പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: 15ാമത് കുവൈത്ത് പാ൪ലമെൻറിൻെറ (ദേശീയ അസംബ്ളി) പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കം. അബ്ദുല്ല അൽ സാലിം ഹാളിൽ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് സമ്മേളനം ഉദ്ഘാടനം ചെയ്തതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
പാ൪ലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ച അമീ൪ രാജ്യത്തിൻെറ പുരോഗതിക്കും ജനങ്ങളുടെ നന്മക്കും വേണ്ടിയുള്ള മികച്ച പ്രവ൪ത്തനങ്ങൾ കാഴ്ചവെക്കാൻ പാ൪ലമെൻറിനും അതുവഴി സ൪ക്കാറിനും കഴിയട്ടെ എന്ന് ആശംസിച്ചു.
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാജ്യത്തിൻെറ താൽപര്യത്തിനും ഭാവിക്കും വേണ്ടി പ്രവ൪ത്തിക്കാനാണ് സ൪ക്കാറിൻെറ ശ്രമമെന്നും അതിന് പാ൪ലമെൻറിൻെറ ഭാഗത്തുനിന്ന് പൂ൪ണ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് പറഞ്ഞു.
പാ൪ലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ, പാ൪ലമെൻറ് സ്പീക്ക൪, ഡെപ്യൂട്ടി സ്പീക്ക൪, സെക്രട്ടറി, സുപ്പ൪വൈസ൪ എന്നിവരുടെ തെരഞ്ഞെടുപ്പ്, വിവിധ കമ്മിറ്റികളുടെ രൂപവൽക്കരണം എന്നിവയാണ് പ്രഥമ ദിനം അരങ്ങേറിയത്. കീഴ്വഴക്കമനുസരിച്ച് സ്പീക്ക൪ തെരഞ്ഞെടുപ്പിന് മുമ്പ് സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായ സാലിഹ് അൽ ആതിഖിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ശേഷം സഭാ നടപടികൾക്ക് തുടക്കമായത്.
ഈമാസം ഒന്നിന് നടന്ന തെരഞ്ഞെടുപ്പിനെ തുട൪ന്ന് നിലവിൽവന്ന 50 അംഗ പാ൪ലമെൻറിൻെറ പ്രഥമ സമ്മേളനമാണിത്. ഏഴു വ൪ഷത്തിനുശേഷം ഒരു പ്രതിപക്ഷ അംഗം പോലുമില്ലാതെ അരങ്ങേറുന്ന ആദ്യ സമ്മേളനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു സഭാനടപടികൾ പുരോഗമിച്ചത്.
പാ൪ലമെൻറിന് പിറകിൽ സുപ്രീം കോടതി കോമ്പൗണ്ടിനരികെ ഏതാനും പ്രതിപക്ഷ പ്രവ൪ത്തക൪ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വൻ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ശനിയാഴ്ച രാത്രിയും പ്രതിപക്ഷ പ്രവ൪ത്തക൪ ബാങ്ക് സ്ക്വയറിൽ സംഗമിച്ചിരുന്നു. ഇറാദ സ്ക്വയറിൽ രാപ്പാ൪ക്കാനായിരുന്നു തീരുമാനമെങ്കിലും ആഭ്യന്തര മന്ത്രാലയം വിലക്കിയതിനെ തുട൪ന്ന് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.