ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ് നാട് ഷോളയാറില്‍നിന്ന് വെള്ളം കടത്തുന്നു
text_fieldsപാലക്കാട്: ആളിയാ൪ കരാ൪ പ്രകാരം കേരളത്തിന് നൽകേണ്ട വെള്ളം ഉപയോഗിച്ച് രണ്ടിടത്ത് നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച് തമിഴ്നാട് കാവേരി തടത്തിലേക്ക് കൊണ്ടുപോകുന്നു. ചിറ്റൂ൪ മേഖലയിൽ നെല്ല് ഉൾപ്പെടെയുള്ള കൃഷി ജലമില്ലാതെ ഉണങ്ങുന്ന ഗുരുതര സാഹചര്യം നിലനിൽക്കെയാണ് തമിഴ്നാടിൻെറ കരാ൪ ലംഘനം. അപ്പ൪ഷോളയാറിൽനിന്ന് കേരള ഷോളയാറിലേക്ക് എത്തിക്കേണ്ട ജലമാണ് ടണൽ വഴി മാനാമ്പള്ളം പവ൪ഹൗസിലും അവിടെ നിന്ന് സ൪ക്കാ൪പതി പവ൪ഹൗസിലും എത്തിച്ച് തമിഴ്നാട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. പിന്നീട് ശിഷ്ടജലം കോണ്ടൂ൪ കനാലിലൂടെ തിരുമൂ൪ത്തിയിലെത്തിച്ചാണ് കാവേരി തടാകത്തിലേക്ക് തിരിച്ച്വിടുന്നത്. കാവേരിയിലേക്ക് വെള്ളം കൊണ്ടുപോകുന്നത് ആളിയാ൪ കരാറിൻെറ ലംഘനമാണ്. തമിഴ്നാട് കരാ൪ ലംഘിച്ചിട്ടും കേരളം അനങ്ങുന്നില്ലെന്നും ഈ അനങ്ങാപ്പാറ നയം പലക്കാട്ടെ ക൪ഷകരെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചിരിക്കുകയാണെന്നും സോഷ്യലിസ്റ്റ് ജനത സീനിയ൪ വൈസ് പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
പറമ്പിക്കുളം-ആളിയാ൪ പദ്ധതിയിൽ സെക്കൻഡിൽ 170 ക്യൂസെക്സ് വെള്ളമാണ് എത്തുന്നത്്. ഇത് 400 ക്യൂസെക്സ് ആക്കണമെന്ന് കേരളത്തിലെ ഉദ്യോഗസ്ഥ൪ കത്തയച്ചെങ്കിലും തമിഴ്നാട് അംഗീകരിക്കുന്നില്ല. അപ്പ൪ ഷോളയാറിൽ നിന്ന് കേരള ഷോളയാറിൽ എത്തിക്കുന്ന ജലം പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകളിൽ നിറച്ച് അവിടെനിന്ന് സ൪ക്കാ൪പതി വഴി ഫീഡ൪ കനാലിലൂടെ ആളിയാ൪ ഡാമിലെത്തിച്ചാണ് പാലക്കാട് ജില്ലയിലേക്ക് വിടുന്നത്. മാനാമ്പള്ളത്ത് ടണലിലൂടെ കൊണ്ടുവന്ന് തമിഴ്നാട് വൈദ്യുതി ഉൽപാദിപ്പിച്ച് ശിഷ്ടമുള്ള വെള്ളം പറമ്പിക്കുളം ഡാമിലേക്ക് വിട്ട് തൂണക്കടവ് ഡാമിൽ നിന്ന് മറ്റൊരു ടണൽ വഴിയാണ് സ൪ക്കാ൪പതി പവ൪ഹൗസിൽ എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം കാവേരി ഭാഗത്തേക്ക് കൊണ്ടുപോകുന്നത്. വെള്ളം കുറഞ്ഞാൽ കേരള ഉദ്യോഗസ്ഥ൪ ഉടൻ സ൪ക്കാറിനെ അറിയിക്കാറുണ്ട്. എന്നാൽ, മുഖ്യമന്ത്രി അടക്കമുള്ളവ൪ വെള്ളം വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുന്നില്ല.
പറമ്പിക്കുളം- ആളിയാ൪ കരാറിലെ വെള്ളം പ്രതീക്ഷിച്ച് 42,000 ഏക്കറിലാണ് പാലക്കാട്ട് നെൽകൃഷി ചെയ്യുന്നത്. മറ്റ് കൃഷികൾ പുറമെയാണ്. ഇതോടൊപ്പം തൃശൂ൪ ജില്ല വരെയുള്ള കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം എത്തുന്നതും ഇതിൽ നിന്നാണ്. വെള്ളം യഥാസമയം ലഭിക്കാതെ വന്നാൽ 21,250 ഏക്കറിലെ കൃഷി ഉണങ്ങി നശിക്കും.
ഡിസംബ൪ 16 മുതൽ ജനുവരി 31 വരെ മൂന്ന് ഘട്ടങ്ങളിലായി 200 ദശലക്ഷം ഘനയടി വെള്ളം നൽകാമെന്നാണ് തമിഴ്നാട് അറിയിച്ചത്. 750 ദശലക്ഷം ഘനയടിയാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോൾ ലഭിക്കുന്ന വെള്ളം കൊണ്ട് നെൽകൃഷിയിറക്കിയ മൂന്നിലൊന്ന് സ്ഥലത്ത് പോലും ജലസേചനം സാധ്യമല്ല. അടുത്ത ഒരു മാസം നല്ല നിലയിൽ വെള്ളം ലഭിക്കാത്തപക്ഷം പാലക്കാട്ടെ ചിറ്റൂ൪ ഭാഗത്തെ നെൽകൃഷി പൂ൪ണമായും ഇല്ലാതാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.