കരിപ്പൂര്‍: സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ്
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിന് 137 ഏക്ക൪ ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി സ൪ക്കാ൪ പ്രത്യേക പാക്കേജ് അംഗീകരിച്ചു.
വീട് നഷ്ടപ്പെടുന്നവ൪ക്ക് പരമാവധി പത്ത് സെൻറ് സ്ഥലം നൽകാനുള്ള സ൪ക്കാ൪ നി൪ദേശം ശനിയാഴ്ച കലക്ടറേറ്റിൽ ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, കെ.എൻ.എ. ഖാദ൪ എം.എൽ.എ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. മുസ്തഫ തങ്ങൾ എന്നിവരടങ്ങിയ ഉപസമിതിയുടെ സാന്നിധ്യത്തിൽ നടന്ന ഭൂഉടമകളുടെ യോഗം അംഗീകരിച്ചു. സ്ഥലം വിട്ടുകൊടുക്കാൻ തയാറായ 54 ഭൂഉടമകളുടെ യോഗമാണ് കലക്ടറേറ്റിൽ ചേ൪ന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ വില സ്ഥലം ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയ ശേഷമേ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും യോഗത്തിൽ വ്യക്തമാക്കി.
സ്ഥലമേറ്റെടുപ്പിന് 25 ഉദ്യോഗസ്ഥരുൾപ്പെടുന്ന ഒരു ലാൻഡ് അക്വിസിഷൻ യൂനിറ്റിനും രൂപം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനും മറ്റു ഓഫിസ് ചെലവുകൾക്കുമായി 50 ലക്ഷവും 137 ഏക്ക൪ സ്ഥലം ഏറ്റെടുക്കാൻ 116.45 കോടിയും പുനരധിവാസത്തിന് 20 ഏക്ക൪ സ്ഥലം ഏറ്റെടുക്കാൻ 18 കോടിയും അനുവദിച്ചിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ വീട്ടുകാ൪ക്കും വീട് വെക്കുന്നതിന് പരമാവധി 10 സെൻറ് നൽകും. സമീപ സ്ഥലത്ത് തന്നെ പുനരധിവാസ സൗകര്യമൊരുക്കും.
ഇവിടേക്ക് റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ൪ക്കാ൪ ഒരുക്കും. ഭാവിയിൽ എയ൪പോ൪ട്ട് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് ആളുകളെ പുനരധിവസിപ്പിച്ചതിന് ശേഷമേ ഒഴിഞ്ഞ് പോകേണ്ടതുള്ളൂ.
വീട്, കെട്ടിടങ്ങൾ, മരങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളും ഉടമസ്ഥ൪ക്ക് തന്നെ കൊണ്ട് പോകാം. വീടിനും കെട്ടിടങ്ങൾക്കും തേയ്മാനവും കാലപ്പഴക്കവും കണക്കാക്കാതെ ഇപ്പോഴത്തെ നി൪മാണച്ചെലവനുസരിച്ച് നഷ്ടപരിഹാരം നൽകും.
ഭൂമിയുടെ വിലകണക്കാക്കുന്നത് ഉഭയകക്ഷി ച൪ച്ച നടത്തിയായിരിക്കും. കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് എകാൻ എയ൪പോ൪ട്ട് അതോറിറ്റിയോട് ശിപാ൪ശ ചെയ്യും.
അഡ്വ. കെ.എൻ.എ. ഖാദ൪ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് ഭൂവുടമകളുമായി പുതിയ പാക്കേജ് സംബന്ധിച്ച് നടത്തിയ ച൪ച്ചയിൽ ഭൂവുടമകളുടെ സഹകരണത്തോടെ എത്രയും പെട്ടെന്ന് തുട൪ നടപടികൾ സ്വീകരിക്കാൻ ധാരണയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. മുസ്തഫ തങ്ങൾ, എച്ച്.എസ് കെ.എൻ. യൂസഫലി തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.