Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപെണ്‍പോരാളി

പെണ്‍പോരാളി

text_fields
bookmark_border
പെണ്‍പോരാളി
cancel

വിജയിച്ചവരുടേതു മാത്രമല്ല ചരിത്രം; പരാജയപ്പെട്ടവരുടേതു കൂടിയാണ്. പരാജിതരെ നാമോ൪ക്കുന്നത് അവ൪ പോരാട്ടത്തിൻെറ പ്രതീകങ്ങളാവുമ്പോഴാണ്. അംഗബലംകൊണ്ടും ആയുധബലംകൊണ്ടും പ്രബലരായ ദുഷ്ടശക്തികളോടു പൊരുതുമ്പോൾ സമരത്തിൻെറ നീതിയുടെ പേരിൽ അവരെന്നും ഓ൪ക്കപ്പെടും. തെരഞ്ഞെടുപ്പുവിജയം കനിഞ്ഞാലുമില്ലെങ്കിലും ശ്വേത ഭട്ട് ഇന്ത്യാ ചരിത്രത്തിൽ ഓ൪മിക്കപ്പെടുന്നത് പ്രതീകാത്മകമായ ഒരു ജനാധിപത്യ പോരാട്ടത്തിൻെറ പേരിലായിരിക്കും. കക്ഷിരാഷ്ട്രീയത്തിനപ്പുറം ചില ലിംഗരാഷ്ട്രീയമാനങ്ങളുമുണ്ട് ശ്വേതയുടെ സ്ഥാനാ൪ഥിത്വത്തിന്. ശത്രു നിസ്സാരനല്ല. നരേന്ദ്ര മോഡി എന്ന എതി൪സ്ഥാനാ൪ഥി ശ്വേത ഭട്ടിന് വെറുമൊരു രാഷ്ട്രീയശത്രുവുമല്ല. മാനവികതയുടെ ശത്രുവിനെ എതി൪ത്തുതോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയ 48 കാരിയായ പെൺപോരാളി സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൻെറ വ൪ത്തമാനത്തിൽ വേറിട്ട ഒരു മാതൃകയാണ്.
വിസിൽ ബ്ളോവ൪, സൂപ്പ൪ കോപ് എന്നൊക്കെ മാധ്യമങ്ങൾ വിശേഷിപ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻെറ ഭാര്യയാണ്. അഴിമതിയും ഭരണതലത്തിലെ തെറ്റുകുറ്റങ്ങളും പൊതുജനമധ്യത്തിൽ വെളിപ്പെടുത്തുന്നയാളാണ് വിസിൽ ബ്ളോവ൪. സുപ്രീംകോടതിയിൽ മോഡിക്കെതിരെ സത്യവാങ്മൂലം സമ൪പ്പിക്കാൻ ധൈര്യംകാട്ടിയ സഞ്ജീവ് ഭട്ട് ഇപ്പോൾ സസ്പെൻഷനിലാണ്. കഴിഞ്ഞ വ൪ഷം സഞ്ജീവ് ഭട്ട് അറസ്റ്റുചെയ്യപ്പെട്ടപ്പോൾ അതിനെതിരായ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തിറങ്ങിയ പെൺപുലിയാണ് ശ്വേത. മനസ്സാക്ഷിയും ആത്മാഭിമാനവും ഉറപ്പുള്ള നട്ടെല്ലുമുള്ളവ൪ കുറവാണ് ഗുജറാത്തിൽ. അതൊക്കെയുള്ള ആയിരത്തിലൊരുവനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുടെ വാസ്തവം കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘത്തിൻെറ പ്രവ൪ത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ച ആൾ. 19 പേജുള്ള സത്യവാങ്മൂലമാണ് ഭട്ട് സുപ്രീംകോടതിയിൽ സമ൪പ്പിച്ചത്. വംശഹത്യയിൽ സ൪ക്കാ൪ സംവിധാനത്തെ മോഡി ദുരുപയോഗം ചെയ്തു എന്നായിരുന്നു ഭട്ടിൻെറ പക്ഷം. കലാപത്തെക്കുറിച്ചുള്ള പ്രത്യേകാന്വേഷണസംഘത്തിൻെറ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ സംസ്ഥാന സ൪ക്കാറിലെ ഉന്നത നിയമ ഉദ്യോഗസ്ഥന് ചോ൪ത്തിക്കൊടുത്തു എന്നും ഭട്ട് മൊഴികൊടുത്തു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ തുഷാ൪ മത്തേക്കാണ് അന്വേഷണവിവരങ്ങൾ ചോ൪ത്തി നൽകിയത്. ഒരു വിഭാഗം ജനങ്ങൾ കലാപത്തിനിടെ സഹായത്തിനായി കേഴുമ്പോൾ ആ വിളികളെ അവഗണിക്കാൻ മോഡി സംസ്ഥാന പൊലീസിന് നി൪ദേശം നൽകിയെന്നും ഭട്ട് തുറന്നടിച്ചു. ‘ഹിന്ദുക്കൾ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, മുസ്ലിംകൾ ഒരു പാഠം പഠിക്കട്ടെ’ എന്നാണ് മോഡി പൊലീസുകാരോട് പറഞ്ഞത്. തുഷാ൪ മത്തേയുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ള ഇ-മെയിലിൽ പ്രത്യേകാന്വേഷണസംഘത്തിൽനിന്നുള്ള ഇ-മെയിലുകൾ താൻ കണ്ടിട്ടുണ്ടെന്ന് ഭട്ട് കോടതിയെ ബോധിപ്പിച്ചു. കമ്പ്യൂട്ട൪ ഹാക്കിങ്ങിലൂടെ തൻെറ സ്വകാര്യ ഇ-മെയിൽ അക്കൗണ്ട് തുറന്ന ഭട്ടിനെതിരെ തുഷാ൪ മത്തേ സംസ്ഥാന സൈബ൪ സെല്ലിനെ സമീപിക്കുകയും ചെയ്തു. കോൺഗ്രസിൻെറ എം.പി ഇഹ്സാൻ ജാഫ്രിയുടെ ജീവൻ അപകടത്തിലാണെന്ന് മുഖ്യമന്ത്രിക്ക് നേരത്തേതന്നെ സൂചനകൊടുത്തിട്ടും പൊലീസിൻെറ നിഷ്ക്രിയത മാറ്റിയെടുക്കാനോ ആവശ്യമായ നടപടിയെടുക്കാനോ മോഡി തയാറായില്ലെന്ന് നാനാവതി കമീഷനു മുന്നിൽ ഭട്ട് മൊഴി നൽകിയിരുന്നു. തിരുവാക്ക് എതി൪വായില്ലാതെ പുല൪ന്നുപോരുന്ന ഗുജറാത്തിൽ ആ മൊഴി പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. അതോടെ മോഡി പ്രതികാരനടപടികൾ തുടങ്ങി. ആദ്യം വന്നത് സസ്പെൻഷൻ. പിന്നെ അറസ്റ്റ്. വീട് റെയ്ഡു ചെയ്യുകപോലും ചെയ്തു. മോഡിക്കെതിരെ ഭട്ട് നൽകിയ സത്യവാങ്മൂലത്തെ പിന്തുണക്കുന്ന രൂപത്തിൽ തെറ്റായ മൊഴി നൽകാൻ അദ്ദേഹത്തിൻെറ കീഴിൽ ഇൻറലിജൻസ് ബ്യൂറോയിൽ ജോലിചെയ്തിരുന്ന കോൺസ്റ്റബ്ൾ കെ.ഡി. പന്ഥിനെ നി൪ബന്ധിച്ചു എന്ന പരാതിയാണ് അറസ്റ്റിനു കാരണം. അതും മോഡിയുടെ പ്രതികാരബുദ്ധിയാവാം. ഭ൪ത്താവിൻെറ ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് ഗുജറാത്ത് ഡി.ജി.പി ചിത്തരഞ്ജൻ സിങ്ങിന് ശ്വേത കത്തെഴുതി. ഭ൪ത്താവിനെ രാത്രിയിൽ ചോദ്യം ചെയ്യരുതെന്നും എന്തുകൊണ്ട് അദ്ദേഹത്തെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയെന്ന് തനിക്ക് അറിയണമെന്നും കത്തിൽ ശ്വേത ആവശ്യപ്പെട്ടു. കൊലക്കുറ്റം ചെയ്തവ൪ക്കുപോലും അനുവദിക്കുന്ന ആനുകൂല്യങ്ങൾ ഭട്ടിന് നിഷേധിക്കപ്പെട്ടിരുന്നു.
ആയിരത്തിലൊരുവൻെറ ഭാര്യയായത് എൺപതുകളിലാണ്. സിവിൽ സ൪വീസിനു ചേരാനായിരുന്നു ശ്വേതയുടെ ആഗ്രഹം. എൺപതുകളുടെ ഒടുവിൽ സിവിൽ സ൪വീസ് പരിശീലനക്ളാസിൽ വെച്ചാണ് അവ൪ പരസ്പരം കണ്ടുമുട്ടുന്നത്. പ്രണയം വിവാഹത്തിലെത്തി. സഞ്ജീവ് പൊലീസ് സ൪വീസിൽ ചേ൪ന്നപ്പോൾ ശ്വേത സിവിൽ സ൪വീസ് എന്ന സ്വപ്നം മതിയാക്കി. പകരം ഒരു ഐ.ടി. കമ്പനി തുടങ്ങി. ഇപ്പോൾ ആ കമ്പനിയുടെ ഡയറക്ടറാണ്. നല്ലൊരു വീട്ടമ്മ കൂടിയാണ് ശ്വേതയെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണുള്ളത്. മകൾ ഡോക്ടറാവാൻ പരിശീലിക്കുമ്പോൾ മകൻ ബിരുദത്തിന് പഠിക്കുകയാണ്. പാചകവും ഇൻറീരിയ൪ ഡിസൈനിങ്ങുമാണ് ശ്വേതയുടെ താൽപര്യങ്ങൾ.
രാഷ്ട്രീയരംഗത്തെ അതികായ൪ മടിക്കുന്ന മത്സരത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന ബോധ്യമുണ്ട്. ചോരക്കൊതി തീ൪ന്നിട്ടില്ലാത്ത സിംഹത്തിൻെറ മടയിലേക്കാണ് ഈ വീട്ടമ്മ കയറിച്ചെല്ലുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവ൪ക്കേ അതിനു കഴിയൂ. മോഡിയുടെ സ൪ക്കാ൪ തക൪ത്തെറിഞ്ഞ ജീവിതമാണ് ഈ ദമ്പതികളുടേത്. സ്വസ്ഥതയോ സമാധാനമോ ഇല്ലാത്ത ദുരിതകാലത്തിലൂടെയാണ് അവ൪ കടന്നുപോകുന്നത്. പരാജയത്തിൽനിന്നും ഒരു സന്ദേശം നൽകുക എന്നതാണ് ശ്വേതയുടെ ഉദ്ദേശ്യം. അഭിമാനത്തിൻെറയും ധൈര്യത്തിൻേറതുമായ സന്ദേശം. ഇവിടെ ഒരു വീട്ടമ്മ രാഷ്ട്രീയത്തിൻെറ അരങ്ങിലേക്ക് നേരെ കയറിച്ചെല്ലുകയാണ്. അവൾ ഭ൪ത്താവിനൊപ്പം നിൽക്കുന്നു. അയാളുടെ പോരാട്ടങ്ങൾക്ക് ഒപ്പം നിൽക്കുന്നു.
ശ്വേത തന്നെ പറഞ്ഞിട്ടുണ്ട്, വിജയമല്ല തൻെറ മത്സരത്തിൻെറ സത്ത എന്ന്. പണ്ട് കാലിത്തീറ്റ കുംഭകോണത്തിൽ ലാലുവിന് മുഖ്യമന്ത്രിപദം വിടേണ്ടിവന്നപ്പോൾ മറ്റൊരു വീട്ടമ്മ രാഷ്ട്രീയത്തിലെത്തിയിരുന്നല്ലോ; അതുവരെ അടുക്കളയിൽ കഴിഞ്ഞ റാബ്റി ദേവി. തൻെറ പുരുഷൻെറ കൈയിൽ തന്നെ അധികാരം നിലനി൪ത്താനുള്ള പാവയായിരുന്നു ആ വീട്ടമ്മ. ഇവിടെ അധികാരമല്ല ശ്വേതയുടെ രാഷ്ട്രീയലക്ഷ്യം, അഭിമാനമാണ്. അപ്രതീക്ഷിതമായിരുന്നു ശ്വേതയുടെ രാഷ്ട്രീയ പ്രവേശം. മോഡിയുടെ പുരുഷാധിപത്യ, ആണത്തരാഷ്ട്രീയത്തെ ഇങ്ങനെയും എതി൪ക്കാമെന്ന് പ്രതീകാത്മകമായി തെളിയിക്കുന്നു ശ്വേത. ബി.ജെ.പിക്ക് അത് വേറൊരു തരത്തിലുള്ള സാംസ്കാരിക സംഘ൪ഷം നൽകുന്നുണ്ട്. ഭ൪ത്താവിനൊപ്പം നിൽക്കുന്ന പത്നി എന്ന ഇന്ത്യൻ സ്ത്രീത്വസങ്കൽപങ്ങളുടെ മൂ൪ത്തിമദ്ഭാവമായി ശ്വേത തിരിച്ചറിയപ്പെടുന്നത് അവരെ ആകുലപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയം ഒരു നിമിഷനേരത്തേക്കു മാറ്റിവെച്ചാൽ മാതൃകാ ഇന്ത്യൻ വനിതയുടെ പ്രതിച്ഛായയെ പ്രമോട്ടുചെയ്യുന്ന ബി.ജെ.പിയുടെ ബ്രാൻഡ് അംബാസഡറാവാനുള്ള യോഗ്യതയുണ്ട് ശ്വേതക്ക്. സതി-സാവിത്രി സ്ത്രീസങ്കൽപങ്ങളെ മുറുകെപ്പിടിക്കുന്ന ഹിന്ദുത്വവാദികൾ ഭയക്കുന്നതും പതിക്കുവേണ്ടി പോ൪ക്കളത്തിലിറങ്ങിയ ഈ പത്നിയുടെ ആ പ്രതിച്ഛായയെ തന്നെ.
വൻഭൂരിപക്ഷത്തിന് രണ്ടുതവണ തുട൪ച്ചയായി ജയിച്ച മോഡിക്കു മുന്നിലേക്ക് വലിയ നേതാക്കളെ എറിഞ്ഞുകൊടുക്കാൻ താൽപര്യമില്ലാത്തതിനാലാണ് കോൺഗ്രസ് ശ്വേതയെ സ്ഥാനാ൪ഥിയാക്കിയതെന്ന് ശത്രുക്കൾ. കേശുഭായ് പട്ടേലിൻെറ ഗുജറാത്ത് പരിവ൪ത്തൻ പാ൪ട്ടി തങ്ങളുടെ സ്ഥാനാ൪ഥിയെ പിൻവലിച്ചതോടെ ശ്വേതക്ക് പിന്തുണ കൂടിയിട്ടുണ്ട്. മണിനഗ൪ നിയമസഭാമണ്ഡലത്തിൽ ഇനി കൊമ്പുകോ൪ക്കുന്നത് മോഡിയും ശ്വേതയും. സ്ഥാനാ൪ഥിയെ പിൻവലിക്കണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം തൻേറതു മാത്രമാണെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. ഭ൪ത്താവ് നി൪ബന്ധിച്ചിട്ടില്ല. മോഡിക്കെതിരായ രാഷ്ട്രീയ യുദ്ധത്തിൽ ഭാര്യയെ കരുവാക്കുകയായിരുന്നില്ല സഞ്ജീവ് ഭട്ട്. മോഡിക്കെതിരെ ഭ൪ത്താവ് നിയമപോരാട്ടം നയിക്കുമ്പോൾ ഭാര്യ രാഷ്ട്രീയപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഡിസംബ൪ 20ന് ആ പോരാട്ടത്തിൻെറ വിധി നി൪ണയിക്കപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story