Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightനരേന്ദ്ര മോഡിയുടെ...

നരേന്ദ്ര മോഡിയുടെ ഹാട്രിക് വിജയം

text_fields
bookmark_border
നരേന്ദ്ര മോഡിയുടെ ഹാട്രിക് വിജയം
cancel

അട്ടിമറി വിജയമോ തിരിച്ചുവരവോ കോൺഗ്രസ് പോലും പ്രതീക്ഷിച്ചില്ലെന്നിരിക്കെ ഗുജറാത്തിൽ നരേന്ദ്ര മോഡിയുടെ വിജയം അപ്രതീക്ഷിതമല്ല. പോളിങ്ങിനുശേഷം പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ 120-140വരെ സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിച്ചിരുന്നതാണല്ലോ. അത്രത്തോളം സീറ്റുകളോ കഴിഞ്ഞതവണ നേടിയ 49.12 ശതമാനം വോട്ടുകളോ പോളിങ് ശതമാനം ഗണ്യമായി വ൪ധിച്ചിട്ടും ബി.ജെ.പിക്ക് നേടാൻ കഴിയാതെപോയതും ഇത്തവണ രണ്ടു സീറ്റുകൾ അധികം നേടാനായതും കോൺഗ്രസിൽ ആശ്വാസം പകരുന്നു എന്നാണ് കരുതേണ്ടത്. നരേന്ദ്ര മോഡി എന്തുകൊണ്ട് ഹാട്രിക് വിജയം നേടി വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ പോവുന്നു എന്ന ചോദ്യത്തേക്കാൾ കോൺഗ്രസിന് എന്തുകൊണ്ട് തിരിച്ചുവരാനോ കടുത്ത വെല്ലുവിളി ഉയ൪ത്താൻപോലുമോ സാധിക്കാതെപോയി എന്നതാണ് കൂടുതൽ പ്രസക്തമായ ചോദ്യം. ദേശീയതലത്തിൽ നിരന്തരം വൻ അഴിമതി ആരോപണശരങ്ങളേറ്റ് എരിപൊരികൊള്ളുന്ന യു.പി.എ സ൪ക്കാ൪, റെക്കോഡ് തക൪ക്കുന്ന വിലക്കയറ്റം, ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ശാഠ്യം ക്ഷണിച്ചുവരുത്തിയ ജനരോഷം, മനുഷ്യാവകാശ ലംഘനങ്ങളുടെ വജ്രായുധമായിമാറിയ കരിനിയമങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവരാനുള്ള തീവ്രശ്രമം തുടങ്ങിയ കാര്യങ്ങളുടെ പേരിൽ കോൺഗ്രസിൻെറ പ്രതിച്ഛായ ഏറ്റവും മോശമായ സാഹചര്യങ്ങളിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ജനസമ്മതിയോ സംഘാടകശേഷിയോ മെച്ചപ്പെട്ട പ്രതിച്ഛായയോ അവകാശപ്പെടാവുന്ന ഒരു നേതാവുപോലും പാ൪ട്ടിക്കില്ലതാനും. മത്സരരംഗത്തുണ്ടായിരുന്ന മൂന്നു നേതാക്കളിൽ രണ്ടു പേരും -അ൪ജുൻ മോധ്വാഡിയയും സിദ്ധാ൪ഥ പട്ടേലും- തോറ്റമ്പിയതിൽനിന്ന് സംഗതി വ്യക്തമാണ്. കഷ്ടിച്ച് ജയിച്ചുകയറിയ ശങ്ക൪സിങ് വഗേലയാകട്ടെ സ്ഥാനമാനങ്ങളെച്ചൊല്ലി ബി.ജെ.പിയോട് തെറ്റിപ്പിരിഞ്ഞ ആ൪.എസ്.എസുകാരൻ തന്നെയാണുതാനും. വികസനത്തിൽ മോഡി പരാജയപ്പെട്ടു എന്ന ഒരേയൊരു ബിന്ദുവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കോൺഗ്രസ് ഒതുക്കിയപ്പോൾ നഗരവോട്ട൪മാരെ തെല്ലും സ്വാധീനിക്കാൻ പാ൪ട്ടിക്കായില്ല. കാരണം വ്യക്തം. യു.പി.എയുടെ അതേ വികസനനയമാണ് കൂടുതൽ ഫലപ്രദമായി നരേന്ദ്ര മോഡി ഗുജറാത്തിൽ നടപ്പാക്കിയത്.
മോഡിയെ പ്രഥമവും പ്രധാനവുമായി പ്രതിക്കൂട്ടിൽ കയറ്റേണ്ട വംശീയ-വ൪ഗീയ നിലപാടിനെക്കുറിച്ച് മതേതര മുഖമുള്ള കോൺഗ്രസ് ഒരക്ഷരം ഉരിയാടിയില്ലെന്നു മാത്രമല്ല അദ്ദേഹം എ.ഐ.സി.സി ജനറൽ സെക്രട്ടറി അഹ്മദ് പട്ടേലിൻെറ പേര് ഉപയോഗിച്ച് നടത്തിയ വ൪ഗീയപ്രചാരണത്തോട് പ്രതികരിക്കാൻപോലും പാ൪ട്ടി വിസമ്മതിച്ചു. ഗുജറാത്തിലെ ഭൂരിപക്ഷ മനസ്സുകൾ അഭൂതപൂ൪വമായി ഹിന്ദുവത്കരിക്കപ്പെട്ടു എന്ന ബോധ്യത്തിൻെറ ഫലമായിരുന്നു അത്. മറ്റൊരു മാ൪ഗവും മുമ്പിലില്ലാത്തതിനാൽ 10 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം കോൺഗ്രസിനുതന്നെ വോട്ടു ചെയ്യും എന്ന ആത്മവിശ്വാസത്തിൻെറ ഫലംകൂടിയാവാം ഇത്. എന്നാൽ, നിസ്സഹായരായ മുസ്ലിംകളിൽ ഒരുവിഭാഗം മോഡിയുടെ പാ൪ട്ടിക്ക് വോട്ടു ചെയ്യുന്ന പ്രവണത കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ തന്നെ ആരംഭിച്ചിരുന്നു. അത് നിയമസഭ തെരഞ്ഞെടുപ്പിലും തുട൪ന്നു എന്നാണ് മനസ്സിലാവുന്നത്. ഇത്തവണ നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പ്രാധാന്യം നിയമസഭ തെരഞ്ഞെടുപ്പിനുണ്ട്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രധാനമന്ത്രി നോമിനിയായി തന്നത്താൻ അവതരിപ്പിക്കാൻ ഈ വിജയം അദ്ദേഹത്തിന് അവസരം നൽകുന്നു എന്നുള്ളതാണത്. തീ൪ച്ചയായും ആ൪.എസ്.എസും ബി.ജെ.പിയിൽ ഒരുവിഭാഗവും അതാഗ്രഹിക്കുന്നുണ്ട്. മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനി താനിനി പ്രധാനമന്ത്രിപദത്തിലേക്കില്ലെന്ന് സൂചിപ്പിച്ചത് മോഡിയുടെ സാധ്യത വ൪ധിപ്പിച്ചതായി നിരീക്ഷക൪ കരുതുന്നു. പക്ഷേ, ഇന്ത്യ മൊത്തം ഗുജറാത്തല്ല. ബി.ജെ.പി ഒറ്റക്ക് അടുത്ത പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ സാധ്യത വിരളമാണുതാനും. സ്വാഭാവികമായും എൻ.ഡി.എയിലെ നിലവിലുള്ളതോ ഇനി ചേരാനിരിക്കുന്നതോ ആയ കക്ഷികളുടെ നിലപാട് ഈ വിഷയത്തിൽ സുപ്രധാനമാണ്. മതേതര പ്രതിച്ഛായ തീ൪ത്തും നഷ്ടമായ ഒരു പ്രധാനമന്ത്രി നോമിനിയെ ന്യൂനപക്ഷ-മതേതര വോട്ടുകളിൽ പ്രതീക്ഷയ൪പ്പിക്കുന്ന ഒരു പാ൪ട്ടിയും പിന്താങ്ങാനിടയില്ല. അതിനാൽ, കണക്കുകൂട്ടുംപോലെ ശോഭനമല്ല നരേന്ദ്ര മോഡിയുടെ സാധ്യത. എന്നുവെച്ച് തീ൪ത്തും നിരാകരിക്കാവുന്നതുമല്ല അനുദിനം വലത്തോട്ട് ചാഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ മോഡിയെപ്പോലുള്ള ഒരാളുടെ പ്രധാനമന്ത്രി സ്ഥാനാരോഹണം.
കേരളത്തെപ്പോലെ ഓരോ അഞ്ചു വ൪ഷവും ഭരണമാറ്റം സാധാരണമായ ഹിമാചൽപ്രദേശിൽ ഇത്തവണ കോൺഗ്രസിൻെറ ഊഴമാണ് പുല൪ന്നിരിക്കുന്നത്. 68 സീറ്റുകളിൽ 36ഉം നേടിയ പാ൪ട്ടിക്ക് ആശ്വാസംപകരുന്നതാണീ വിജയം. കടുത്ത അഴിമതിയുടെ കാര്യത്തിൽ ആരാണ് മുമ്പൻ എന്ന ചോദ്യമേ ഹിമാചലിൽ പ്രസക്തമായിരുന്നുള്ളൂ. അക്കാര്യത്തിൽ വ്യത്യാസം കണ്ടുപിടിക്കാൻ പ്രയാസപ്പെട്ട ജനങ്ങൾ തൽക്കാലം ബി.ജെ.പി ഭരണത്തിനെതിരെ വിധിയെഴുതി. അതിൽ കോൺഗ്രസിന് ഏറെ ആഹ്ളാദിക്കാനൊന്നും വകയില്ലെന്നതാണ് വസ്തുത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story