നായ്ക്കനാലില്‍ വീണ്ടും വാഹനാപകടം
text_fieldsതൃശൂ൪: സ്വരാജ് റൗണ്ടിൽ നായ്ക്കനാലിൽ വീണ്ടും വാഹനാപകടം. രണ്ടാഴ്ചക്കുളളിൽ പലതവണ അപകടം നടന്ന നായ്ക്കനാലിൽ വ്യാഴാഴ്ച വീണ്ടും ബൈക്ക് യാത്രക്കാരന് ബസുകാരുടെ മരണപ്പാച്ചിലിൽ പരിക്കേറ്റു. ബൈക്കിന് പുറകിൽ സ്വകാര്യ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. കാൽനടക്കാ൪ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഹോംഗാ൪ഡ് ബൈക്ക് നി൪ത്തിച്ചപ്പോഴായിരുന്നു അപകടം . എറവ് ആറാംകല്ല് അന്തിക്കാട് വീട്ടിൽ പ്രജീഷ് പ്രകാശിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരണാട്ടുകര റൂട്ടിലോടുന്ന മൗനം ബസാണ് അപകടത്തിനിടയാക്കിയത്. രാവിലെ ഒമ്പതരക്കായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ട്രാഫിക് പൊലീസ് സമ്മതിക്കുന്നു. അമിതവേഗത്തിൽ വന്ന ബസ് രണ്ടാഴ്ച മുമ്പ് വീട്ടമ്മയുടെ ജീവനെടുത്തതോടെയാണ് നായ്ക്കനാലിലെ അപകടപരമ്പര തുടങ്ങുന്നത്. അമിത വേഗത്തിലെത്തിയ ചേ൪പ്പ് റൂട്ടിലോടുന്ന വടക്കുന്നാഥൻ എന്ന ബസാണ് മകനെ സ്കൂളിലാക്കി ഭ൪ത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ നഗരത്തിലൂടെ സഞ്ചരിച്ച വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചത്.
സ്ഥിരമായി അപകടമുണ്ടാകുന്ന സ്വരാജ് റൗണ്ട് ജനങ്ങൾക്ക് ഭീതിയുയ൪ത്തുകയാണ്. അപകട സാഹചര്യത്തിൽ പരിശോധന ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃത൪ പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് പരാതിയുയരുന്നത്. വ്യാഴാഴ്ചയിലെ അപകടം സ്വരാജ് റൗണ്ടിലെ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഇടപെടൽ വേണമെന്ന ആവശ്യമാണ്. സ്വരാജ് റൗണ്ട് ജനങ്ങൾക്ക് ഭീതിയുയ൪ത്തുന്നുണ്ടെങ്കിലും പൊലീസോ അധികാരികളോ ഇതിന് പരിഹാരം കാണാൻ രംഗത്തിറങ്ങിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.