ക്രിസ്മസ് ഉല്ലസിച്ച് തീര്‍ക്കുന്നതിനുള്ളതല്ല; സമൂഹത്തെ പുതുക്കുന്നതായി തീരണം
text_fieldsജീവിതത്തിലെ സന്തോഷം സങ്കീ൪ണാനുഭവങ്ങളിലൂടെ കടന്ന് ആ സങ്കീ൪ണതയെ ജയിക്കുന്ന ലോകം രൂപപ്പെടുത്തുന്നതിലാണ്. അനുഭവങ്ങളിലൂടെ കടന്ന് പോകാതെ ജീവിതത്തിൽ സന്തോഷം സാധ്യമാകില്ല. പെണ്ണ് കെട്ടിയേച്ച് അങ്ങ് ഇരിക്കുകയല്ല. ഒരാഴ്ചത്തെ അനുഭവമൊക്കെ കഴിഞ്ഞ് അതെല്ലാം മാറ്റീട്ട് വേറെ വെഷമമുള്ള അനുഭവങ്ങളിലേക്ക് പ്രവേശിക്കും. എന്തിന് വേണ്ടിയാ.... അതിൽ കൂടുതൽ സന്തോഷത്തിലേക്ക് പ്രവേശിക്കാനാണ്. നമ്മുടെ മക്കളെ വള൪ത്തുന്നതും പഠിപ്പിക്കുന്നതും ഒക്കെ വളരെ പ്രയാസമുള്ള കാര്യങ്ങളാ. അവ൪ പഠിച്ച് വള൪ന്ന് വലിയ മക്കളായി അവരും കല്യാണം കഴിച്ച് കൊച്ചുമക്കളും ഒക്കെ ആകുമ്പോൾ നമ്മുടെ മക്കളിൽ നിന്നുള്ളതിനേക്കാൾ സന്തോഷം കൊച്ചുമക്കളിൽ നിന്ന് ലഭിക്കും. പിഞ്ചു കുഞ്ഞിനെ കാണുമ്പോൾ അതിൻെറ കവിളത്ത് ഒന്ന് പിച്ചിയാൽ അത് ചിരിക്കും. ആ ചിരി കാണുമ്പോൾ നമ്മളിലും സന്തോഷം ജനിക്കും. അതും ഒരു ജീവിതാനുഭവമാണ്. ജീവിതത്തിൻെറ സങ്കീ൪ണതയിലൂടെ കടന്ന് അതിനെ ജയിക്കുന്ന ജീവിതം രൂപപ്പെടുത്തലാണ് യഥാ൪ഥ ജീവിതാനുഭവം.
സ്വ൪ഗാദി സ്വ൪ഗങ്ങളിൽ വസിക്കുന്ന ദൈവം ഈശ്വരനെ നിഷേധിച്ച് സകലതും താറുമാറാക്കിയ മനുഷ്യൻെറ രക്ഷക്കും അനുഗ്രഹത്തിനും നിലനിൽപിനുമായി മനുഷ്യനായി അവതരിച്ചു എന്നുള്ളത് മിക്കവാറും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. അങ്ങനെയുള്ള ദൈവ അവതാരമാണ് യേശു. മനുഷ്യനായി, മനുഷ്യരുടെ കൂടെ, മനുഷ്യ൪ക്ക് വേണ്ടി ജീവിച്ച് നഷ്ടപ്പെട്ടുപോയ മനുഷ്യത്വം അവ൪ക്ക് അവകാശമായി കൊടുത്ത ജീവിതമാണ് യേശുവിൻേറത്. മനുഷ്യന് സ്വ൪ഗം ലഭിക്കുന്നതിനുവേണ്ടി മനുഷ്യനൊപ്പം ജീവിച്ച് മനുഷ്യനെ സ്വ൪ഗത്തിൻെറ അവകാശിയാക്കിത്തീ൪ത്ത ദൈവ പുത്രനാണ് യേശു. ദൈവവും ലോകവും നഷ്ടപ്പെട്ട മനുഷ്യന് അവരണ്ടും വീണ്ടെടുക്കുന്നതിനായി പരിമിതികളില്ലാത്ത ദൈവമായ യേശു പരിമിതികളുള്ള മനുഷ്യനോടൊപ്പം ജീവിച്ച് മനുഷ്യത്വത്തെ അ൪ഥവത്താക്കി. നഷ്ടപ്പെട്ടുപോയത് ലഭിക്കുന്നതിനും ആവശ്യങ്ങൾ കണ്ടെത്തുന്നതിനും ലോകം സമാധാനത്തിൻെറ അനുഗ്രഹത്തിലേക്ക് നീങ്ങുന്നതിനും യേശുവിൻെറ ജനനവും മരണവും സഹായിക്കും.
ക്രിസ്മസ് വ്യക്തികൾ ഒത്ത് കൂടി മനുഷ്യനെയും സമൂഹത്തെയും അവഗണിച്ച് ഉല്ലസിച്ച് തീ൪ക്കുന്നതിനുള്ളതല്ല. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാവും. അതുകൊണ്ട് 2012 ലെ ക്രിസ്മസ് ആചരണവും ആഘോഷവും കേരള സമൂഹത്തെ പുതുക്കുന്നതായി തീരണം. ദൈവം മഹത്വപ്പെടണം. മനുഷ്യന് സമാധാനം ലഭിക്കണം. സ൪വരും സന്തോഷിക്കണം. ഇതൊരു പ്രസംഗവിഷയമല്ല. പ്രവ൪ത്തന പരിപാടിയാവണം. എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്നതിനും മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധവക്കുന്നതിനും ഇടയാകട്ടെ എന്ന് പ്രാ൪ഥിക്കുന്നു.
മറ്റുള്ളവ൪ സന്തോഷിക്കുമ്പോൾ ആ സന്തോഷത്തിൽ സന്തോഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. മറ്റുള്ളവരുടെ സന്തോഷം തൻെറ ആവശ്യമായി കാണണം. അതിന് ത്യാഗ മനസ്ഥിതി ഉണ്ടാവണം. ത്യാഗമില്ലാതെ അനുഗ്രഹമില്ല. തൃജിക്കുക എന്ന് പറഞ്ഞാൽ അരബിന്ദോ സ്വാമികൾ പറഞ്ഞിട്ടുണ്ട് ഉപേക്ഷിക്കുകയല്ല അതിൻെറ മേൽ ഉയരുകയാണെന്ന്. അതായത് ലഡു കഴിക്കുന്ന ഒരുത്തൻ അത് ഉപേക്ഷിച്ചിട്ട് സാമ്പാറിൽ താൽപര്യമെടുക്കുന്നത് വള൪ച്ചയുടെ ഒരു ലക്ഷണമാണ്. ലഡു എല്ലാവ൪ക്കും ഇഷ്ടമാണ്. എല്ലാവ൪ക്കും ഇഷ്ടമില്ലാത്ത സാമ്പാ൪ ഉപയോഗിക്കാൻ പഠിക്കുന്നത് മനുഷ്യത്വം വളരുന്നതിൻെറ ലക്ഷണമാണ്.
ഈയിടെ സിനിമാതാരം ഇന്നസെൻറിനെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു. ഒരിക്കൽ മോഹൻലാൽ ഒരുത്തനുമായി പിണങ്ങി. ആരു പറഞ്ഞിട്ടും അവനെ സ്വീകരിക്കാൻ ലാൽ തയാറായില്ല. അവസാനം മറ്റുള്ളവ൪ പറഞ്ഞു. നീ ചെന്ന് ലാലിൻെറ കാല്പിടി. എങ്കിലേ രക്ഷയുള്ളൂവെന്ന്. അപ്പോൾ അവൻ പറഞ്ഞു. എങ്കിൽ ശരി ‘കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നല്ലേ, പിടിച്ചേക്കാം’. അപ്പോൾ കേട്ട് നിന്നവൻ പറഞ്ഞത് ‘കാര്യം കാണാൻ കഴുത കാലും പിടിക്കും’ എന്നാണ് ചൊല്ല് എന്നാണ്. ഒരേ വാചകം രണ്ട് വിധത്തിൽ വ്യാഖ്യാനിക്കുകയാണ് ഇവിടെ ചെയ്തത്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വചനങ്ങൾ വ്യാഖ്യാനിച്ച് ഒരോരുത്തരും താന്താങ്ങളുടെ ചെയ്തികളിൽ ന്യായീകരണം കണ്ടെത്തുകയാണ്. ദൈവത്തിൻെറ നാടായ കേരളത്തെ ദൈവത്തിൽ നിന്ന് പിടിച്ച് പറിക്കുന്ന അവസ്ഥയാണ്. കേരളം സ്നേഹം, നീതി, സമാധാനം, സന്തോഷം, എന്നിവയുടെ വിളനിലമാകാൻ ഈശ്വരൻ നമ്മെ സഹായിക്കട്ടെ. അനുഗ്രഹിക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.