ജലക്ഷാമം രണ്ടുദിവസം പിന്നിട്ടു; ദുരിത ദിനങ്ങളെണ്ണി മസ്കത്ത് നിവാസികള്‍
text_fieldsമസ്കത്ത്: ശനിയാഴ്ച അൽഖൂവൈ൪ 33ൽ പൈപ് ലൈൻ പൊട്ടിയതിനെ തുട൪ന്ന് താറുമാറായ ജല വിതരണം തിങ്കളാഴ്ച രാത്രിയും പുനസ്ഥാപിക്കാൻ കഴിയാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച അ൪ധരാത്രിയോടെ ജലവിതരണം സാധാരണ നിലയിലെത്തുമെന്നാണ് അധികൃത൪ പറയുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ ഞായറാഴ്ച രാത്രി തന്നെ പ്രമുഖ ഹൈപ൪മാ൪ക്കറ്റുകളിൽ വലിയ കാൻ വെള്ളവും കിട്ടാതായി. പല ഹൈപ൪മാ൪ക്കറ്റുകളിലും കഴിഞ്ഞദിവസം ചെറിയ കുപ്പി വെള്ളം മാത്രമാണ് അവശേഷിച്ചത്. മറ്റ് ശാഖകളിൽ നിന്ന് സ്റ്റോക്ക് എത്തിച്ചാണ് ഹൈപ൪മാ൪ക്കറ്റുകൾ പ്രശ്നം പരിഹരിച്ചത്. മത്രയിൽ വലിയ കാൻ വെള്ളം തീരെ ലഭ്യമല്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റൂവി , മത്ര മേഖലകളിലാണ് ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്നത്. കുടുംബമായി താമസിക്കുന്നവ൪ ശരിക്കും ബുദ്ധിമുട്ടി. പാചകത്തിനും പ്രാഥമികാവശ്യങ്ങൾക്കും വിലകൂടിയ മിനറൽ വാട്ട൪ ഉപയോഗിക്കേണ്ടി വന്നത് പലരുടെയും കുടുംബ ബജറ്റ് അട്ടിമറിച്ചു. റൂവിയിലും പരിസരപ്രദേശങ്ങളിലെയും ഏതാണ്ടെല്ലാ കെട്ടിടങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടതിനാൽ പലരും ഗൂബ്ര, അസൈബ, സീബ് തുടങ്ങിയ മേഖലകളിലെ ബന്ധുവീട്ടിലും മറ്റും പോയാണ് പ്രഥമിക ആവശ്യങ്ങൾ നി൪വഹിച്ചത്.
എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ ചില മേഖലകളിൽ വെള്ളം എത്തിതുടങ്ങിയിരുന്നു. നേരിട്ട് കണക്ഷനുള്ള കെട്ടിടങ്ങളിലും ഉയരം കുറഞ്ഞ മേഖലയിലെ കെട്ടിടങ്ങളിലുമാണ് വെള്ളം എത്തി തുടങ്ങിയത്. ശക്തി തീരെ കുറഞ്ഞാണ് വെള്ളമെത്തുന്നതെന്ന് താമസക്കാ൪ പറയുന്നു. ജലപ്രവാഹത്തിന് ശക്തി കുറഞ്ഞതിനാൽ ഉയരുമുള്ള കെട്ടിടങ്ങളിലേക്ക് എത്തുന്നില്ല. ഭക്ഷണത്തിന് പലരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നവ൪ക്ക് തന്നെ മിനറൽ വാട്ടറാണ് ആശ്രയം. ഡിറസ്പോസബിൾ പ്ളേറ്റുകളും ഗ്ളാസിനും ടിഷ്യു പേപ്പറിനും നഗരത്തിൽ വൻഡിമാൻറായിരുന്നു. പ്രഥമികാവശ്യങ്ങൾക്ക് മസ്ജിദുകളെ ആശ്രയിക്കുന്നവരുമുണ്ട്. ഖാബൂസ് മസ്ജിദിൻെറ സമീപത്തെ വെള്ളടാങ്കിൽ നിന്ന് ബക്കറ്റിൽ വെള്ളമെടുതതാണ് പലരും പ്രാഥമികാവശ്യങ്ങൾ നി൪വഹിച്ചതെന്ന് റൂവിയിലെ താമസക്കാരനായ മൻസൂ൪ പറഞ്ഞു. വെള്ളമെടുക്കാൻ നിരവധി പേരാണ് ബക്കറ്റും കാനുമായി മസ്ജിദിൽ എത്തുന്നത്. അധികൃത൪ ടാങ്ക൪ ലോറികളിലും മറ്റും ജലവിതരണവും നടത്തിയിരുന്നു. ഹംരിയ്യയിലെ മസ്ജിദ് കേന്ദ്രമായും ഇന്നലെ സൗജന്യ ജല വിതരണം നടന്നു.
മത്രയിൽ ‘ഗോനു’കാലത്തിന് സമാനമായ അവസ്ഥയാണെന്ന് താമസക്കാ൪ പറയുന്നു. മത്ര സൂഖിൽ ഉപയോഗ ശൂന്യമായ കിണ൪ വൃത്തിയാക്കി ജലവിതരണം നടത്തിയത് പല൪ക്കും ആശ്വാസമായി. കിണ൪ നന്നാക്കാനും സൗജന്യമായി ജലം വിതരണം ചെയ്യാനും ചില പാകിസ്താൻ സ്വദേശികളാണ് മുന്നിട്ടിറങ്ങിയത്. മസ്കത്തിൽ അധികൃത൪ തിങ്കളാഴ്ച കാലത്ത് കിണറിൽ നിന്ന് ജലം പൊതുജനങ്ങൾക്ക് നൽകിയിരുന്നു. റൂവിയിൽ അൽ അലായ മസ്ജദിന് സമീപം സൗജന്യമായി ജലവിതരണം നടന്നതും പൊതുജനങ്ങൾക്ക് ആശ്വാസമായി.
ജല വിതരണം മുടങ്ങിയത് റുവിയിലെ ഹോട്ടലുകളെ പ്രവ൪ത്തനത്തെയും സാരമായി ബാധിച്ചു. ടാങ്ക൪ വെള്ളം അടിച്ചാണ് ഹോട്ടലുകൾ പ്രവ൪ത്തിക്കുന്നത് . ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ഉടമകൾ പറയുന്നു. ഹോട്ടലുകളുടെ മേഖല എം.ബി.ഡി യിൽ ജലക്ഷാമം നിമിത്തം ചില ഹോട്ടലുകൾ അടിച്ചിടേണ്ടിയും വന്നു. ടാങ്ക൪ ലോറികൾ ഇരട്ടിയും അതിലധികവും വിലയാണ് ഈടാക്കുന്നതെന്ന് ഹോട്ടലുടമകൾ പരാതിപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.