തോല്‍ക്കാതിരിക്കുന്നതെങ്ങനെ?
text_fieldsനാഗ്പൂ൪: എം.എസ്. ധോണിക്കും ഇന്ത്യൻ ടീമിനും തോൽവികൾ പുത്തരിയല്ലാതായിട്ട് കാലം കുറെയായി. 1983ൽ കപിൽ ദേവിൻെറ ചെകുത്താന്മാ൪ ആരാധകരെ അതിശയിപ്പിച്ച് നേടിയ ലോകകിരീടത്തിന് ശേഷം 2011ൽ യുവ ഇന്ത്യ ആ കപ്പിൽ മുത്തമിട്ട അന്ന് തുടങ്ങിയതാണ് ടീമിൻെറ കഷ്ടകാലം. തോൽവികളുടെ പരമ്പരയാണ് പിന്നീട് നീലപ്പടയെ തേടിയെത്തിയത്.
എങ്കിലും നാട്ടിലെ ചില ജയങ്ങൾ സീനിയ൪ താരങ്ങളുടെയും ക്യാപ്റ്റൻെറയും സ്ഥാനം സുരക്ഷിതമാക്കി. ഇപ്പോൾ സ്വന്തം മണ്ണിൽ അജയ്യരെന്ന അഹങ്കാരവും നഷ്ടമായിരിക്കുന്നു. ടീമിൻെറ ഭാവിയെക്കുറിച്ച് ക്രിക്കറ്റ് ബോ൪ഡും സെലക്ട൪മാരും ഗൗരവമായി ചിന്തിച്ചുതുടങ്ങേണ്ട കാലം അതിക്രമിച്ചു എന്ന൪ഥം. ധോണി സംഘത്തെ തുട൪തോൽവികളിലേക്ക് നയിക്കുന്ന കാരണങ്ങൾ എമ്പാടുമുണ്ട്.
ജയം തേടുന്നതിൽ പരാജയം
എന്ത് വിലകൊടുത്തും വിജയിക്കാനുള്ള താൽപര്യം ടീമംഗങ്ങൾക്ക് എന്നേ നഷ്ടമായിരിക്കുന്നു. വിക്കറ്റ് കാക്കുന്നതോടൊപ്പം റൺസ് നേടി സ്കോറുയ൪ത്താൻ ശ്രമിക്കുന്നതിന് പകരം അലക്ഷ്യമായി കളിക്കുന്നവരാണ് മിക്കവരും. വീരേന്ദ൪ സെവാഗ് മുതൽ പല൪ക്കും ഈ സ്വഭാവമുണ്ട്. 250ഓളം ഏകദിനം കളിച്ച സെവാഗ് ഒരു മത്സരത്തിൽ പോലും 50 ഓവ൪ ബാറ്റ് ചെയ്തിട്ടില്ല. ഓരോരുത്തരും അവനവൻെറ ശൈലിക്കനുസരിച്ചാണ് കളിക്കുന്നതെന്നും മികച്ച സംഭാവന ചെയ്തവരാണ് സെവാഗിനെപ്പോലുള്ളവരെന്നും പറഞ്ഞ് ഇതിനെ പ്രതിരോധിക്കാമെങ്കിലും ഒറ്റപ്പെട്ട പ്രകടനങ്ങൾക്കപ്പുറം സ്ഥിരതയാണ് ടീമിന് ഗുണം ചെയ്യുക എന്നോ൪ക്കണം.
2011ൽ വെസ്റ്റിൻഡീസിൽ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ ആവശ്യം 47 ഓവറിൽ 180 റൺസായിരുന്നു. എന്നാൽ, 2-0ത്തിൻെറ പരമ്പര നേടിയതിൻെറ ആലസ്യത്തിൽ മുൻനിര ബാറ്റ്സ്മാന്മാ൪ ഒച്ചിഴയുന്ന രൂപത്തിൽ ബാറ്റ് ചെയ്യുന്നതാണ് കണ്ടത്. ഒടുവിൽ ഇരു ക്യാപ്റ്റന്മാരും സമനില സമ്മതിക്കുമ്പോൾ ഇന്ത്യക്ക് വേണ്ടിയിരുന്നത് 90 പന്തിൽ 86. മറ്റേതെങ്കിലും ടീമായിരുന്നെങ്കിൽ ആവേശത്തോടെ കളിച്ച് പരമ്പര തൂത്തുവാരുമായിരുന്നു. ഇംഗ്ളണ്ട് പര്യടനത്തിനുള്ള ഒരുക്കം മാത്രമായി ആ മത്സരത്തെ ചെറുതാക്കുകയാണ് പരിശീലകൻ ഡങ്കൻ ഫ്ളച്ച൪ അന്ന് ചെയ്തത്. ഇംഗ്ളണ്ടിലെത്തിയപ്പോഴാവട്ടെ ടീം തോറ്റ് തൊപ്പിയിട്ടു.
ശേഷം ഇതേ വ൪ഷം വിൻഡീസ് ഇന്ത്യയിലേക്ക് വന്നു. രണ്ട് ടെസ്റ്റ് ഇന്ത്യ നേടിയതിന് പിന്നാലെ നടന്ന മൂന്നാം മത്സരത്തിൽ സമാനമായത് സംഭവിച്ചു. 64 ഓവറിൽ ജയിക്കാൻ 243 റൺസായിരുന്നു ആവശ്യം. റണ്ണൊഴുകുന്ന മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ അത് അസാധ്യമല്ലായിരുന്നു. വിജയ ലക്ഷ്യത്തിന് ഒരു റൺ മാത്രം പിറകിൽ കരീബിയക്കാരുടെ രണ്ടാമിന്നിങ്സ് ലീഡായ 242ൽ ഇന്ത്യ എത്തിയപ്പോഴേക്കും അവസാന ദിവസത്തെ ഓവ൪ കഴിഞ്ഞു. കളി സമനിലയിലായി. തുട൪ന്നായിരുന്നു ചരിത്രത്തിലെ മറ്റൊരു നാണക്കേട് സമ്മാനിച്ച ആസ്ട്രേലിയൻ പര്യടനം.
പ്രതിഭകളല്ല പ്രതികൾ
ട്വൻറി20 മത്സരങ്ങളിൽ നടത്തുന്ന വെടിക്കെട്ട് ബാറ്റിങ്ങല്ല താരത്തിൻെറ പ്രതിഭ തീരുമാനിക്കുന്നതെന്ന വിദഗ്ധരുടെ വാദം ശരിയാണെന്ന് തെളിയുകയാണിപ്പോൾ. മെല്ലെപ്പോക്ക് നയക്കാരെന്ന് രാഹുൽ ദ്രാവിഡിനെയും വി.വി.എസ് ലക്ഷ്മണെയും വിമ൪ശിച്ചവ൪ ആ ഇതിഹാസങ്ങളുടെ അസാന്നിധ്യം ഉണ്ടാക്കിയ നികത്താനാവാത്ത വിടവ് തിരിച്ചറിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വൻറി20യിലും ഒരു പോലെ മിന്നാൻ കഴിയുന്നവ൪ ഇന്ത്യൻ ടീമിൽ ഇപ്പോൾ ഒന്നോ രണ്ടോ പേരേ ഉള്ളൂ.
ചേതേശ്വ൪ പുജാരയും ഒരു പരിധി വരെ വിരാട് കോഹ്ലിയും കഴിഞ്ഞാൽ വലിയ ഇന്നിങ്സുകൾ കളിക്കാൻ ശേഷിയുള്ളവ൪ ഇല്ല. അപകടകരമായവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും മോശം പന്തുകളെ പ്രഹരിച്ച് സ്കോറുയ൪ത്താനും കഴിയുന്നവ൪ക്കാണ് ടെസ്റ്റിൽ എന്തെങ്കിലും ചെയ്യാനാവുക. മണിക്കൂറുകളോളം, വേണ്ടിവന്നാൽ രണ്ടോ അതിലധികം പകൽ മുഴുവൻ ബാറ്റ് ചെയ്യാനുള്ള മികവ്, ശാരീരിക ക്ഷമത, ക്ഷമാശീലം തുടങ്ങിയവ നിലവിലെ ടീമിലെ താരങ്ങളിൽ ഭൂരിഭാഗം പേ൪ക്കും ഉണ്ടോ എന്ന് സംശയമാണ്.
അസ്വാരസ്യങ്ങളിലും നായകൻ
സീനിയ൪ താരങ്ങളുമായുള്ള ക്യാപ്റ്റൻ ധോണിയുടെ ബന്ധം മോശമാണെന്ന കിംവദന്തികൾ ശരിവെക്കുന്ന വാ൪ത്തകളാണ് അനുദിനം ഡ്രസ്സിങ് റൂമിൽ നിന്ന് വരുന്നത്. സെവാഗുമായി ധോണിക്ക് സ്വരച്ചേ൪ച്ചയില്ലാതായിട്ട് മാസങ്ങളും വ൪ഷങ്ങളും കഴിഞ്ഞു. ഇത്രയും പരിചയസമ്പന്നനായ താരത്തെ നി൪ണായകമായ പല മത്സരങ്ങളിലും ധോണി മനപ്പൂ൪വം പുറത്തിരുത്തുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. നായക പദവിയിലേക്കുള്ള തൻെറ സാധ്യത അടയാൻ കാരണം ധോണിയാണെന്ന് തിരിച്ചറിഞ്ഞ സെവാഗ് ഇടക്കിടെ ക്യാപ്റ്റനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
മുതി൪ന്ന കളിക്കാ൪ ഫീൽഡിങ്ങിൽ മോശമാണെന്ന് ധോണി പലപ്പോഴും തുറന്നടിച്ചത് സചിൻ ടെണ്ടുൽക൪, ലക്ഷ്മൺ തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു. ആസ്ട്രേലിയൻ പര്യടനത്തിൽ പ്രകടനം മോശമായപ്പോൾതന്നെ ബാധ്യതയാവാൻ നിൽക്കാതെ ദ്രാവിഡ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലക്ഷ്മൺ മത്സര രംഗത്ത് തുട൪ന്നു. എന്നാൽ, മൂന്നു മാസം മുമ്പ് ന്യൂസിലൻഡിനെതിരായ പരമ്പരക്കുള്ള സംഘത്തിൽ അംഗമായിട്ടും കളിക്കാൻ നിൽക്കാതെ ലക്ഷ്മൺ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത് ധോണിയുമായുള്ള അസുഖകരമായ ബന്ധം മൂലമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. തൻെറ വീട്ടിൽ സഹതാരങ്ങൾക്കായി ഒരുക്കിയ വിരുന്നിലേക്ക് ലക്ഷ്മൺ ക്യാപ്റ്റനെ ക്ഷണിച്ചതുപോലുമില്ല.
ഗൗതം ഗംഭീറിനോടാണ് ധോണിയുടെ അടുത്ത ഉടക്ക്. ഗംഭീ൪ ടീമിന് വേണ്ടിയല്ല കളിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇംഗ്ളണ്ടിനെതിരായ കൊൽക്കത്ത ടെസ്റ്റിൻെറ രണ്ടിന്നിങ്സുകളിൽ യഥാക്രമം 60ഉം 40ഉം റൺസെടുത്ത് ഗംഭീ൪ താരതമ്യേന മികച്ച ബാറ്റിങ് കാഴ്ചവെച്ചു. എന്നാൽ, വ്യക്തിഗത സ്കോ൪ ഉയ൪ത്തുന്നതിലാണ് ഓപണ൪ക്ക് താൽപര്യമെന്നാണ് ധോണി പറയുന്നത്. നായക പദവിയിലേക്ക് പരിഗണിക്കപ്പെടാനിടയുള്ള ഗംഭീറിന് ദോഷകാരമാവുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുകയായിരുന്നു ധോണി.
പാളിച്ചകളുടെ അനുഭവങ്ങൾ
സചിൻ, സഹീ൪ ഖാൻ, സെവാഗ് തുടങ്ങിയ താരങ്ങൾ ശരാശരിയിലും താഴ്ന്ന കളിയാണ് പുറത്തെടുക്കുന്നത്. നാല് ടെസ്റ്റിൽ മാസ്റ്റ൪ ബ്ളാസ്റ്റ൪ നേടിയത് ഒരു അ൪ധ ശതകം മാത്രം. ആദ്യ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിൻെറ നിഴലുപോലുമാവാൻ പിന്നീട് സെവാഗിനായില്ല. മൂന്ന് ടെസ്റ്റിൽ സഹീ൪ നേടിയത് വെറും നാല് വിക്കറ്റ്.
ബാറ്റ്സ്മാന്മാരും ബൗള൪മാരും തുട൪ച്ചയായി പരാജയപ്പെടുമ്പോൾ അവരുടെ കാര്യത്തിൽ പുന൪വിചിന്തനം നടത്താൻ ടീം മാനേജ്മെൻറ് തയാറാവുന്നില്ല. പഴയ സുവ൪ണകാലത്തിൻെറ ഓ൪മയിൽ അവ൪ക്ക് എപ്പോഴും അവസരങ്ങൾ നൽകുന്നു. ഒരു വ൪ഷത്തിലേറെ സമയം പുറത്ത് നി൪ത്തിയ ശേഷം ആഭ്യന്തര ക്രിക്കറ്റിലെ തിളക്കമാ൪ന്ന ബൗളിങ് കണ്ടാണ് ഓഫ് സ്പിന്ന൪ ഹ൪ഭജൻ സിങ്ങിനെ ടീമിൽ തിരിച്ചെടുത്തത്. എന്നാൽ, മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ മാത്രമേ ഹ൪ഭജനെ ഇറക്കിയുള്ളൂ. ആ൪. അശ്വിനും പ്രഗ്യാൻ ഓജക്കുമൊക്കെ 40ലധികം ഓവ൪ നൽകിയ ധോണി ഹ൪ഭജനെ ഏൽപിച്ചത് 21 ഓവ൪ മാത്രം. രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും കൊൽക്കത്തയിൽ പുറത്തിരിക്കാനായിരുന്നു ഭാജിയുടെ വിധി. ഈഡൻഗാ൪ഡനിലെ ട്രാക്ക് റെക്കോഡിൻെറ കാര്യത്തിൽ ഹ൪ഭജനോളം പോന്നൊരാൾ ലോക ക്രിക്കറ്റിലില്ല എന്ന കാര്യം വിസ്മരിക്കപ്പെട്ടു. പിന്നാലെ അദ്ദേഹം ടീമിൽനിന്ന് പുറത്താവുകയും ചെയ്തു.
പിച്ചിന് തേച്ചത് പാണ്ടായി
പിച്ചിൻെറ കാര്യത്തിലുള്ള പിടിവാശി ഇന്ത്യക്ക് വെളുക്കാൻ തേച്ചത് പാണ്ടാവുന്ന അവസ്ഥയുണ്ടാക്കി. മുംബൈ ടെസ്റ്റിൽ സ്പിന്ന൪മാരായ ഗ്രേയം സ്വാനെയും മോണ്ടി പനേസറെയും ഉപയോഗിച്ചാണ് അലിസ്റ്റ൪ കുക്ക് ആതിഥേയരെ എറിഞ്ഞിട്ടത്. അപ്പുറത്ത് ഇന്ത്യയുടെ മൂന്ന് സ്പെഷലിസ്റ്റ് സ്പിന്ന൪മാരെയും നേരിട്ട് മികച്ച ടോട്ടൽ പടുത്തുയ൪ത്തിയ ഇംഗ്ളീഷ് ബാറ്റ്സ്മാന്മാ൪ ടീമിന് അനായാസ വിജയം സമ്മാനിക്കുകയും ചെയ്തു.
എന്നിട്ടും ഈഡനിൽ വേഗം കുറഞ്ഞ വിക്കറ്റ് തന്നെ മതിയെന്നായിരുന്നു ധോണിയുടെ നിലപാട്. കളിക്കളത്തിലെ നൈതികതയെത്തന്നെ ചോദ്യംചെയ്യുന്ന തരത്തിൽ സ്വന്തം ടീമിന് ജയിക്കാൻ കഴിയുന്ന പിച്ച് വേണമെന്ന് ക്യാപ്റ്റൻ തുറന്നുപറഞ്ഞു. ഇത് അദ്ദേഹവും ക്യൂറേറ്റ൪മാരും തമ്മിലുള്ള പോരിലേക്കെത്തിച്ചെങ്കിലും ധോണിക്കൊപ്പമായിരുന്നു ക്രിക്കറ്റ് ബോ൪ഡ്. നായകൻ ഇച്ഛിച്ച പിച്ചൊരുക്കാനായിരുന്നു ബി.സി.സി.ഐയുടെ തിട്ടൂരം. ഫലം കൊൽക്കത്തയിലും മുംബൈ ആവ൪ത്തിച്ചു. ഇക്കുറി സ്പിന്ന൪മാ൪ക്കൊപ്പം പേസ൪മാരുമുണ്ടായിരുന്നു ഇന്ത്യയെ എറിഞ്ഞു വീഴ്ത്താൻ.
നാഗ്പൂരിലെ ചത്ത പിച്ചിൽ ഇന്ത്യ ഇറക്കിയത് നാല് സ്പെഷലിസ്റ്റ് സ്പിന്ന൪മാരെ. ആദ്യ ദിനം ഇംഗ്ളണ്ട് റൺ നേടാൻ ക്ളേശിച്ചത് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. അപകടം വിതച്ച പേസ൪ ജെയിംസ് ആൻഡേഴ്സൻ ഇന്ത്യയെ വെള്ളം കുടിപ്പിച്ചപ്പോൾ ലീഡിനരികിൽ ഇന്ത്യക്ക് ഡിക്ളയ൪ ചെയ്യേണ്ടിവന്നു. രണ്ടാമിന്നിങ്സിൽ ഇന്ത്യ പന്തെറിഞ്ഞു തള൪ന്നുവെന്നല്ലാതെ മത്സരത്തിന് ഫലമുണ്ടായില്ല. 28 വ൪ഷത്തിനുശേഷം ഇംഗ്ളണ്ടിന് ഇന്ത്യൻ മണ്ണിൽ പരമ്പരയും നേടാനായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.