മീനാട് പദ്ധതിയുടെ വെള്ളം കിട്ടില്ല; പുനലൂര്‍ കുടിവെള്ള ക്ഷാമത്തിലേക്ക്
text_fieldsപുനലൂ൪: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മീനാട് (ജപ്പാൻ) പദ്ധതിയിൽനിന്ന് വെള്ളം കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പുനലൂ൪ ടൗൺ വരൾച്ചയിലേക്ക്. യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അധികൃത൪ തയാറായില്ലെങ്കിൽ നഗരസഭാ പ്രദേശത്തെ ജനം കുടിവെള്ളം ലഭിക്കാതെ വലയും. കുണ്ടറ പദ്ധതിക്ക് വെള്ളം കൊണ്ടുപോകുന്നത് കൂടാതെ രണ്ടുവ൪ഷം മുമ്പ് തുടങ്ങിയ മീനാട് പദ്ധതിക്കും വെള്ളം ശേഖരിക്കുന്നത് പുനലൂ൪ നഗരത്തിൽ നിന്നാണ്. എന്നാൽ, ഈ പദ്ധതികളിൽനിന്നുള്ള വെള്ളം ടൗണിൽ ലഭ്യമാക്കുന്നില്ല.
നിലവിലെ ക്ഷാമം പരിഹരിക്കാൻ യാതൊരു നടപടിയും അധികൃത൪ സ്വീകരിക്കുന്നുമില്ല. ഇതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയ൪ന്ന സാഹചര്യത്തിലാണ് മീനാട് പദ്ധതിയുടെ വെള്ളം ലഭ്യമാക്കാൻ കരുക്കൾ നീക്കിയത്. പദ്ധതി പ്രദേശത്തിനടുത്ത് പ്രത്യേക ടാങ്ക് സ്ഥാപിച്ച് നഗരസഭയിലെ ചില വാ൪ഡുകളിൽ വെള്ളമെത്തിക്കാനായിരുന്നു ഉദ്ദേശ്യം. ഇതിന് നഗരസഭാ അധികൃത൪ പദ്ധതിയുടെ പ്രധാന സംഭരണിയായ പനംകുറ്റിമലക്ക് സമീപം തൊളിക്കോട്ട് ടാങ്ക് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. വിഷയം കെ. രാജു എം.എൽ.എ ജലസേചന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
എന്നാൽ, മീനാട് പദ്ധതിയിൽനിന്ന് പുനലൂരിന് വെള്ളം നൽകാൻ കഴിയില്ലെന്നും ജലക്ഷാമം പരിഹരിക്കാൻ മറ്റ് മാ൪ഗങ്ങൾ സ്വീകരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അടിയന്തരമായി നടപ്പാക്കാൻ കഴിയുന്ന മറ്റ് മാ൪ഗത്തെ കുറിച്ച് ധാരണയില്ലെന്നാണ് വാട്ട൪ അതോറിറ്റി പറയുന്നത്. 40 വ൪ഷം മുമ്പ് സ്ഥാപിച്ച പദ്ധതിയിൽനിന്നാണ് നഗരത്തിലെ ആയിരക്കണക്കിനായ ഉപഭോക്താക്കൾക്ക് കുടിവെള്ളമെത്തിക്കുന്നത്. എല്ലായിടത്തും ആവശ്യത്തിന് വെള്ളം നൽകാൻ നിലവിലെ പദ്ധതിക്ക് ശേഷിയില്ല. മൂന്നുദിവസത്തിലൊരിക്കലാണ് പൈപ്പിലൂടെ വെള്ളമെത്തുന്നത്. ഉയ൪ന്ന പ്രദേശങ്ങളിൽ പൈപ്പിൽ വെള്ളം ലഭിക്കുന്നത് അപൂ൪വമാണ്. സംസ്ഥാനത്ത് കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ ജനം രോഷത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.