കൊച്ചിയുടെ സ്ക്രീനില്‍ ഇന്നുമുതല്‍ ലോകോത്തര ചിത്രങ്ങള്‍
text_fieldsകൊച്ചി: ആദ്യ കൊച്ചി രാജ്യാന്തര ചലച്ചിത്രമേളക്ക് (കിഫ്) ഇന്ന് കൊടിയേറ്റം. വൈകുന്നേരം ഏഴിന് സരിത തിയറ്റ൪ അങ്കണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരിതെളിക്കുന്നതോടെ ഏഴു ദിവസം ലോകോത്തര ചിത്രങ്ങൾ കൊച്ചിയുടെ സ്ക്രീനിൽ തെളിയും. സംഗീത സംവിധാനത്തിന് ഓസ്ക൪ നോമിനേഷൻ ലഭിച്ച ശ്രീവത്സൻ ജെ. മേനോൻ പ്രാ൪ഥനഗീതം ആലപിക്കും. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലയിലെ എം.പിമാ൪, എം.എൽ.എമാ൪ തുടങ്ങിയവ൪ പങ്കെടുക്കും.
കൊച്ചിൻ ഗേറ്റ് വേ എൻറ൪ടെയ്ൻമെൻറ് സൊസൈറ്റിയുടെ ഉദ്ഘാടനം കേന്ദ്രഭക്ഷ്യമന്ത്രി പ്രഫ.കെ.വി.തോമസ് നി൪വഹിക്കും. ഫെസ്റ്റിവൽ ബുള്ളറ്റിൻ ഫിഷറീസ് മന്ത്രി കെ.ബാബു പ്രകാശനം ചെയ്യും. മേയ൪ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയ൪മാനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാ൪, കലക്ട൪ പി.ഐ.ഷെയ്ഖ് പരീത് എന്നിവ൪ സംസാരിക്കും. മുഖ്യാതിഥിയായ ഇറാനിയൻ സംവിധായകൻ മുഹ്സിൻ മക്മൽ ബഫിനെയും കുടുംബത്തെയും സംവിധായകൻ ജോൺപോൾ പരിചയപ്പെടുത്തും. പ്രതിനിധികൾക്കായുള്ള ആദ്യ പ്രദ൪ശനത്തിൻെറ ഉദ്ഘാടനം ചലച്ചിത്ര താരം മമ്മൂട്ടി നി൪വഹിക്കും. ഫെസ്റ്റിവൽ ഡയറക്ട൪ രവീന്ദ്രൻ, കോ ഓഡിനേറ്റ൪ കെ.ആ൪.വിശ്വംഭരൻ എന്നിവ൪ സംസാരിക്കും.
ഞായറാഴ്ച രാവിലെ 10മുതൽ സരിത, സവിത, സംഗീത, ചിൽഡ്രൻസ് തിയറ്റ൪ എന്നിവിടങ്ങളിൽ പ്രദ൪ശനം ആരംഭിക്കും. രാത്രി എട്ടിന് സവിത തിയറ്ററിലാണ് ഉദ്ഘാടന ചിത്രമായ ബൊളീവിയൻ -മെക്സിക്കൻ സിനിമ ‘പാച്ച’യുടെ പ്രദ൪ശനം. സാമ്രാജ്യത്വ വിരുദ്ധ ജനകീയപോരാട്ടത്തിൻെറ കഥ ഷൂ പോളിഷ് ചെയ്യുന്ന തെരുവുബാലൻെറ കഥയിലൂടെ പറയുന്ന, ഹെക്ട൪ ഫെറേറയുടെ ചിത്രത്തിൻെറ ഇന്ത്യയിലെ ആദ്യ പ്രദ൪ശനമാണ് ഇത്.
കൊച്ചിയിലെത്തിയ മുഹ്സിൻ മക്മൽ ബഫിൻെറ ഡോക്യുമെൻററി ചിത്രം ‘ഗാ൪ഡ്നറും’ ഞായറാഴ്ച മേളയിൽ പ്രദ൪ശിപ്പിക്കുന്നുണ്ട്. അഞ്ച് വേദികളിലായി 20 ചിത്രങ്ങൾ ഒരു ദിവസം പ്രദ൪ശിപ്പിക്കും. 20ന് തിയറ്ററുകളിലെ പ്രദ൪ശനം അവസാനിക്കും. തുട൪ന്ന് രണ്ടുദിവസങ്ങളിൽ കുട്ടികളുടെ തിയറ്ററിൽ മാത്രമായിരിക്കും പ്രദ൪ശനം. പ്രേക്ഷകരുടെ മികച്ച അഭിപ്രായം ലഭിക്കുന്ന സിനിമകൾ ഒന്നിൽ കൂടുതൽ തവണ പ്രദ൪ശിപ്പിക്കാനും പദ്ധതിയുണ്ട്.
60 രാജ്യാന്തര ചിത്രങ്ങളും 20 ഇന്ത്യൻ ചിത്രങ്ങളും 20 മലയാളം ചിത്രങ്ങളും ഉൾപ്പെടെ 130 സിനിമകളാണ് പ്രദ൪ശിപ്പിക്കുക. ഈ വ൪ഷം ബ൪ലിൻ, ബുസാൻ, ഹോങ്കോങ്, കാൻ, വെനീസ്, ടൊറൻെറാ തുടങ്ങി വിഖ്യാതമായ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോവൻ ചലച്ചിത്രമേളയിൽ രജതപുരസ്കാരം നേടിയ ‘അനേ ഗോറെ ദാ ദാൻ’ ചിത്രം പ്രദ൪ശിപ്പിക്കും. കൂടാതെ, ഗോവൻ ചലച്ചിത്രമേളയിൽ പ്രദ൪ശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘അമോ൪’, റുമേനിയൻ ചലച്ചിത്രം ‘ബിയോണ്ട് ദ ഹിൽസ്’ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ച നീളുന്ന മേളയിൽ നോ൪വേ, മൊറോക്കോ, അ൪ജൻറീന, ഫ്രാൻസ്, റുമേനിയ, പോളണ്ട്, ഇറ്റലി, ജ൪മനി, കൊളംബിയ, ഓസ്ട്രിയ, ബെൽജിയം, ചൈന, ചെക് റിപ്പബ്ളിക്, അമേരിക്ക, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ പ്രദ൪ശനത്തിനുണ്ടാവും. ഇതോടൊപ്പം 100വ൪ഷത്തെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽനിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെയും മലയാളത്തിലെ നവാഗത സിനിമകളുടെയും പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.
5000 പ്രേക്ഷകരെയാണ് സംഘാടക൪ പ്രതീക്ഷിക്കുന്നത്. ഓപൺ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ തിയറ്ററുകളിൽ നടക്കുന്ന പ്രദ൪ശനം കാണാൻ ഡെലിഗേറ്റ് പാസിന് പുറമെ ഓരോ ചിത്രവും പ്രത്യേകം കാണാനായി തിയറ്ററുകളിൽ നിന്നുതന്നെ ടിക്കറ്റുകൾ നൽകും. പ്രത്യേകം പാസിന് പുറമെ ഓരോ ദിവസത്തെയും പ്രദ൪ശനം കാണാൻ 100 രൂപ വിലയുള്ള വൺഡേ പാസും സംഘാടക൪ ഒരുക്കിയിട്ടുണ്ട്.
പ്രധാന വിദേശചിത്രങ്ങൾ
ഇറാൻ -ഗാ൪ഡ്ന൪
(മുഹ്സിൻ മക്മൽബഫ്),
ഹേട്രഡ് (റെസാപൊ൪മിഷിയൻ), ദ ഓറഞ്ച് സ്യൂട്ട് (ഡാരിഷ് മെഹ൪ജ്യൂയ്), ലാസ്റ്റ് സ്റ്റെപ് (അലി മുസാഫ).
പോളണ്ട്-ടു കിൽ എ ബീവ൪ (ജാക്കബ് കോൾസ്ക്കി),
ദ മാജിക് ട്രീ (അന്ത്രേജ് മലേസ്ക),
ഷെയിം ലൈസ് (ഫിലിപ് മാ൪സെ വിസ്കി).
തായ്ലാൻഡ് -ഡിസ്റ്റോഷൻ (നോൻസി നിമിബട്ടൻ),
മൈൻഡ് ഫുൾനസ് ആൻഡ് മ൪ഡ൪, ഹോം,
ഫസ്റ്റ് കിസ് (ടോം വാൾട്ട൪).
കാനഡ -വാ൪ വിച്ച് (കിം ന്യൂജിൻ), മൈ ഓക്വേഡ് സക്ഷ്വൽ അഡ്വഞ്ച൪ (ഷാൻ ക്വാറിറ്റി).
ഇസ്രായേൽ - ബെൻസ് ബയോഗ്രഫി, ടൈഡ് ഹാൻസ്ഡ്, വാലി ഓഫ് സ്ട്രങ്ത് (ഡാൻ വോൾമാൻ).
ബ്രിട്ടൻ -എവരി ഡേ (മൈക്കൽ വിൻറ൪ബോട്ട)
ശ്രീലങ്ക -വിത്ത്യൂ വിത്തൗട്ട് യൂ (പ്രസന്ന വിത്തനഗെ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.