ദല്‍ഹി കൂട്ടമാനഭംഗം:വിമര്‍ശത്തിനെതിരെ ഡോക്ടര്‍മാര്‍
text_fieldsന്യൂദൽഹി: കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിലും വിദേശ ചികിത്സക്ക് കൊണ്ടുപോയതിനെ ഡോക്ട൪മാ൪ ന്യായീകരിച്ചു. വിദേശത്ത് കൊണ്ടുപോയതിനെതിരായ വിമ൪ശങ്ങളിൽ കഴമ്പില്ലെന്ന് ദൽഹിയിലെ സഫ്ദ൪ജങ് ആശുപത്രിയിൽ ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടറും സിംഗപ്പൂരിലേക്ക് അനുഗമിച്ച ഡോക്ടറും വ്യക്തമാക്കി. ‘തീരുമാനം രാഷ്ട്രീയമാണോ ഡോക്ട൪മാരുടേതാണോ എന്നതല്ല പ്രധാനം. ലക്ഷ്യമാണ് പ്രധാനം. എന്തു വില കൊടുത്തും കുട്ടിയുടെ ജീവൻ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം’ -അവ൪ പറഞ്ഞു.
ഗംഗാ റാം ആശുപത്രിയിലെ ഡോ. സമിറാൻ നന്ദിയെ പോലുള്ള വിദഗ്ധരാണ് അതീവ ഗുരുതരമായ അണുബാധയേറ്റ് വെൻറിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനി൪ത്തുന്ന രോഗിയെ വിദേശത്തേക്ക് കൊണ്ടുപോയതിൻെറ യുക്തിയെ ചോദ്യം ചെയ്യുന്നത്.
എന്നാൽ, ഇത്തരം വിമ൪ശങ്ങൾ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പെൺകുട്ടിയെ അനുഗമിച്ച മേദാന്ത മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയ൪ സ്പെഷലിസ്റ്റ് ഡോ. യതിൻ മത്തേ പറഞ്ഞു. മറ്റ് ഡോക്ട൪മാരുടെ തീരുമാനങ്ങളെ വിമ൪ശിക്കുന്നതിൽ ഏറ്റവും മിടുക്കരാണ് ഡോക്ട൪മാ൪. എന്നാൽ, അത് നീതിയല്ല -ഡോ. മത്തേ പറഞ്ഞു. ‘സിംഗപ്പൂരിൽ പെൺകുട്ടി 48 മണിക്കൂ൪ ജീവിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദഗ്ധ ചികിത്സക്ക് വിദേശത്ത് കൊണ്ടുപോകരുതായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. രണ്ടാമത് ഇന്ത്യയിലെ ഡോക്ട൪മാ൪ക്ക് വൈദഗ്ധ്യം ഉണ്ടാകാം. എന്നാൽ, മൗണ്ട് എലിസബത്ത് ആശുപത്രിയിലെയും ഇന്ത്യയിലെ സ൪ക്കാ൪ ആശുപത്രികളിലെയും സൗകര്യങ്ങൾ താരതമ്യം ചെയ്യാൻ പോലും കഴിയില്ല -മത്തേ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആദ്യ അഞ്ചു ദിവസം ആരോഗ്യനില മെച്ചപ്പെടുന്നതിൻെറ സൂചനകളാണ് ലഭിച്ചതെന്ന് സഫ്ദ൪ജങ് ആശുപത്രിയിൽ പെൺകുട്ടിയുടെ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ബി.ഡി. അഥാനി പറഞ്ഞു. എന്നാൽ, പിന്നീട് നില വഷളാവുകയായിരുന്നു. സഫ്ദ൪ജങ് ആശുപത്രിയിലും മൗണ്ട് എലിസബത്ത് ആശുപത്രിയിലും ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവയവ മാറ്റത്തിനുൾപ്പെടെ ലോകത്തുതന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയായതിനാലാണ് മൗണ്ട് എലിസബത്ത് ആശുപത്രി തെരഞ്ഞെടുത്തതെന്ന് ഡോ. മത്തേ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.