ജില്ലാ കൗമാര കലാമേളക്ക് വ്യാഴാഴ്ച തിരശ്ശീല
text_fieldsവണ്ടൂ൪: ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായ 25ാമത് ജില്ലാ കൗമാര കലാമേളക്ക് തിരശ്ശീല വീഴാനിരിക്കെ ജനപ്രിയ ഇനങ്ങളാൽ വ്യാഴാഴ്ച വേദികൾ സജീമാവും.
കോൽക്കളി മത്സരമാണ് വേദി ഒന്നിൽ വ്യാഴാഴ്ച നടക്കുക. ഇഞ്ചോടിഞ്ച് മത്സരത്താൽ മുൻ വ൪ഷങ്ങളിൽ ശ്രദ്ധേയമായ കോൽക്കളിയിൽ ആധിപത്യത്തിനായി നല്ല മെയ്യൊരുക്കത്തോടെയാണ് എടരിക്കോടടക്കമുള്ള ടീമുകൾ ഇറങ്ങുക.
മാസങ്ങളായുള്ള പരിശീലനവും തയാറെടുപ്പുമായാണ് കോൽക്കളി സംഘങ്ങൾ വേദിയിലെത്തുന്നത്. ഹൈസ്കൂൾ, ഹയ൪സെക്കൻഡറി സംഘ നൃത്തവും തിരുവാതിരയും ഹയ൪സെക്കൻഡറി ഒപ്പനയുമടക്കം പ്രേക്ഷകരെ ഏറെ ആക൪ഷിക്കുന്ന മത്സരഇനങ്ങളും ഇന്നാണ് അരങ്ങേറുന്നത്.
ഉരുകിയൊലിക്കുന്ന പകൽ ചൂടിനു ശേഷം വൈകുന്നേരത്തോടെയാണ് പന്തലുകളിൽ സ്ത്രീകളടക്കം കാഴ്ചക്കാരായി എത്തുന്നത്. മേളയുടെ കൊടിയിറക്കനാൾ തിരക്ക് പാരമ്യതയിലെത്തും. ബുധനാഴ്ച നടന്ന മോഹിനിയാട്ടം, യു.പി. വിഭാഗം നാടോടിനൃത്തം, സംഘ നൃത്തം മത്സരങ്ങൾക്ക് രാത്രി വൈകിയും വമ്പിച്ച പ്രേക്ഷക സാന്നിധ്യമുണ്ടായിരുന്നു. കോടതി വഴി എത്തിയ ആറ് പരാതികളടക്കം 19 അപ്പീലുകളാണ് ബുധനാഴ്ച വന്നത്. ജില്ലാ കലോത്സവത്തെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളുണ്ടോ എന്ന ആശങ്കക്കിടയിലും പരിമിതികളെ കവച്ചുവെച്ചാണ് മേളയ്ക്ക് വണ്ടൂ൪ ആതിഥ്യമരുളിയത്. മുൻ വ൪ഷങ്ങളേക്കാൾ 13 മത്സര ഇനങ്ങൾ കൂടിയിട്ടും 16 വേദികളിൽ നാലു ദിവസം കൊണ്ട് തീ൪ക്കാവുന്ന വിധം ക്രമപ്പെടുത്തിയാണ് ബുദ്ധിമുട്ടൊഴിവാക്കിയത്.
മുന്നിൽ വേങ്ങരയും
മലപ്പുറവും തന്നെ
വണ്ടൂ൪: റവന്യു ജില്ലാ കലോത്സവം കൊടിയിറങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഹൈസ്കൂൾ വിഭാഗത്തിൽ വേങ്ങര ഉപജില്ല 217 പോയൻറുമായി മുന്നേറുന്നു. 200 പോയൻറുമായി മലപ്പുറവും 177 പോയൻറുമായി വണ്ടൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹയ൪സെക്കൻഡറിയിൽ 205 പോയൻറുമായി മലപ്പുറമാണ് മുമ്പിൽ. 200 പോയൻറുമായി വേങ്ങരയും 191 പോയൻറുമായി എടപ്പാളും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തിൽ 73 പോയൻറുമായി മഞ്ചേരി ഉപജില്ലയാണ് മുമ്പിൽ. 72 പോയൻറുമായി വേങ്ങര തൊട്ടുപിന്നിലുണ്ട്. 66 പോയൻറുമായി തിരൂ൪ ഉപജില്ലയാണ് മൂന്നാമത്. മേള വ്യാഴാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.