മണ്ണെടുപ്പും പാറഖനനവും വ്യാപകം; കന്നിമല നാശത്തിലേക്ക്
text_fieldsപത്തനംതിട്ട: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി കന്നിമലയിൽ മണ്ണെടുപ്പും പാറഖനനവും വ്യാപകം. ജൈവ വൈവിധ്യം കൊണ്ടും വേനലിൽ പോലും വറ്റാത്ത നീരൊഴുക്കുകൊണ്ടും മണ്ണടി പ്രദേശത്തിൻെറ കാവലായി നിലകൊള്ളുന്ന കന്നിമല നാശത്തിലേക്ക്.
പഞ്ചായത്തിലെ എട്ടാം വാ൪ഡിൽപ്പെടുന്ന കന്നിമലയിൽ 25 സെൻറ് വസ്തുവിൽ നിന്ന് പാറഖനനം നടത്തുന്നതിന് ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷം മണ്ണിന് അടിയിലെ പാറപൊട്ടിക്കുന്നതിനായി ആഴത്തിൽ മേൽമണ്ണ് എടുത്തുമാറ്റിയിരിക്കുകയാണ്. ഏകദേശം രണ്ട് ഏക്ക൪ സ്ഥലത്തെ ലക്ഷക്കണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. ക്വാറിയുടെ തൊട്ടടുത്തായിട്ടാണ് അങ്കണവാടി പ്രവ൪ത്തിക്കുന്നത്. ഉഗ്ര സ്ഫോടനത്തെ തുട൪ന്ന് പാറച്ചീളുകൾ അങ്കണവാടി കെട്ടിടത്തിന് മുകളിൽ പതിക്കാറുണ്ട്. പ്രദേശവാസികൾ ജിയോളജി വകുപ്പിന് നൽകിയ പരാതിയെ തുട൪ന്ന് പാറഖനനം താൽക്കാലികമായി നിരോധിച്ചിരുന്നതാണ്.
ക്വാറി മാഫിയയുടെ സ്വാധീനത്തെ തുട൪ന്ന് ഒക്ടോബ൪ 25 ന് നിരോധം പിൻവലിച്ചു. പഞ്ചായത്ത് ഭരണസമിതിയും ക്വാറി മാഫിയക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ ഉത്തരവിൽ 45 എച്ച്.പിയുടെ ഒരു ജാക്ഹാമ൪ മാത്രം ഉപയോഗിക്കാനാണ് അനുമതി . എന്നാൽ രണ്ട് ജാക്ഹാമറും രണ്ട് വിദേശ നി൪മിത ബ്രേക്കറും രണ്ട് എക്സ്കവേറ്ററും ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെ പാറപൊട്ടിക്കുകയാണിപ്പോൾ.
ക്വാറി പ്രവ൪ത്തനത്തിന് ആവശ്യമായ വെടിമരുന്ന് സൂക്ഷിക്കുന്നത് സമീപത്തെ കോളനി വീടുകളിലും ഷെഡുകളിലുമാണ്.
റെവന്യൂ പുറമ്പോക്ക് കൈയേറിയുള്ള പാറഖനനത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയിലും അന്വേഷണം നടന്നിട്ടില്ല. ക്വാറി പ്രവ൪ത്തനത്തെ തുട൪ന്ന് പ്രദേശവാസികൾ ഭയത്തോടെയാണിപ്പോൾ കഴിയുന്നത്. ഉഗ്രസ്ഫോടനത്തെ തുട൪ന്ന് പല വീടുകളും തക൪ന്നു തുടങ്ങിയിട്ടുണ്ട്.
പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നു.മലിനീകരണം മൂലം പ്രദേശവാസികൾക്ക് നിരവധി രോഗങ്ങളും ബാധിക്കുന്നുണ്ട്.
ക്വാറി പ്രവ൪ത്തനം നി൪ത്തുന്നതിന് അധികൃത൪ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തുവയൂ൪ കനവ് സാംസ്കാരിക നിലയം ആൻഡ് ഗ്രന്ഥശാല ഭാരവാഹികൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.