മുഖംമൂടിസംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
text_fieldsപാലാ: കാറിലെത്തിയ മുഖംമൂടിസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. രാമപുരത്ത് വീട്ടിൽ ഡോ.ആ൪.വി.ജോസിൻെറ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ആ൪.വി. ചാക്കോക്കാണ് (28) വെട്ടേറ്റത്. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ചികിത്സയിലാണ്.
തോളിലും കൈക്കും കാലിനും ഉൾപ്പെടെ ദേഹത്ത് 15 ലേറെ വെട്ടേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി 11ന് മരങ്ങാട്ടുപള്ളിക്ക് സമീപമാണ് സംഭവം. എറണാകുളത്തുനിന്നും കാറിൽ സുഹൃത്ത് അരുൺടോമിനൊപ്പം പാലായിലേക്ക് വരുമ്പോൾ മരങ്ങാട്ടുപള്ളിക്കുസമീപം എതി൪ദിശയിൽ നിന്നും എത്തിയ കറുത്തകാ൪ റോഡിന് വിലങ്ങിട്ടശേഷം മുഖംമൂടി ധരിച്ചവ൪ അരുണിനെ മ൪ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുട൪ന്ന് വടിവാൾകൊണ്ട് ചാക്കോയെ വെട്ടുകയായിരുന്നു. അക്രമത്തിനിടെ മുളകുപൊടി പ്രയോഗവും നടത്തി അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പരമലക്കുന്ന് കോളനിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചതിൻെറ പേരിൽ വധഭീഷണിയുള്ളതായി മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തോമസുകുട്ടി മുകാലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജാൻസ് കുന്നപ്പള്ളി, ബിജു പുന്നത്താനം, അഡ്വ.സന്തോഷ് മണ൪കാട്, ആ൪. മനോജ്, മാത്തുകുട്ടി ചെമ്പകശേരി, അനിൽ പൊങ്ങവന,പി.ആ൪. രാഹുൽ , തോമസുകുട്ടി നെച്ചിക്കാട് തോമസ് ആ൪.വി. ജോസ്, ടോം രാജ് എന്നിവ൪ സംസാരിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് പാലായിൽ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് യൂത്ത്കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.