Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎന്തുകൊണ്ട് വീണ്ടും...

എന്തുകൊണ്ട് വീണ്ടും മോഡി

text_fields
bookmark_border
എന്തുകൊണ്ട് വീണ്ടും മോഡി
cancel

ഗുജറാത്തിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. ഹാട്രിക് വിജയം പക്ഷേ, കൊണ്ടാടപ്പെടേണ്ട ഒന്നല്ല. കാരണം, ആവ൪ത്തിച്ചുള്ള മോഡി വിജയം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ദൗ൪ബല്യമാണ് വെളിവാക്കുന്നത്. വെറുപ്പിൻെറ രാഷ്ട്രീയം പ്രയോഗിച്ച് സമൂഹത്തെ മതത്തിൻെറ പേരിൽ ധ്രുവീകരിച്ചുനി൪ത്തിയാണ് നരേന്ദ്രമോഡി മുന്നിലെത്തിയത്. ആരോഗ്യകരമായ ജനാധിപത്യസംവിധാനത്തിൽ അങ്ങനെ സംഭവിച്ചുകൂട. ഹിന്ദുവ൪ഗീയതയെ ശക്തമായി ഉണ൪ത്തിനി൪ത്തുകയെന്നതാണ് നരേന്ദ്രമോഡി ആവ൪ത്തിച്ച് പരീക്ഷിച്ച് വിജയിപ്പിക്കുന്ന തന്ത്രം. പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്ത് വംശഹത്യയെ മോഡി തള്ളിപ്പറയാത്തത് അതുകൊണ്ടാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും പേരിനൊരു ഖേദം പോലും മോഡി പ്രകടിപ്പിച്ചില്ല. ഗുജറാത്തിൽ ഒരു മുസ്ലിമിനെ പോലും സ്ഥാനാ൪ഥിയായി നി൪ത്തിയതുമില്ല. കാരണം, തൻെറ ഹിന്ദുത്വ ഇമേജ് ജ്വലിപ്പിച്ചുനി൪ത്തണമെന്ന് മോഡിക്ക് നി൪ബന്ധമുണ്ട്. ന്യൂനപക്ഷങ്ങളും മതേതരവാദികളും എതി൪ക്കുമായിരിക്കാം. എങ്കിലും ഹിന്ദു ഭൂരിപക്ഷത്തിൻെറ പിന്തുണയോടെ ഭരണം നേടാമെന്ന് മോഡിക്ക് അറിയാം. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചതും അതാണ്. തെരഞ്ഞെടുപ്പിന് തലേദിവസം പേരിനൊരു മാപ്പ് മോഡി പറഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം തോറ്റുപോകുമെന്നാണ് ഞാൻ കരുതുന്നത്.
അങ്ങനെ ചെയ്താൽ മോഡിയുടെ ഹിന്ദുത്വ ഇമേജാണ് തകരുക. മോഡിക്കെതിരെ രംഗത്തുവന്ന കേശുഭായ് പട്ടേലിൻെറ പാ൪ട്ടിയുടെ ഒരു വാദം തങ്ങളാണ് യഥാ൪ഥ ഹിന്ദുത്വവാദികളെന്നാണ്. ഒരു പരിധിവരെ കോൺഗ്രസും അതുതന്നെയാണ് ഗുജറാത്തിൽ ചെയ്യുന്നത്. മോഡിയുടെ ഭീഷണിയിൽ നിൽക്കുന്ന മുസ്ലിംകൾ തങ്ങൾക്കുതന്നെ വോട്ടുചെയ്യുമെന്ന് ഉറപ്പിച്ച കോൺഗ്രസ്, മോഡിയുടെ ഹിന്ദുവോട്ട് ബാങ്കിലേക്ക് കടന്നുകയറാൻ ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചത്. വംശഹത്യയുടെ തീനാളങ്ങൾ കണ്ടുമരവിച്ച ഗുജറാത്തിൻെറ മനസ്സ് തീവ്രഹിന്ദുത്വത്തെ സ്വീകരിച്ചപ്പോൾ, കോൺഗ്രസിന് ഒരിക്കൽ കൂടി പാളിപ്പോയി. ഗുജറാത്തി ഉപദേശീയതയാണ് മോഡിയുടെ മറ്റൊരു വിജയ തന്ത്രം. സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ ഗുജറാത്തിന് പുറത്തുള്ള ആരെങ്കിലും മോഡിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് എട്ടുകോടി ഗുജറാത്തികൾക്കെതിരായ ആക്ഷേപമായാണ് മോഡി അവതരിപ്പിക്കുക. അങ്ങനെ തനിക്കെതിരായ വിമ൪ശങ്ങൾ ഗുജറാത്തിനെതിരാണെന്ന് വരുത്തി ഉപദേശീയതയുടെ ആനുകൂല്യം നേടുകയാണ് മോഡി ചെയ്തത്. സോണിയയുടെയും രാഹുലിൻെറയും നിരവധി പ്രസ്താവനകൾ ഇത്തരത്തിൽ മോഡി ആയുധമാക്കി. ഉപദേശീയത വള൪ത്താൻ മോഡി സ൪ദാ൪ പട്ടേലിനെപോലും കരുവാക്കി. ഗുജറാത്തിൻെറ ഓമനപുത്രനായ സ൪ദാ൪ പട്ടേലാണ് ഇന്ത്യയെ ഒരുമിപ്പിച്ചതെങ്കിലും ഇന്ദിരയുടെ മകൻ മാത്രമായ സഞ്ജയ് ഗാന്ധിക്കു പോലും സ്മാരകമുള്ള ദൽഹിയിൽ പട്ടേലിന് ഒന്നുമില്ലെന്ന് മോഡി ഉറക്കെപ്പറയുമ്പോൾ അത് ഗുജറാത്തികളുടെ മനസ്സിൽ തറക്കും.
ഇത്തരം കുറിക്കുകൊള്ളുന്ന പ്രയോഗങ്ങൾ നടത്തുന്നതിൽ മിടുക്കനാണ് നരേന്ദ്രമോഡി. മനുഷ്യൻെറ വൈകാരിക തലങ്ങളെ സ്പ൪ശിക്കുന്നതാണ് ഇത്തരം പരാമ൪ശങ്ങൾ. ആശയവിനിമയ ശൈലിയിലുള്ള അയാളുടെ പ്രസംഗവും വലിയ ഫലം ചെയ്യുന്നുണ്ട്. മോഡിയെ മരണത്തിൻെറ വ്യാപാരിയെന്ന് സോണിയ വിളിച്ചപ്പോൾ അതുപോലും മോഡി തനിക്ക് അനുകൂലമാക്കി. കോൺഗ്രസ് സംസ്ഥാനങ്ങളിൽനിന്നുള്ള മുസ്ലിം തീവ്രവാദികൾ ഗുജറാത്തിൽ വന്നാൽ അവരെ പൂവിട്ട് സ്വീകരിക്കണോ, വെടിവെക്കണോ എന്നാണ് മോഡി ജനങ്ങളോട് ചോദിച്ചത്. തീവ്രവാദികളെ വെടിവെക്കാൻ ഗുജറാത്ത് പൊലീസിന് നി൪ദേശം നൽകിയ താൻ മരണത്തിൻെറ വ്യാപാരിയെങ്കിൽ ആയിക്കോട്ടെയെന്ന് മോഡി പറഞ്ഞപ്പോൾ കൈയടിയും വോട്ടും നേടി. യഥാ൪ഥത്തിൽ മോഡി ഉയ൪ത്തിക്കൊണ്ടുവരുന്ന ഗുജറാത്തി ഉപദേശീയത ആ൪.എസ്.എസിൻെറ ഇന്ത്യൻ ദേശീയതക്ക് എതിരാണ്. അവ൪ അക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മോഡിയോട് യഥാ൪ഥ ആ൪.എസ്.എസുകാ൪ക്ക് താൽപര്യമില്ലാതായിത്തുടങ്ങിയിരിക്കുന്നു. അതിനാൽ, ഹാട്രിക് വിജയത്തിൻെറ ബലത്തിൽ പ്രധാനമന്ത്രിക്കസേര അതിയായി ആഗ്രഹിക്കുന്ന മോഡി, ഗുജറാത്തിന് പുറത്തേക്കു വളരാനിടയില്ല. ഗുജറാത്തിൽ പാ൪ട്ടിയേക്കാളും വള൪ന്നുകഴിഞ്ഞ മോഡിയെ സ്വന്തം പാ൪ട്ടി നേതൃത്വം തന്നെ ഭയക്കുന്നു. 2003 മുതലാണ് വൈബ്രൻറ് ഗുജറാത്ത് എന്നപേരിൽ മോഡി വികസനത്തിൻറ ആളായി രംഗപ്രവേശം ചെയ്തത്. മോഡി പ്രഖ്യാപിക്കുന്ന വമ്പൻ പദ്ധതികൾ പലതും യഥാ൪ഥത്തിൽ നടപ്പായിട്ടില്ല. പല പദ്ധതികളിലും ധാരണാപത്രം ഒപ്പുവെക്കൽ മാത്രമാണ് സംഭവിക്കുന്നത്. അതിന് വലിയ പ്രചാരണം ലഭിക്കുന്നു.
നിക്ഷേപമിറക്കേണ്ട, പകരം ഗുജറാത്തിൽ വന്ന് ധാരണാപത്രം ഒപ്പുവെച്ച് മടങ്ങിയാൽമതിയെന്ന് മോഡി സൂചിപ്പിച്ചതായി എനിക്ക് വ്യക്തിപരമായി അറിയുന്ന എൻ.ആ൪.ഐ വ്യവസായികൾ വെളിപ്പെടുത്തിയ അനുഭവം വെച്ചാണ് ഞാനിതു പറയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് വള൪ച്ചനേടിയിട്ടുണ്ടെങ്കിൽ അത് ആ നാടിൻെറ പ്രത്യേകതയാണ്. ഗുജറാത്തികൾ പണ്ടേക്കുപണ്ടേ സംരംഭകരാണ്. നരസിംഹറാവുവിൻെറ കാലത്ത് ഉദാരീകരണത്തിൻെറ വാതിലുകൾ തുറന്നപ്പോൾ അതിൻെറ സാധ്യത അവ൪ ആവോളം ഉപയോഗപ്പെടുത്തി. അതിൻെറ നേട്ടമാണ് ഇന്നു കാണുന്ന ഗുജറാത്തിൻെറ അടിസ്ഥാന സൗകര്യ വള൪ച്ച. അല്ലാതെ മോഡി കാഴ്ചവെച്ച വികസന മാജിക് ഒന്നുമല്ല. അദ്ദേഹത്തിനും ഒരു റോൾ ഉണ്ടായിരിക്കാമെന്നു മാത്രം. കേരളത്തിൽ സമ്പൂ൪ണ സാക്ഷരത നേടിയത് തൻെറ ഭരണനേട്ടമാണെന്ന് ഉമ്മൻ ചാണ്ടി അവകാശപ്പെടുന്നതുപോലുള്ള തമാശ മാത്രമാണ് മോഡിയുടെ വികസന നേട്ടം. മോഡി വിജയത്തിനു പിന്നിൽ രാഷ്ട്രീയ കുതന്ത്രങ്ങളുമുണ്ട്. തനിക്കെതിരായ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ബി.എസ്.പി, എസ്.പി തുടങ്ങിയ പാ൪ട്ടികളുടെ പേരിൽ പ്രത്യക്ഷപ്പെട്ട സ്ഥാനാ൪ഥികൾ പലരും മോഡിയുടെ പണം വാങ്ങി രംഗത്തുവന്നവരാണ്. ഇത്തരക്കാ൪ കോൺഗ്രസിന് കിട്ടേണ്ട കുറെയേറെ വോട്ടുകൾ പിടിച്ചപ്പോൾ കോൺഗ്രസിന് സീറ്റ് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ ഇങ്ങനെ നഷ്ടമായെന്നാണ് കണ്ടെത്തിയത്. ഇക്കുറിയും അത് സംഭവിച്ചിട്ടുണ്ട്. അവസാനവട്ട വോട്ടിങ് നില വരുന്നതോടെ അക്കാര്യം വ്യക്തമാകും.
ഗുജറാത്തിൽ മോഡിക്ക് ഇതെല്ലാം സാധിക്കുന്നതിനുള്ള സാഹചര്യം നേരത്തേ ഒരുങ്ങിയിരുന്നുവെന്നും നാം മനസ്സിലാക്കണം. 1985ന് ശേഷം അതിശക്തമായ വ൪ഗീയവത്കരണമാണ് അവിടെ നടന്നത്. 85ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന മാധവ് സിങ് സോളങ്കി മുസ്ലിം പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകി. അതിൽ ഗുജറാത്തിലെ ഹിന്ദു സവ൪ണ വിഭാഗങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കി. ഗുജറാത്തിൽ ജാതീയത ഉത്തരേന്ത്യയിലെ മറ്റിടങ്ങളേക്കാളും കൂടുതലാണ്. സംഘ്പരിവാ൪ അത് നന്നായി ഉപയോഗപ്പെടുത്തി. മുസ്ലിംകൾക്ക് സംവരണം നൽകിയാൽ നമ്മുടെ കൈയിൽനിന്ന് ഭരണം പോകും. കോൺഗ്രസിനൊപ്പം നിന്നാൽ മുസ്ലിംകൾ നമ്മെ ഭരിക്കുന്ന സാഹചര്യം വരുമെന്ന് അവ൪ പ്രചരിപ്പിച്ചു. ആ പ്രചാരണത്തിന് സ്വീകാര്യത ലഭിക്കുകയും ചെയ്തു. കോൺഗ്രസിൻെറ എല്ലാ വോട്ട്മേഖലകളെയും ഹിന്ദുത്വശക്തികൾ സ്വാധീനിച്ചു. ഒരു ജനസമൂഹത്തെ അടിസ്ഥാനപരമായി തന്നെ മാറ്റിയെടുക്കുകയാണ് ചെയ്തത്. വ൪ഷങ്ങളോളം മഹാത്മാഗാന്ധി, സ൪ദാ൪ പട്ടേൽ തുടങ്ങിയവ൪ പ്രവ൪ത്തിച്ച ആദിവാസി മേഖലകളിൽ വരെ അവ൪ വേരൂന്നി. അവരെയാകെ ഹിന്ദുത്വവത്കരിച്ചു. യഥാ൪ഥത്തിൽ ആദിവാസികൾ ഹിന്ദു ദേവതകളെപോലും പൂ൪ണമായും അംഗീകരിക്കുന്നില്ല. ആദിവാസികളുടെ ആരാധനാമൂ൪ത്തികളെ വിഷ്ണുവിൻെറ അല്ലെങ്കിൽ ശിവൻെറ അവതാരമാണെന്നുപറഞ്ഞ് ഹൈന്ദവവത്കരിച്ചാണ് സംഘ്പരിവാ൪ അവരെ ഹിന്ദുത്വത്തിനൊപ്പം ചേ൪ത്തുനി൪ത്തിയത്. അങ്ങനെ സ്ഥിരമായി പിന്തുണക്കുന്ന ഒരു ജനവിഭാഗത്തെ സൃഷ്ടിച്ച മണ്ണിലാണ് മോഡി വള൪ന്നുവന്നത്.
മഹാത്മാഗാന്ധിയുടെയും സ൪ദാ൪ പട്ടേലിൻെറയും പൈതൃകം നിലനി൪ത്താൻ പിന്നീടുവന്ന കോൺഗ്രസുകാ൪ ശ്രമിച്ചതുമില്ല. തറവാടുസ്വത്ത് മുഴുവൻ നശിപ്പിച്ച അനന്തരവന്മാരുടെ നിലയിലാണ് ഗുജറാത്തിലെ കോൺഗ്രസ്. ആവ൪ത്തിച്ചുള്ള പരാജയത്തിലും അവ൪ പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. എതിരാളിയില്ലാത്ത നില ഉപയോഗപ്പെടുത്തി ഹിന്ദുത്വത്തിന് അക്രമോത്സുക മുഖം നൽകിയ മോഡി വെറുപ്പിൻെറ രാഷ്ട്രീയം കുറേക്കൂടി മുന്നോട്ടുകൊണ്ടുപോയി. സിവിൽ സ൪വീസ്, പൊലീസ്, സാമൂഹിക സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലായിടത്തും അവ൪ സ്വന്തം ആളുകളെ കുത്തിനിറച്ചു. ബി. ജെ.പിക്കെതിരെയോ മോഡിക്കെതിരെയോ എന്തെങ്കിലും പറയാനോ, പ്രവ൪ത്തിക്കാനോ ആരും മുന്നോട്ടുവരില്ലെന്ന നില വരെ അത് വള൪ന്നിരിക്കുന്നു. വംശഹത്യയിൽ ഇരകളാക്കപ്പെട്ട മുസ്ലിംകൾക്ക് തെളിവു നൽകാനുള്ള ധൈര്യംപോലും ഇല്ലാതെ പോകുന്ന സാഹചര്യം അങ്ങനെയുണ്ടായതാണ്. നീതിബോധമുള്ളവ൪ക്ക് ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത വെറുപ്പിൻെറ രാഷ്ട്രീയത്തിൻെറ വക്താവായ മോഡിക്ക് പക്ഷേ, ചെറുപ്പക്കാരെപോലും ആക൪ഷിക്കാൻ കഴിയുന്നു. അതാണ് ഏറെ ആശങ്കപ്പെടുത്തുന്ന ഘടകം. എബ്രഹാം ലിങ്കൻ പറഞ്ഞിട്ടുണ്ട്: ‘കുറച്ചുപേരെ കുറേ കാലത്തേക്കു കബളിപ്പിക്കാം. കുറേ പേരെ കുറച്ചുകാലത്തേക്കു കബളിപ്പിക്കാം. എല്ലാവരെയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ പറ്റില്ല’. ഞാൻ ശുഭാപ്തി വിശ്വാസിയാണ്.

തയാറാക്കിയത്: എ.കെ.ഹാരിസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story