻ പദ്ധതിയിട്ടു. രാത്രി രണ്ടിന് സ്ഥലത്തെത്തിയ സംഘം ചെറിയ വാൾ ഉപയോഗിച്ച് മരംമുറിച്ച് മാറ്റിയശേഷം സമീപത്തെ പൊതു ശ്മശാനത്തിലെത്തിച്ച ശേഷം ചെറിയ മൂന്ന് കഷണങ്ങളാക്കി മുറിച്ച് ബിഗ് ഷോപ്പറിലാക്കി മൂന്ന് വഴികളായി പിരിഞ്ഞു.
കെ. ചപ്പാത്തിലെ രാത്രി ഭക്ഷണ ശാലയിൽ എത്തിയ രണ്ട് അപരിചിതരെക്കുറിച്ച് കടയുടമ പൊലീസിന് നൽകിയ വിവരത്തെ തുട൪ന്ന് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മ്ളാമല മരുതുംമൂട് പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പുല൪ച്ചെ കണ്ട മറ്റ് രണ്ടുപേരെ പ്രദേശവാസികൾ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
മാസങ്ങളായി മ്ളാമല നാലുകണ്ടം പ്രദേശത്ത് മോഷണം വ്യാപകമായതിനെ തുട൪ന്ന് പ്രദേശവാസികൾ രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്നു. കുമളി സി.ഐ പി.എസ്. രാകേഷ്, വണ്ടിപ്പെരിയാ൪ എസ്.ഐ പി.പി. ഷാജി, എ.എസ്.ഐ വിജയകുമാ൪, സീനിയ൪ സി.പി.ഒമാരായ ജമാൽ, പ്രദീപ് ജോസ്, രാജേഷ്, സി.പി.ഒമാരായ സിയാദ്, രഞ്ജിത്, ജയ്മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.