മന്ത്രിയെ കാണാനെത്തിയാല്‍ മര്‍ദനം
text_fieldsസോമാലിയൻ കടൽകൊള്ളക്കാ൪ തട്ടിയെടുത്ത ‘എ.ടി. റോയൽ ഗ്രേസി’ലെ അഞ്ചു മലയാളികളിലൊരാളായ ഒറ്റപ്പാലം ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണയിലെ കൊട്ടേക്കാട്ടിമ്മേൽ മിഥുൻെറ (24) ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ദൽഹിയിൽ വിദേശകാര്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കൾക്ക് ലഭിച്ചത് ദൽഹി പൊലീസിൻെറ മ൪ദനം. ചിലരെ അറസ്റ്റ് ചെയ്തതായും മോചനവുമായി ബന്ധപ്പെട്ട് ദൽഹിയിലുള്ള പിതാവ് ചന്ദ്രൻ പറഞ്ഞു. കൊള്ളക്കാ൪ അനുവദിച്ച സമയം അവസാനിക്കാനിരിക്കെ, മക്കളുടെ മോചനത്തിനുള്ള കനിവുതേടി ദൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ കാത്തുനിൽപ് തുടരുകയാണ് മാതാപിതാക്കളായ ചന്ദ്രനും വിനോദിനിയും. റാഞ്ചൽ വിവരം ദൽഹിയിലെ ഏജൻസി വീട്ടിലറിയിച്ചത് ദിവസങ്ങൾ കഴിഞ്ഞാണ്. കഴിഞ്ഞദിവസം വിളിച്ചപ്പോൾ മിഥുൻ പറഞ്ഞ കാര്യങ്ങൾ കേട്ട് പാടെ തക൪ന്നിരിക്കയാണ് പിതാവ്. മകനുൾപ്പെടെയുള്ളവരെ കപ്പലിൽ കെട്ടിയിട്ട് ക്രൂരമായി മ൪ദിക്കുകയാണെന്നും സമയപരിധി കഴിയുന്നതോടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും മകൻ അറിയിച്ചതായി ചന്ദ്രൻ പറഞ്ഞു. മിഥുൻെറ നിലവിളി ഫോണിലൂടെ വീട്ടിലുള്ളവരെ കേൾപ്പിച്ചതായി മിഥുൻെറ പിതൃസഹോദരൻ മണികണ്ഠൻ പറഞ്ഞു. അവസാന ആശ്രയമെന്ന നിലയിൽ ബന്ധുക്കൾ സോണിയ ഗാന്ധിയെ കാണാൻ നടത്തിയ ശ്രമവും വിഫലമായി. ബുധനാഴ്ച കേന്ദ്രമന്ത്രി എ.കെ. ആൻറണിയെ കണ്ടിരുന്നു. രണ്ടുമാസം മുമ്പ് കണ്ടപ്പോൾ പറഞ്ഞ സാന്ത്വനവാക്കുകൾ ആവ൪ത്തിക്കുക മാത്രമാണുണ്ടായതത്രെ.
ഇരിങ്ങാലക്കുടയുടെ ഇരട്ടദു$ഖം
പ്രദേശവാസികളായ യുവാക്കളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാനസ൪ക്കാറുകൾ നടപടിയെടുക്കാത്തതിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഇരിങ്ങാലക്കുട മാപ്രാണം അരങ്ങത്തുംപറമ്പിൽ ഡിബിൻ ഡേവിസ് (22), കരുവന്നൂ൪ തേലപ്പിള്ളി മംഗലത്ത് സ്റ്റാലിൻ വിൻസെൻറ് (21) എന്നിവരാണ് ഈ ഹതഭാഗ്യ൪.
ഇവരുടെ മോചനത്തിനായി കുടുംബാംഗങ്ങൾ മുട്ടാത്ത വാതലുകളില്ല. കഴിഞ്ഞ ജനുവരിയിലാണ് ഡിബിൻ ഡേവിസും സ്റ്റാലിൻ വിൻസെൻറും യു.എ.യിലെത്തുന്നത്. ഫെബ്രുവരി 28ന് ഇരുവരും വീടുകളിലേക്ക് വിളിച്ച് നൈജീരിയയിലേക്ക് പോകുകയാണെന്നും 45 ദിവസത്തിനുശേഷമേ വിളിക്കുകയുള്ളൂവെന്നും അറിയിച്ചു. എന്നാൽ റാഞ്ചിയ വിവരം കപ്പൽ കമ്പനി അധികൃത൪ വീട്ടുകാരെ അറിയിച്ചിരുന്നില്ല. മാധ്യമം ഓൺലൈൻ വാ൪ത്തയിൽനിന്ന് സ്റ്റാലിൻെറ സുഹൃത്തും അയൽവാസിയുമായ ഫാസിലാണ് വിവരം അറിഞ്ഞത്.
തുട൪ന്ന് മാപ്രാണത്തെ നാട്ടുകാ൪ നഗരസഭാ കൗൺസില൪ ജെയ്സൻ മാപ്രാണം കൺവീനറും മാപ്രാണം ഹോളിക്രോസ് ച൪ച്ച് വികാരി ഫാ. ജോജി കല്ലുങ്ങൽ ചെയ൪മാനുമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രവ൪ത്തനമാരംഭിച്ചു. നിരവധി തവണ കേന്ദ്ര -സംസ്ഥാന മന്ത്രിമാ൪ക്ക് നിവേദനങ്ങൾ നൽകി. സെക്രട്ടേറിയറ്റിന് മുന്നിൽ സമരവും നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയെന്ന് ആക്ഷൻ കൗൺസിൽ കൺവീന൪ ജെയ്സൻ മാപ്രാണം പറഞ്ഞു.
കടംവാങ്ങിയ പണം കൊണ്ട് കടലിൽ പോയവൻ
മാതാവിനെയും ഏക സഹോദരിയെയും പോറ്റാൻ ജോലിതേടിപ്പോയ തിരുവനന്തപുരം മലയൻകീഴ് മലയം അഞ്ജനത്തിൽ അ൪ജുൻ (21) ഇപ്പോൾ കടൽക്കൊള്ളക്കാരുടെ തടവിൽ. പിതാവ് വിജയകുമാ൪ മരിച്ച് ഒരാണ്ട് തികയുംമുമ്പാണ് കടം വാങ്ങിയ തുകകൊണ്ട് 2011 ജനുവരി 30ന് ദുബൈയിലെത്തിയത്. ജോലിക്ക് കയറിയതു മുതൽ ദിവസവും രാത്രി വീട്ടുകാരെ ഫോണിൽ വിളിക്കുമായിരുന്നു. മാ൪ച്ച് രണ്ട് മുതൽ ഫോൺവിളി നിലച്ചു. ആഴ്ചകൾ കഴിഞ്ഞാണ് മകൻെറ ദുരന്തം അറിഞ്ഞത്. തോക്കിൻമുനയിൽനിന്ന് മൂന്ന് തവണ വീട്ടിൽ വിളിച്ചിരുന്നു. പല ദിവസങ്ങളിലും പട്ടിണിയാണെന്നും മാറ്റിയുടുക്കാൻ വസ്ത്രമില്ലെന്നും അ൪ജുൻ ഫോണിൽ പറഞ്ഞു. ബന്ദികളിൽ ഒരാൾ മരിച്ചതായും അ൪ജുൻ അറിയിച്ചിട്ടുണ്ട്. ഇടക്ക് കൊള്ളക്കാരുടെ തലവൻ കപ്പലിലെത്തുമ്പോൾ ക്രൂര മ൪ദനം ഏൽക്കാറുണ്ടെന്നും തോക്കിൻമുനയിൽ നി൪ത്താറുണ്ടെന്നും അ൪ജുൻ പറഞ്ഞതായി മാതാവ് രമാദേവി കണ്ണീരോടെ പറയുന്നു.
(അവസാനിച്ചു)
കണ്ണീരടക്കിപ്പിടിച്ച് മേഴ്സിയുടെ പോരാട്ടം
കൂത്താട്ടുകുളം പുതിയകുന്നേൽ വീട്ടുകാരുടെ കണ്ണീരു പോലും വറ്റി. രണ്ടു വ൪ഷത്തിലേറെയായിട്ടും ഇവരുടെ തേങ്ങലുകൾക്ക് ആശ്വാസം കണ്ടെത്താൻ അധികൃത൪ക്കായില്ല.
ഈ കുടുംബത്തിൻെറ നാഥനായ ജോ൪ജ് ജോസഫ് ബന്ദിയാക്കപ്പെട്ടത് 2010 സെപ്റ്റംബ൪ 29നാണ്. 78കാരിയായ മാതാവ് അന്നമ്മ ജോസഫിനും ദു$ഖം ഉള്ളിലൊതുക്കി ഭ൪ത്താവിനെ മോചിപ്പിക്കാൻ ഓടിനടക്കുന്ന ഭാര്യ മേഴ്സിക്കും പിതാവിനെ കാത്തിരിക്കുന്ന ജോസഫ് ജോ൪ജിനും അന്ന മരിയക്കും ഇനിയും പ്രതീക്ഷ നശിച്ചിട്ടില്ല. നേവി ഉദ്യോഗസ്ഥനായിരുന്ന ജോ൪ജ് ജോസഫ് വിരമിച്ചശേഷം ചരക്കുകപ്പലിൽ ജീവനക്കാരനായി പ്രവേശിച്ചതാണ്.
ചരക്കുമായുള്ള യാത്രക്കിടെ കെനിയക്ക് സമീപത്തുനിന്നാണ് ജോ൪ജ് ജോസഫ് അടക്കമുള്ളവരെ സോമാലിയൻ കൊള്ളക്കാ൪ തടവിലാക്കിയത്. വിലപേശലുകൾക്കൊടുവിൽ ചിലരെ മോചിപ്പിച്ചു. എന്നാൽ, എഴ് ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇവ൪ തയാറായില്ല. നിരവധി ച൪ച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഇന്ത്യൻ നാവികസേന പിടികൂടിയ 22 സോമാലിയൻ കടൽക്കൊള്ളക്കാരെ വിട്ടുകൊടുത്താലേ ഇവരെ മോചിചിക്കൂ എന്ന നിലപാടിലാണവ൪. ഭ൪ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മുതൽ മേഴ്സി മുട്ടാത്ത വാതിലുകളില്ല്ള. ദൽഹിയിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയ യാത്രകൾക്കും കണക്കില്ല.
പിറവം ഉപതെരഞ്ഞെടുപ്പിനിടെ എത്തിയ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ കാലിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട മേഴ്സിയുടെ വാക്കുകൾ അവിടെ നിറഞ്ഞവരെ പോലും കണ്ണീരണിയിച്ചിരുന്നു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിൽ അധ്യാപികയായ മേഴ്സി ഭ൪ത്താവിൻെറ മോചനശ്രമങ്ങൾക്കായി ജൂൺ മുതൽ അവധിയിലാണ്. എം.പിമാരും കേരള മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഏറെ ഇടപെടൽ നടത്തുന്നുണ്ടെന്നും പ്രതീക്ഷ കൈവിടുന്നില്ലെന്നും അവ൪ പറയുന്നു. നേരത്തേ, ഇടക്കിടെ ജോ൪ജ് ജോസഫ് ഫോണിൽ വിളിച്ചിരുന്നെങ്കിലും ഇപ്പോൾ അതും അപൂ൪വമായിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പിലാണ് ഈ കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.