ശ്രീധരനും ഡി.എം.ആര്‍.സിയും പരിധിക്കു പുറത്ത്
text_fieldsന്യൂദൽഹി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവാദം തുറന്ന പോരിലേക്ക്. മെട്രോ റെയിൽ നി൪മാണം ഡി.എം.ആ൪.സി തന്നെ നടത്തുമെന്നോ ഇ. ശ്രീധരന് നി൪മാണത്തിൻെറയും തീരുമാനങ്ങളുടെയും പൂ൪ണ ചുമതല നൽകുമെന്നോ പറയാൻ കഴിയില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി.
ദൽഹിയിലെ നി൪മാണ പ്രവ൪ത്തനങ്ങൾ മന്ദഗതിയിലാക്കി കൊച്ചി മെട്രോ നി൪മാണം ഏറ്റെടുക്കാൻ ഡി.എം.ആ൪.സിക്ക് പറ്റില്ലെന്ന് നഗരവികസന സെക്രട്ടറി സുധീ൪കൃഷ്ണ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഇ. ശ്രീധരന് ചുമതല നൽകുന്നതിന് നഗരവികസന മന്ത്രാലയമോ, ദൽഹി മെട്രോ ബോ൪ഡോ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നഗരവികസന മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരാണ് കൊച്ചി മെട്രോ കാര്യങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നതെന്ന ഇ. ശ്രീധരൻെറ പ്രസ്താവനക്ക് പിന്നാലെയാണ്, വിവാദം തുറന്ന പോരിലേക്ക് എത്തിച്ച് നഗരവികസന സെക്രട്ടറി അതേ നാണയത്തിൽ മറുപടി നൽകിയത്. ‘ദൽഹി മെട്രോയുടെ പരിമിതികളെക്കുറിച്ച് നഗരവികസന മന്ത്രി കമൽനാഥ്തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ആദരിക്കുന്നയാളാണ് ശ്രീധരൻ.
എന്നാൽ, ശ്രീധരന് ചുമതല നൽകുന്ന കാര്യത്തിൽ ഡി.എം.ആ൪.സിയിൽ ഉണ്ടായ തീരുമാനം മന്ത്രാലയം അംഗീകരിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
നി൪മാണത്തിൻെറ മേൽനോട്ടം ആരെന്നോ, നി൪മാണം ആരെന്നോ നോക്കാതെതന്നെ കൊച്ചിയിൽ മെച്ചപ്പെട്ട മെട്രോ റെയിൽ സൗകര്യമുണ്ടാക്കാനാണ് നഗരവികസന മന്ത്രാലയത്തിൻെറ ശ്രമം. കൊച്ചി മെട്രോ നി൪മാണം ഏറ്റെടുക്കുന്നതിൻെറ പേരിൽ ദൽഹി മെട്രോ നി൪മാണത്തിന് തടസ്സമുണ്ടാകരുത്. ദൽഹി മെട്രോ നി൪മാണമാണ് ഡി.എം.ആ൪.സിക്ക് പ്രധാനം. ഡി.എം.ആ൪.സി നി൪മാണച്ചുമതല ഏറ്റെടുക്കുന്നുവെങ്കിൽ നല്ലത്. അല്ലെങ്കിൽ മറ്റു സാധ്യതകൾ തേടും. പൂ൪ണമായും ഡി.എം.ആ൪.സിക്ക് നി൪മാണം നടത്താൻ കഴിയാത്തതാണ് സാഹചര്യമെങ്കിൽ മറ്റുള്ളവരെ ഏൽപിക്കും. ഇതുസംബന്ധിച്ച കാര്യങ്ങളിൽ സങ്കീ൪ണതകൾ നിലനിൽക്കുകയാണ്.
കൊച്ചി മെട്രോയുടെ വിശദ പദ്ധതി റിപ്പോ൪ട്ട് പരിശോധിക്കുകയും നിരവധി മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്. സ്റ്റേഷൻെറ കാര്യങ്ങൾ, ലൈനിൻെറ ദിശ തുടങ്ങി പലതും പുനരാലോചനക്ക് വിധേയമാക്കുന്നുണ്ട്. ഈ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കാൻ സമയം വേണം. അതിനനുസൃതമായി കാര്യങ്ങൾ മുന്നോട്ടു പോകും. കൊച്ചി മെട്രോ യാഥാ൪ഥ്യമാക്കാനാണ് മന്ത്രാലയത്തിൻെറ പൂ൪ണശ്രമമെന്നും സുധീ൪കൃഷ്ണ വിശദീകരിച്ചു.
കൊച്ചി മെട്രോ നി൪മാണമടക്കം മുഖ്യചുമതലകൾ നി൪വഹിക്കാമെന്നേറ്റ് ഡി.എം.ആ൪.സി നൽകിയ റിപ്പോ൪ട്ട് നഗരവികസന മന്ത്രാലയം തിരിച്ചയച്ചുവെന്ന വാ൪ത്തകൾ സുധീ൪കൃഷ്ണ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തില്ല. പദ്ധതിയിൽനി൪ണായക ചുമതലയെന്ന വ്യവസ്ഥ ഒഴിവാക്കി റിപ്പോ൪ട്ട് തിരുത്തി നൽകണമെന്ന് മന്ത്രാലയം നി൪ദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഫയലുകൾ അങ്ങോട്ടുമിങ്ങോട്ടും അയക്കുന്നത് പതിവാണെന്നായിരുന്നു മറുപടി.
മെട്രോ പദ്ധതികൾ ഏതുവിധത്തിൽ നടപ്പാക്കണമെന്ന തീരുമാനം സംസ്ഥാനങ്ങളുടെ നിലപാടിനെ ആശ്രയിച്ചാണെന്ന് സുധീ൪കൃഷ്ണ വിശദീകരിച്ചു. സംയുക്ത സംരംഭം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെയുള്ള പല മാതൃകകളിൽനിന്ന് സംസ്ഥാനങ്ങൾക്ക് പറ്റിയത് സ്വീകരിക്കാം. ദൽഹി മെട്രോക്ക് ഏറ്റെടുക്കാൻ കഴിയുന്ന പ്രവ൪ത്തനങ്ങൾക്ക് പരിധിയുണ്ടെന്നിരിക്കേ, സംസ്ഥാനങ്ങൾ സാങ്കേതിക ശേഷി കൈവരിക്കേണ്ടത് പ്രധാനമാണ്. ഇതിന് സംസ്ഥാനങ്ങളെ നഗരവികസന മന്ത്രാലയം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.