‘മാധ്യമം’ ലേഖകനെ ഗുണ്ടാസംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി വധിക്കാന്‍ ശ്രമിച്ചു
text_fieldsകാസ൪കോട്: ‘മാധ്യമം’ മഞ്ചേശ്വരം ലേഖകൻ അനീസ് ഉപ്പളയെ (26)ഗുണ്ടാസംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വധിക്കാൻ ശ്രമിച്ചു. കത്തിക്കുത്തേറ്റ അനീസിനെ മഞ്ചേശ്വരം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.
ഉപ്പള മണ്ണംകുഴിയിലെ അനീസിൻെറ വീട്ടിലെത്തിയ 15ഓളം വരുന്ന ഗുണ്ടാസംഘമാണ് ‘മഞ്ചേശ്വരം എസ്.ഐക്ക് ഗുണ്ടാസംഘത്തിൻെറ ഭീഷണി’ എന്ന വാ൪ത്ത കൊടുത്തത് നീയാണോ എന്ന് ചോദിച്ച് ആക്രമിച്ചത്്. വാ൪ത്ത നൽകിയത് താനാണെന്ന് പറഞ്ഞതോടെ ഗുണ്ടാസംഘം മ൪ദനം തുടങ്ങി. കന്നട പത്രങ്ങളിൽ വാ൪ത്ത നൽകിയത് ആരാണ് എന്ന ചോദ്യത്തിന് അറിയില്ലെന്ന് അനീസ് മറുപടി പറഞ്ഞു. ഇതോടെ കൂട്ടത്തിലൊരാൾ കത്തിയെടുത്ത് വീശി. തടുത്തതിനാൽ ഇടതുകൈത്തണ്ടക്ക് സാരമായ കുത്തേറ്റു. ‘കൊല്ലെടാ അവനെ എന്ന് കന്നട കല൪ന്ന മലയാളത്തിൽ അക്രമികൾ അലറി. അനീസിൻെറ മാതാപിതാക്കൾ കണ്ണീരോടെ അക്രമികളുടെ കാലു പിടിച്ചതിനാലാണ് വധശ്രമത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത്. ഗുണ്ടകളുടെ മ൪ദനത്തിലും ചവിട്ടിലും പരിക്കേറ്റ അനീസ് അപ്പോഴേക്കും കുഴഞ്ഞുവീണിരുന്നു.
ഉപ്പള ഹിദായത്ത്നഗറിലെ കസായി ശെരീഫ്, നൂറ് അലി, അഫ്സൽ, കബീ൪, ബപ്പായതൊട്ടിയിലെ ഫാറൂഖ് എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് അനീസ് പൊലീസിന് മൊഴി നൽകി. ഹിദായത്ത് നഗറിലെ ക്രിമിനൽ സംഘത്തിലുൾപ്പെട്ടവരാണിവ൪.
മണൽ കടത്ത്, സദാചാര പൊലീസ് ചമഞ്ഞ് പണപ്പിരിവ്, ഹഫ്ത പിരിവ്, മഡ്ക്ക, കഞ്ചാവ് ലോബിയെ സഹായിക്കൽ, ക൪ണാടക അതി൪ത്തി പ്രദേശങ്ങളിൽ ക്വട്ടേഷൻ പണികൾ ഏറ്റെടുക്കൽ, വ്യാജ പാസ്പോ൪ട്ട് എന്നിങ്ങനെ എല്ലാവിധ മാഫിയാ പ്രവ൪ത്തനങ്ങളും നടത്തുന്ന സംഘമാണിത്. സംഘത്തിലെ നാല് പേ൪ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടതാണ്. കസായി ശെരീഫും നൂറ് അലിയുമടക്കം അഞ്ചു പേരെ ഗുണ്ടാലിസ്റ്റിൽ പെടുത്തണമെന്നുള്ള പൊലീസിൻെറ റിപ്പോ൪ട്ട് കാസ൪കോട് കലക്ടറേറ്റിലുണ്ട്. ഹിദായത്ത്നഗ൪ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബ്ബ് എന്ന ക്ളബിൻെറ മറവിൽ പ്രവ൪ത്തിക്കുന്ന ചിലരും ഗുണ്ടാസംഘത്തിലുണ്ട്. മഞ്ചേശ്വരം, കുമ്പള, കരിപ്പൂ൪, ക൪ണാടകയിലെ വിവിധ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിചേ൪ക്കപ്പെട്ടവരാണ് അനീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ഡിസംബ൪ ഒന്നിനാണ് ‘മഞ്ചേശ്വരം എസ്.ഐക്ക് ഗുണ്ടാസംഘത്തിൻെറ ഭീഷണി’ എന്ന വാ൪ത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. ഗുണ്ടാസംഘത്തിനെതിരെ മഞ്ചേശ്വരത്ത് പുതുതായി ചാ൪ജെടുത്ത എസ്.ഐ എം. ബിജുലാൽ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഗുണ്ടാസംഘത്തിൻെറ ഭീഷണി ഉണ്ടെന്നായിരുന്നു വാ൪ത്ത. ഇക്കാര്യം സ്പെഷൽ ബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വാ൪ത്ത പ്രസിദ്ധീകരിച്ചശേഷം കന്നട പത്രങ്ങളും ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തു. ഇതോടെയാണ് ഗുണ്ടാസംഘം വധശ്രമവുമായി രംഗത്തെത്തിയത്.
അനീസിനെ ആക്രമിച്ച സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് മന$പൂ൪വമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്തു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ഉറപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.