കലഞ്ഞൂര്‍ ക്രഷര്‍ -ക്വാറി വിരുദ്ധ സമര സമിതി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
text_fieldsപത്തനംതിട്ട: പരിസ്ഥിതി പ്രവ൪ത്തകൻ ഇഞ്ചപ്പാറ ആര്യപ്പള്ളിൽ കോശി ശാമുവേലിനെ വധിക്കാൻ ശ്രമിച്ച ക്രഷ൪ മാഫിയാ സംഘത്തെയും മാരകായുധങ്ങളടങ്ങിയ വാഹനങ്ങളെയും വിട്ടയച്ച കൂടൽ പൊലീസിൻെറ നടപടിയിൽ പ്രതിഷേധിച്ച് കലഞ്ഞൂ൪ ക്രഷ൪- ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാ൪ച്ചും പ്രതിഷേധയോഗവും നടത്തി.
കൊടും കുറ്റവാളികളെ പിടികൂടാനും വൻ മാഫിയാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും കിട്ടിയ സുവ൪ണാവസരം കൂടൽ പൊലീസ് നഷ്ടപ്പെടുത്തുകയായിരുന്നു.
അക്രമത്തിന് എത്തിയവരെയും വാഹനങ്ങളെയും വെറുതെവിട്ടത് അത്യന്തം ഗൗരവതരവും ദുരൂഹവുമാണ്. സാധാരണ ക്രിമിനൽ സംഘങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്താൽ ചട്ടപ്രകാരമുള്ള ജാമ്യ നടപടികൾക്ക് ശേഷമോ അല്ലെങ്കിൽ കോടതി നടപടികളിലൂടെയോ മാത്രമെ സ്റ്റേഷൻ വിട്ടുപോകാൻ അനുവദിക്കുകയുള്ളൂ. കേരള പൊലീസിലെ ഒരു വിഭാഗം മാഫിയ ബന്ധമുള്ളവരാണെന്ന ഇൻറലിജൻസ് റിപ്പോ൪ട്ടുകൾ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്നും സമരക്കാ൪ ആരോപിച്ചു. ക്വാറി-ക്രഷ൪ മാഫിയാ ബന്ധം അവസാനിപ്പിച്ച് പൊലീസ് നീതി നടത്താൻ തയാറാകണം. പരിസ്ഥിതി പ്രവ൪ത്തക൪ക്കെതിരായ നിരവധി കേസുകൾ കോടതിയിലെത്തിക്കാതെ പൂഴ്ത്തിവെച്ചിരിക്കുന്നു.
കൂടൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാരുടെ സ്വത്ത് വിവരവും ഫോൺ സംഭാഷണങ്ങളെക്കുറിച്ചും മാഫിയാ ബന്ധത്തെക്കുറിച്ചും സമഗ്ര അന്വേഷണത്തിന് സ൪ക്കാ൪ തയാറാകണമെന്നും ഈ രീതി തുട൪ന്നാൽ സമാധാനാന്തരീക്ഷം നിലനിന്ന കലഞ്ഞൂ൪ പഞ്ചായത്ത് ഒഞ്ചിയം സമാനമായ സാഹചര്യങ്ങളിലേക്ക് നീങ്ങും. ജനാധിപത്യപരമായ പ്രതിഷേധ സമരം പൊലീസിന് തെറ്റ് തിരുത്താനുള്ള അവസരമാണ്. അക്രമികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നി൪ത്തി അന്വേഷണം നടത്താൻ തയാറാകണം. കുറ്റവാളികൾക്കെതിരെയും അവരെ രക്ഷപ്പെടാൻ സഹായിച്ചവ൪ക്കെതിരെയും സമഗ്ര അന്വേഷണത്തിന് വേണ്ടി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തണമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എസ്. രാജീവൻ പറഞ്ഞു.
യോഗത്തിന് ഇഞ്ചപ്പാറ നാലാം വാ൪ഡ് മെംബ൪ കെ. ശാന്തൻ അധ്യക്ഷത വഹിച്ചു. സംയുക്ത സമര സമിതി കൺവീന൪ എം.ജി. സന്തോഷ് കുമാ൪ സ്വാഗതം പറഞ്ഞു.ഫാ. തോമസ് മുകളിൽ, ടി.കെ. ദാമോദരൻ, മാത്യു ചെറിയാൻ, രജീന്ദ്രനാഥക്കുറുപ്പ്, ഐ.സി. ചെറിയാൻ, ടി.എം. ജലാലുദ്ദീൻ, മുഹമ്മദ് സാലി, കെ.പി. ജയൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.