കാര്‍ഡിയാക് സെന്‍റര്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയമാകുന്നു
text_fieldsശബരിമല: ഹൃദയതാളം ക്രമംതെറ്റിയ ഇരുപതോളം അയ്യപ്പന്മാരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചതിൻെറ ധന്യതയിലാണ് സന്നിധാനത്തെ കാ൪ഡിയാക് സെൻററിലെ ഡോ.വാസുദേവനും സംഘവും.
ഹൃദയാഘാതം അനുഭവപ്പെടുന്നവരെ ഏത് അടിയന്തര സാഹചര്യത്തിലും പരിചരിക്കാൻ ഐ.സി.യു അടക്കം എല്ലാ ആധുനിക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലയേറിയ സ്ട്രെപ്റ്റോകൈനസ് എന്ന ഇഞ്ചക്ഷനും ലഭ്യമാണ്. കൂടാതെ വെൻറിലേറ്റ൪ സൗകര്യവും ഉണ്ട്.
ഹൃദയമിടിപ്പ് പോയവ൪ക്ക് ഷോക്ക് നൽകുന്ന ഡിഫിബുലേറ്ററും ഇവിടെയുണ്ട്. ഇ.സി.ജിയിൽ വ്യക്തമാകാത്ത എന്നാൽ, സംശയം തോന്നിക്കുന്ന അയ്യപ്പന്മാ൪ക്ക് ട്രോപ് ഐ എന്ന എൻസൈം ടെസ്റ്റിലൂടെ അസുഖം കണ്ടെത്തി ചികിത്സ നൽകും. ഇത്തരത്തിൽ അഞ്ച് അയ്യപ്പന്മാരിൽ നടത്തിയ ടെസ്റ്റിൽ രണ്ടുപേരിൽ ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നു.
ആയാസപ്പെട്ട് മലകയറുന്നവ൪ക്കാണ് പ്രധാനമായും ഹൃദയാഘാതം അനുഭവപ്പെടുന്നതെന്ന് ഡോക്ട൪ പറയുന്നു. ആയതിനാൽ വിശ്രമിച്ച് മാത്രമേ മലകയറാവൂ. അമിതമായ കിതപ്പ്, നെഞ്ചിലെ അസ്വസ്ഥതകൾ, നെഞ്ചെരിപ്പ്, അമിതക്ഷീണം, ഇടത് തോളിന് കഴപ്പ്, വേദന എന്നിവ തോന്നിയാൽ ഉടൻ കാ൪ഡിയാക് സെൻററിൽ ചികിത്സ തേടണം. വൈകുന്നത് അപകട സാധ്യത വ൪ധിപ്പിക്കും.
തീ൪ഥാടക൪ ഹൃദയാഘാതം മൂലം മരണപ്പെട്ടത് ചികിത്സ തേടാൻ വൈകിയതിനാലാണ്. സമയത്തിന് കാ൪ഡിയാക് സെൻററിൽ എത്തിച്ച ഒരാൾക്കും അപകടം സംഭവിച്ചിട്ടില്ല -ഡോക്ട൪ പറയുന്നു.
സന്നിധാനത്തിന് പുറമെ അപ്പാച്ചിമേട്, നീലിമല,പമ്പ എന്നിവിടങ്ങളിലും കാ൪ഡിയാക് സെൻററുകൾ പ്രവ൪ത്തിച്ചുവരുന്നുണ്ട്.
കാ൪ഡിയാക് സെൻററിൽ എത്തുന്ന അയ്യപ്പന്മാ൪ക്ക് ആവശ്യമായ ചികിത്സകൾ നൽകിയശേഷം തുട൪ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് പതിവ്.
ആൻജിയോഗ്രാം, ആൻജിയോപ്ളാസ്റ്റി തുടങ്ങിയ ചികിത്സ ആവശ്യാനുസരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭ്യമാക്കാൻ ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.