അനധികൃത തൊഴിലാളികള്‍: ദമ്മാമില്‍ വ്യാപക പരിശോധന
text_fieldsദമ്മാം: അനധികൃത താമസക്കാരേയും തൊഴിലാളികളേയും കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ ദമ്മാമിലും പരിസര പ്രദേശങളിലും തൊഴിൽ വകുപ്പും പാസ്പോ൪ട്ട് വകുപ്പും സംയുക്തമായി നടത്തിയ ക൪ശന പരിശോധനയിൽ നിരവധി പേ൪ പിടിയിലായി. ഇഖാമയുള്ളവരും കാഴ്ചക്കാരും വഴിയാത്രക്കാരുമൊക്കെ പിടിയിലായതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ പരിഭ്രാന്ത്രരായി. അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്താനുള്ള ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. നിരവധി കമ്പനികളിൽ സംഘം മിന്നൽ പരിശോധന നടത്തി. തൊഴിലാളികളെ കൂടാതെ സന്ദ൪ശകരും മറ്റാവശ്യങ്ങൾക്കായി കാത്തിരുന്നവരുമൊക്കെ പിടിയിലായി. ഇഖാമയിലെ തൊഴിലും കമ്പനിയും പരിശോധിച്ച് എവിടെയാണ് ഇപ്പോൾ ജോലിചെയ്യുന്നതെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പലരേയും വിട്ടയച്ചത്. സ്പോൺസ൪മാരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരോട് സ്പോൺസറുമായി ഹാജരാകാൻ നി൪ദേശം നൽകി വിട്ടയച്ചു. അതേ സമയം ചുവപ്പിൽ കുടുങ്ങി മാസങ്ങളാായി ഇഖാമ പുതുക്കാൻ പോലുമാവാതെ കഴിഞ്ഞിരുന്ന നിരവധി പേരും ഇതോടൊപ്പം പിടിയിലായി. ഇവരിൽ സ്പോൺസ൪മാ൪ എത്താത്തവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ദമ്മാമിലെ വാട്ട൪ ടാങ്ക് ഏരിയയിൽ ദിനവും തൊഴിൽ കാത്തുനിൽക്കുന്ന നൂറുകണക്കിന് തൊഴിലാളികളും സുരക്ഷാപരിശോധകരുടെ പിടിയിൽ പെട്ടു. കഴിഞ്ഞ നാലു ദിവസമായി രാപ്പകലില്ലാതെ ഇവിടെ പരിശോധന നടന്നുവരികയാണ്. പരിശോധന പതിവായതോടെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ തൊട്ടടുത്തുള്ള നെസ്റ്റോ ഹൈപറിൽ നിന്ന് സാധനം വാങ്ങി അതിൻെറ ബില്ലുമായാണ് കഴിഞ്ഞ ദിവസം ഇവരിൽ പലരും തൊഴിൽ അന്വേഷകരായി തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിയത്. എന്നാൽ ഇതുമനസ്സിലാക്കിയ ഉദ്യോഗസ്ഥ൪ സംശയം തോന്നിയ മൂഴുവൻ പേരെയും തടഞ്ഞു നി൪ത്തി പരിശോധിക്കുകയാണുണ്ടായത്. വിദേശ തൊഴിലാളികൾ കൂടുതലുള്ള ദമ്മാമിലെ ചില പ്രത്യേകഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കിയത്.
അനധികൃത തൊഴിലാളികളെയും സഹായികളെയും കണ്ടെത്താനുള്ള പരിശോധന ഊ൪ജിതപ്പെടുത്തുമെന്നും ഈ വ൪ഷം പരിശോധനാ വ൪ഷമായിരിക്കുമെന്നും സൗദി തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് നേരത്തേ വ്യക്തമാക്കിയിരുന്നു. തൊഴിൽനിയമങ്ങൾ മന്ത്രാലയം കൂടുതൽ ക൪ക്കശമാക്കിയതോടെ ഫ്രീ വിസ തൊഴിലാളികളാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. സ്പോൺസ൪ക്ക് കൃത്യമായി മാസപ്പടി കൊടുത്ത് പുറം തൊഴിൽ തേടിയിരുന്നവരുടെ നില ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്രമുഖ കമ്പനിയിൽ നടന്ന പരിശോധനയിൽ 40 ഓളം അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു. കൂട്ടത്തിൽ സുഹൃത്തുകളെ സന്ദ൪ശിക്കാനെത്തിയ ആളുകളും പിടിയിലകപ്പെട്ടു. തങ്ങളുടെ വിശദീകരണം ചെവിക്കൊള്ളാൻ പോലും അധികൃത൪ തയാറായില്ലെന്ന് ഇതിൽ ചില൪ പറഞ്ഞു.അതേ സമയം നി൪മാണമേഖലകളിൽ തൊഴിലാളികൾക്ക് പ്രിയം വ൪ധിക്കുന്ന സാഹചര്യമാണുള്ളത്. ഇവരുടെ ദിവസ വേതനം ഇരട്ടിയിലധികമായാണ് കഴിഞ്ഞ ഒരു വ൪ഷത്തിനുള്ളിൽ വ൪ധിച്ചത്. ജുബൈലിൽ പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയിൽ ആവശ്യത്തിന് തൊഴിലാളികളെ കണ്ടെത്താനാവാത്ത സാഹചര്യമുണ്ട്. എന്നാൽ ബൂഫിയകളിലും ബഖാലകളിലും തൊഴിലെടുത്തിരുന്നവ൪ പുതിയ പ്രതിസന്ധികളുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ തിരിച്ചൊഴുക്കിൻെറ തയാറെടുപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.