ചിറക്കലില്‍ വെറുതേ ഒരു സ്റ്റേഷന്‍
text_fieldsകണ്ണൂ൪: കൈത്തറിക്ക് പ്രൗഢിയുണ്ടായിരുന്ന കാലത്തെ ആളും ആരവവുമുള്ള ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പഴമക്കാരുടെ ഓ൪മ മാത്രം. ഇപ്പോൾ, പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതെ, സൗകര്യങ്ങളില്ലാതെ തക൪ച്ചയുടെ വക്കിലാണ് ചരിത്ര പ്രസിദ്ധമായ ഈ റെയിൽവേ സ്റ്റേഷൻ.
കൈത്തറിയുടെ പ്രധാന കേന്ദ്രം എന്ന നിലയിൽ ചരക്ക് ഗതാഗതത്തിന് മുൻ തൂക്കം നൽകിയായിരുന്നു സ്റ്റേഷൻെറ തുടക്കം. ഇപ്പോൾ ജീവനക്കാ൪ പോലുമില്ലാത്ത ട്രെയിൻ ഹാൾട്ടിങ് സ്റ്റേഷനാണ് ഇവിടം. വല്ലപ്പോഴും കടന്ന പോകുന്ന പാസഞ്ച൪ ട്രെയിനുകൾ മാത്രമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പാസഞ്ച൪ ട്രെയിനിനെ ആശ്രയിച്ച് വരുന്ന യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
ചിറക്കൽ കൃഷ്ണ ക്ഷേത്രം, ഫോക്ലോ൪ അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവ൪ കണ്ണൂരിൽ ബസ് ഇറങ്ങിവരേണ്ട അവസ്ഥയാണുള്ളത്. റെയിൽപാത ഇരട്ടിപ്പിക്കുന്നതിൻെറ ഭാഗമായി 10 മീറ്ററോളം കുഴിച്ച് താഴ്ത്തിയതോടെ പ്ളാറ്റ്ഫോമുകൾ ഉയ൪ന്നും താഴ്ന്നുമാണ് നിലകൊള്ളുന്നത്. ഇത് ശരിയാക്കാൻ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
പ്ളാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതും ജനങ്ങളെ വലക്കുന്നു. മഴയായാലും വെയിലായാലും സ്വന്തം കാര്യം യാത്രക്കാ൪ നോക്കണം എന്നതാണ് റെയിൽവേയുടെ നിലപാട്. ഭൗതിക സാഹചര്യം വ൪ധിപ്പിക്കാൻ മൂന്ന് വ൪ഷം മുമ്പ് 28 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുട൪നടപടികളൊന്നുമുണ്ടായില്ല. ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഭൗതിക സാഹചര്യങ്ങൾ ഏ൪പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് കെ. ലത ചെയ൪മാനും സി.എച്ച്. ബാലകൃഷ്ണൻ കൺവീനറുമായുള്ള ആക്ഷൻ കമ്മിറ്റി അധികൃത൪ക്ക് നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ, ചിറക്കൽ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കാൻ അധികൃത൪ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.