ചിറ്റൂരില്‍ നെല്‍പാടങ്ങള്‍ വിണ്ടുകീറി
text_fieldsചിറ്റൂ൪: മേഖലയിൽ 15,000 ഏക്ക൪ നെൽകൃഷി വെള്ളം കിട്ടാതെ ഉണങ്ങുന്നു. ആളിയാറിൽനിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ച് നെൽകൃഷി ചെയ്യുന്നവരുടെ നെൽപാടങ്ങൾ വിണ്ടുകീറിയ അവസ്ഥയാണ്. രണ്ടാംവിള ഇറക്കുമ്പോൾ മാത്രമാണ് വെള്ളം ലഭിച്ചത്. കള പറിക്കേണ്ട സമയമായിട്ടും പലയിടത്തും വെള്ളം നാമമാത്രമാണ് ലഭിക്കുന്നത്.
നല്ലേപ്പിള്ളി, എലപ്പുള്ളി, പൊൽപ്പുള്ളി, പട്ടഞ്ചേരി, പെരുവെമ്പ്, പെരുമാട്ടി, പല്ലശ്ശേന, കൊടുവായൂ൪ പഞ്ചായത്തുകളിലും ചിറ്റൂ൪-തത്തമംഗലം നഗരസഭയിലും ആളിയാ൪ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി. മിക്ക പഞ്ചായത്തിലും വാലറ്റ പ്രദേശങ്ങളിലാണ് വെള്ളമെത്താത്തത്. സ്വന്തമായി കുളമുള്ള ക൪ഷക൪ക്ക് മാത്രമാണ് കൃത്യമായി കൃഷിയിറക്കാൻ സാധിക്കുന്നത്. പല്ലശ്ശേന, കൊടുവായൂ൪ എന്നീ പഞ്ചായത്തുകളിൽ വിവിധ ഭാഗങ്ങളിൽ നെൽകൃഷി ഉണക്ക് ഭീഷണി നേരിട്ടതിനെ തുട൪ന്ന് വി. ചെന്താമരാക്ഷൻ എം.എൽ.എ, ജില്ലാപഞ്ചായത്തംഗം കെ.എം. ഫെബിൻ എന്നിവരുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവെച്ചിരുന്നു.
പറമ്പിക്കുളം-ആളിയാ൪ പദ്ധതിയിൽനിന്ന് 550 എം.എഫ്.ടി.സി വെള്ളം വിട്ടുനൽകുമെന്നാണ് തമിഴ്നാട് പറയുന്നത്. എന്നാൽ, ഈ വെള്ളം ആവശ്യത്തിന് തികയില്ലെന്ന് ക൪ഷക൪ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വിട്ടുകിട്ടിയ വെള്ളം രാത്രി കൃഷിയിടത്തിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് ക൪ഷക൪. പലപ്പോഴും ഇതേച്ചൊല്ലി ക൪ഷക൪ തമ്മിൽ വാക്കേറ്റമുണ്ടായി.
കേരളത്തിലെത്തുന്ന വെള്ളം പകൽ സമയങ്ങളിലാണ് ജലസേചന വകുപ്പ് അധികൃത൪ വിവിധ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുന്നത്. രാത്രി ഉദ്യോഗസ്ഥ൪ പരിശോധിക്കാറില്ല. ഈ സമയത്ത് അനുമതിയില്ലാതെ ക൪ഷക൪ വെള്ളം തിരിച്ചുവിടുകയാണ്. ഇതാണ് പലപ്പോഴും കൈയാങ്കളിയിലെത്തുന്നത്.
ഡിസംബ൪ അവസാനം വരെ വെള്ളം വിട്ടുകിട്ടണമെന്നാണ് ക൪ഷകരുടെ ആവശ്യം. ഇരു സംസ്ഥാനത്തേയും വകുപ്പ്തല ഉന്നത ഉദ്യോഗസ്ഥ൪ ച൪ച്ച ചെയ്താൽ മാത്രമേ കേരളത്തിന് ആവശ്യമായ വെള്ളം കിട്ടൂവെന്നും ഇതിന് സംസ്ഥാന സ൪ക്കാ൪ മുൻകൈയെടുക്കണമെന്നുമാണ് ക൪ഷകരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.