ഹാട്രിക് മികവുമായി റോസ്മി സ്റ്റീഫനും മാര്‍വിന്‍ ജോസഫും
text_fieldsനെടുങ്കണ്ടം: കായിക മികവിന് പുതിയ ചരിത്രം രചിച്ച് നെടുങ്കണ്ടം സ്പോ൪ട്സ് ഹോസ്റ്റലിലെ റോസ്മി സ്റ്റീഫനും മാ൪വിൻ ജോസഫിനും ഹാട്രിക് നേട്ടം. അങ്കമാലിയിൽ സമാപിച്ച സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൻെറ ജൂനിയ൪ ഓപൺ വിഭാഗത്തിൽ സ്വ൪ണ മെഡലോടെ ദേശീയ മത്സരത്തിന് യോഗ്യത നേടിയതോടെയാണ് മൂന്നാം തവണയും ദേശീയ മത്സരത്തിന് ഇവ൪ അ൪ഹരായത്. നെടുങ്കണ്ടം സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റൽ ജൂഡോ താരങ്ങളായ ഇരുവരും നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാ൪ഥികളാണ്.
സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിലും പൈക്ക ജൂഡോ ചാമ്പ്യൻഷിപ്പിലും ഇരുവരും സ്വ൪ണ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വ൪ഷത്തെ ദേശീയ പൈക്ക ചാമ്പ്യൻഷിപ്പിലെ റോസ്മി സ്റ്റീഫൻ ഗോൾഡ് മെഡൽ ജേതാവായിരുന്നു.
ദേശീയ സ്കൂൾസ് ജൂഡോ ചാമ്പ്യൻഷിപ് ജനുവരി ഒമ്പത് മുതൽ 11 വരെ പുണെയിലും ദേശീയ പൈക്ക ജൂഡോ ചാമ്പ്യൻഷിപ് ജനുവരി 13 മുതൽ 15 വരെ ഒഡിഷയിലും ദേശീയ ജൂനിയ൪ ജൂഡോ ചാമ്പ്യൻഷിപ് ഫെബ്രുവരി 22 മുതൽ ഹരിയാനയിലും നടക്കും. 2010ൽ പ്രവ൪ത്തനമാരംഭിച്ച നെടുങ്കണ്ടം സെൻട്രലൈസ്ഡ് സ്പോ൪ട്സ് ഹോസ്റ്റൽ ഈ വ൪ഷം മാത്രം 19 കുട്ടികളെ ജൂഡോ, ആ൪ച്ചറി, അത്ലറ്റിക്സ് വിഭാഗങ്ങളിൽ ദേശീയ മത്സരത്തിനയച്ച് ചരിത്രം രചിക്കുകയാണ്. ഈ ഹോസ്റ്റലിലെ 40 താരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മെറിറ്റോടെ വിജയിച്ചു. ജൂഡോയിൽ മാത്രം 10 താരങ്ങൾ ദേശീയ മത്സരത്തിൽ പങ്കെടുക്കും. ഹാരിഷ് വിജയൻ, അഭിരാമി എൻ.രാജീവ് എന്നിവ൪ ഡബിൾ നാഷനൽ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് സ്പോ൪ട്സ് കൗൺസിലും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുമാണ് ഹോസ്റ്റലിൻെറ പ്രവ൪ത്തനങ്ങളെ സഹായിച്ചുവരുന്നത്. കേരള സ്പോ൪ട്സ് കൗൺസിൽ നിയോഗിച്ച പരിശീലകൻ സൈജു ചെറിയാനാണ് ഇവിടെ ജൂഡോ താരങ്ങളെ പരിശീലിപ്പിക്കുന്നത്.
റോസ്മി സ്റ്റീഫനെയും മാ൪വിൻ ജോസഫിനെയും കെ.കെ. ജയചന്ദ്രൻ എം.എൽ.എ, സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്യാമള വിശ്വനാഥൻ എന്നിവ൪ അഭിനന്ദിച്ചു.
ജനുവരിയിൽ അടുത്തടുത്ത ദിവസങ്ങളിൽ ദേശീയ മത്സരങ്ങളുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത് നെടുങ്കണ്ടം ഹോസ്റ്റലിലെ നാല് ജൂഡോ താരങ്ങളുടെ അവസരം നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ആശങ്കയുണ്ടെന്ന് ടീം മാനേജറും കോ ഓഡിനേറ്ററുമായ റെയ്സൺ പി.ജോസഫ് പറഞ്ഞു. ഇതിനെതിരെ അധികൃത൪ക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.