അയര്‍ലന്‍ഡില്‍ ഉപാധികളോടെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കും
text_fieldsലണ്ടൻ: അയ൪ലൻഡിൽ ഉപാധികളോടെയുള്ള ഗ൪ഭച്ഛിദ്രത്തിന് നിയമനി൪മാണം നടത്താൻ തീരുമാനം. ഗ൪ഭച്ഛിദ്രം നിഷേധിച്ചതിനെ തുട൪ന്ന് ഇന്ത്യക്കാരിയായ ദന്തഡോക്ട൪ സവിത ഹാലപ്പനാവ൪ മരിച്ചത് വിവാദമായതിനെ തുട൪ന്നാണ് നിയമത്തിൽ മാറ്റംവരുത്താൻ അയ൪ലൻഡ് തീരുമാനിച്ചത്. ഐറിഷ് ആരോഗ്യമന്ത്രി ജെയിംസ് റെയ്ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമ്മയുടെ ജീവൻ അപകടത്തിലാവുന്ന ഘട്ടത്തിലും ബലാത്സംഗത്തിലൂടെ ഗ൪ഭിണികളാവുന്ന സാഹചര്യത്തിൽ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് നീങ്ങാൻ സാധ്യതയുള്ളപ്പോഴും ഗ൪ഭച്ഛിദ്രം നടത്താമെന്നാണ് തീരുമാനം.
ബലാത്സംഗത്തിലൂടെ ഗ൪ഭിണിയായ 14 വയസ്സുകാരി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ ജീവന് ഭീഷണിയുള്ള ഘട്ടത്തിൽ അബോ൪ഷൻ ആവാമെന്ന് 1992ൽ ഐറിഷ് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, കോടതി നി൪ദേശം നടപ്പാക്കാൻ സ൪ക്കാ൪ വിസമ്മതിക്കുകയായിരുന്നു. ഗ൪ഭച്ഛിദ്രം നിയമവിരുദ്ധമായ കത്തോലിക്ക രാജ്യമായ അയ൪ലൻഡിൽ 1992ലും 2002ലും ഇക്കാര്യത്തിൽ സ൪ക്കാ൪ വോട്ടെടുപ്പ് നടത്തിയപ്പോഴും ജനങ്ങൾ കോടതി നി൪ദേശം തള്ളി. എന്നാൽ, ഡോ. സവിതയുടെ മരണത്തെ തുട൪ന്ന് സ൪ക്കാ൪ രാജ്യത്ത് പഠനസമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഗ൪ഭച്ഛിദ്രം നിഷേധിച്ചതിനെ തുട൪ന്ന് രക്തത്തിൽ അണുബാധയുണ്ടായി ഒക്ടോബ൪ 28നാണ് സവിത മരിക്കുന്നത്.
അതിനിടെ, അയ൪ലൻഡിലെ സഭാനേതൃത്വം പുതിയ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. നിയമം ഏറെ ദു൪വിനിയോഗം ചെയ്യപ്പെടുമെന്നാണ് ഇവരുടെ വാദം. പാ൪ലമെൻറിൽ വോട്ടെടുപ്പോടുകൂടിവേണം നിയമം നടപ്പാക്കേണ്ടതെന്ന് ഇതിനകം ആ൪ച്ച് ബിഷപ്പുമാ൪ ആവശ്യപ്പെട്ടുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.