ഡി.സി.സി പ്രസിഡന്‍റായി തമ്പാന്‍ ചുമതലയേറ്റു
text_fieldsകൊല്ലം: ജില്ലയിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെ ഡി.സി.സി പ്രസിഡൻറായി ജി. പ്രതാപവ൪മതമ്പാൻ ചുമതലയേറ്റു. ഡി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ നിലവിലെ പ്രസിഡൻറായിരുന്ന കടവൂ൪ ശിവദാസനിൽ നിന്ന് തമ്പാൻ ചുമതല ഏറ്റെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി ജില്ലയിൽ താൻ മത്സരിക്കാനില്ലെന്നും മത്സരിക്കുന്നവരെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമെന്നും സ്ഥാനമേറ്റ് നടത്തിയ പ്രസംഗത്തിൽ തമ്പാൻ പറഞ്ഞു. അതേസമയം സ്ഥാനമേൽക്കൽ ചടങ്ങിൽ ‘ഐ’ വിഭാഗക്കാരായ ഒരുവിഭാഗം വിട്ടുനിന്നു. എന്നാൽ ‘ഐ’ക്കാ൪ വിട്ടു നിന്നിട്ടില്ലെന്നും അസൗകര്യങ്ങൾ മൂലം ചില൪ക്ക് വരാൻ കഴിയാത്തതാണെന്നും ഡി.സി.സി പ്രസിഡൻറ് പ്രതികരിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ തടിച്ചുകൂടിയ നേതാക്കളുടെയും പ്രവ൪ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനമേൽക്കൽ ചടങ്ങ്.
ജില്ലയിലെ കോൺഗ്രസ് പാ൪ട്ടിയിൽ പോരായ്മകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും മുതി൪ന്ന നേതാവ് സി.വി. പത്മരാജൻ പറഞ്ഞു.
സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം നി൪ദേശിച്ചു. താൻ ഡി.സി.സി പ്രസിഡൻറായി പ്രവ൪ത്തിച്ച കാലഘട്ടത്തിൽ പാ൪ട്ടിക്ക് പലനേട്ടങ്ങളും കൈവരിക്കാൻ കഴിഞ്ഞയായി കടവൂ൪ ശിവദാസൻ പറഞ്ഞു. ഐക്യത്തോടെ പാ൪ട്ടി സംവിധാനം ജില്ലയിൽ മുന്നോട്ടുപോകണമെന്നും തൃശൂരിൽ ഇപ്പോൾ നടക്കുന്നതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും കടവൂ൪ ഓ൪മിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഒന്നും നേടാൻ കഴിയാതെപോയ നഷ്ടബോധം ഉൾക്കൊണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ ജില്ലയിൽ പാ൪ട്ടിയെ ശക്തമാക്കുകയാണ് വേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചരിത്ര നിയോഗമാണ് താൻ ഏറ്റെടുക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ പ്രതാപവ൪മതമ്പാൻ പറഞ്ഞു. ഡി.സി.സിക്ക് പുതിയ മന്ദിരം നി൪മിക്കാൻ മുൻകൈയെടുക്കും. എല്ലാവരും ഒരുമിച്ച് നിന്നാൽ ജില്ലയിൽ കോൺഗ്രസിന് അദ്ഭുതം സൃഷ്ടിക്കാനാവും. ഡി.സി.സി പ്രസിഡൻറ് മാത്രം വിചാരിച്ചാൽ ഒന്നും ചെയ്യാനാവില്ല. കോൺഗ്രസ് അഭിപ്രായമുള്ള സംഘടനയായതിനാൽ അഭിപ്രായ വ്യത്യാസവും സ്വഭാവികമാണ്. എല്ലാ അഭിപ്രായങ്ങളും ഉൾക്കൊണ്ടാവും താൻ പ്രവ൪ത്തിക്കുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ
മാത്രം സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്ന രീതിയാണ് താഴേതട്ടിലടക്കം കഴിഞ്ഞകാലങ്ങളിൽ ഉണ്ടായിരുന്നത്. അത് മാറ്റി താഴേതട്ടിലടക്കം പാ൪ട്ടി സംവിധാനം എപ്പോഴും സജീവമാക്കി നിലനി൪ത്തും.
നിയോജക മണ്ഡലം കമ്മിറ്റികളിൽ ഡി.സി.സി പ്രസിഡൻറ് പങ്കെടുക്കും. പാ൪ട്ടിയോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാത്ത ഭാരവാഹികളുടെ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.സി.രാജൻ, ഹിദു൪മുഹമ്മദ്, ഇ.മേരിദാസൻ, കെ.പി.സി.സി വൈസ്പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഭാരതീപുരം ശശി, ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, സെക്രട്ടറിമാരായ എ.ഷാനവാസ്ഖാൻ, ജി.രതികുമാ൪, ചാമക്കാല ജ്യോതികുമാ൪ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.