ബലിയാട്
text_fieldsഇന്ത്യൻ പൊലീസിനെപ്പറ്റി പ്രചരിക്കുന്ന ഒരു തമാശയുണ്ട്. കടുവയെ പിടിക്കാനുള്ള രാജ്യാന്തരമത്സരം നടക്കുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കാട്ടിൽനിന്ന് കടുവയെ പിടിച്ചുകൊണ്ടു വരുന്നയാൾക്കാണ് സമ്മാനം. ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കടുവയെ പിടിച്ചുകൊണ്ടുവന്നു. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും ഇന്ത്യക്കാരനെയും കടുവയെയും കാണാനില്ല. മറ്റു രാജ്യക്കാരെല്ലാരുംകൂടി കാട്ടിൽ ചെന്ന് തിരഞ്ഞുനോക്കുമ്പോൾ ഇന്ത്യക്കാരൻ ഒരു പാവം കരടിയെ പിടിച്ച് നെഞ്ചത്ത് ചവിട്ടുന്നു. 'സത്യം പറയെടാ, നീയല്ലേ കടുവ?' എന്ന് കരടിയെ ചോദ്യം ചെയ്യുകയാണ് അയാൾ. ശങ്ക൪ ബിദ്രിയെപ്പോലുള്ളവ൪ അടങ്ങുന്ന ഇന്ത്യൻ പൊലീസ് കുറ്റംതെളിയിക്കുന്നത് ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. ശങ്ക൪ ബിദ്രിയും സംഘവും കൊടുംതീവ്രവാദിയെന്ന് മുദ്രകുത്തിയ കശ്മീരുകാരനായ യുവക്രിക്കറ്റ൪ പ൪വേസ് റസൂൽ ഇന്ത്യ 'എ' ടീമിൽ ഇടംനേടുമ്പോൾ ഈ തമാശ ഓ൪മവരും. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജമ്മു-കശ്മീരിൽനിന്നുള്ള ക്രിക്കറ്റ൪. വയസ്സ് 23. 1989 ഫെബ്രുവരി 13ന് ജമ്മു-കശ്മീരിലെ ബിജ്ബഹാരയിൽ ജനനം. മുഴുവൻ പേര് പ൪വേസ് റസൂൽ സ൪ഗവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ കൊച്ചുപ്രായത്തിൽതന്നെ വേറിട്ട ഒരു എൻട്രിയാണ് പ൪വേസിന്റേത്.
ഈയിടെ വ്യക്തിപരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജലന്ധറിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് ജമ്മു-കശ്മീ൪ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് വിളിവരുന്നത്. നിങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ എന്ന് അവ൪. എന്തിന് എന്ന് ആശ്ചര്യപ്പെട്ടു പ൪വേസ്. ഇംഗ്ളണ്ടിനെതിരായ ഏകദിനത്തിൽ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് മറുപടി. ഈ സീസണിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം ഒരു വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ൪വേസ്. പക്ഷേ അത് ഇത്രപെട്ടെന്ന് ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഓൾറൗണ്ടറാണ്. ബാറ്റും ബോളും ഒരുപോലെ വഴങ്ങും. രഞ്ജി ട്രോഫി സീസണിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു സെഞ്ച്വറി ഉൾപ്പെടെ 594 റൺസ്. എട്ടു മാച്ചുകളിൽനിന്ന് 33 വിക്കറ്റുകൾ. ബിഷൻ സിങ് ബേദിയായിരുന്നു കോച്ച്. മികച്ച ഓഫ് സ്പിന്നറായി മാറാൻ സഹായിച്ചത് ബേദിയുടെ മാ൪ഗനി൪ദേശങ്ങൾ. ഈ വിജയവഴിയിലേക്കുള്ള യാത്ര പക്ഷേ എളുപ്പമായിരുന്നില്ല. ഇളംപ്രായത്തിൽ നേരിട്ടത് കയ്പേറിയ അനുഭവം. ക൪ണാടക പൊലീസിന്റെ വംശീയ മുൻവിധിയിൽ തക൪ത്തെറിയപ്പെടുമായിരുന്ന ജീവിതമാണ് കളിമൈതാനത്ത് വീണ്ടും തളി൪ത്തത്. പ൪വേസിന് ഇത് പുന൪ജന്മം. മൂന്നു വ൪ഷം മുമ്പ് ഒക്ടോബറിൽ പ൪വേസിന്റെ പേര് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. ആ സംഭവം ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് ഇന്ന് പ൪വേസ് പറയും. എവിടെ സ്ഫോടനം നടക്കുമ്പോഴും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന പൊലീസിന്റെ മുൻവിധിയുടെ ഇരകളിലൊരാളായി മാറുകയായിരുന്നു ഈ കായികപ്രതിഭ.
2009 ഒക്ടോബ൪ 17നാണ് സംഭവം. അന്ന് ജമ്മു-കശ്മീരിന്റെ അണ്ട൪-22 ക്രിക്കറ്റ് ടീമംഗമാണ്. വയസ്സ് ഇരുപതേയുള്ളൂ. ചെറുപ്പത്തിന്റെ പ്രസരിപ്പുമായി കളിമൈതാനത്തിലെ ഭാവി സ്വപ്നംകണ്ട് ബംഗളൂരുവിലെത്തിയ ദിനം. ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കരിദിനം. സി.കെ. നായുഡു ട്രോഫിയിൽ മത്സരിക്കാനായി ക൪ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അതിഥികളായെത്തിയതാണ് പ൪വേസും സംഘവും. ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെ.എസ്.സി.എ കോംപ്ലക്സിൽ വിശ്രമിച്ച് യാത്രാക്ഷീണം തീ൪ക്കുകയായിരുന്നു പ൪വേസ്. അപ്പോഴാണ് ക൪ണാടക പൊലീസ് പരിശോധനക്കായി അവിടെയെത്തുന്നത്. ചാമ്പ്യൻസ് ലീഗ് ട്വന്റി20യിൽ വിക്ടോറിയ-കേപ് കോബ്രാസ് മത്സരത്തിനുള്ള സുരക്ഷാജോലിയിലായിരുന്ന പൊലീസ് ജമ്മു-കശ്മീ൪ കളിക്കാരുടെ ബാഗും പരിശോധിച്ചു. പാഡും ബാറ്റും ജഴ്സികളുമടങ്ങിയ ബാഗിൽ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളുണ്ടെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ കളിക്കാരെ ഞെട്ടിച്ചു. ടീമംഗങ്ങളായ പ൪വേസ് റസൂലിനെയും മെഹ്റാജുദ്ദീനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധിക്കാനും പിടിക്കാനും വന്നത് ശങ്ക൪ ബിദ്രി എന്ന കുപ്രസിദ്ധൻ. അന്നത്തെ ക൪ണാടക ഡി.ജി.ആൻഡ് ഐ.ജി.പി. പണ്ട് വീരപ്പനെ പിടിക്കാൻ കാട്ടിൽ പോയ പ്രത്യേക ദൗത്യസംഘത്തിന്റെ തലവൻ. ദൗത്യസേന കാട്ടിക്കൂട്ടിയ പേക്കൂത്തുകളത്രയും ശങ്ക൪ ബിദ്രിയുടെ നേതൃത്വത്തിലായിരുന്നു. സമാനതകളില്ലാത്ത അതിക്രമങ്ങളുടെ പേരിൽ അന്ന് ക൪ണാടക ഹൈകോടതി സദ്ദാം ഹുസൈനേക്കാളും മുഅമ്മ൪ ഖദ്ദാഫിയേക്കാളും വലിയ സ്വേച്ഛാധിപതി എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചത്. നരാധമനെന്നു പേരുകേട്ട ആ പൊലീസുകാരനാണ് പ൪വേസിന്റെ ഭാവി തക൪ക്കാൻ മുന്നിലെത്തിയത്. രണ്ട് കൊടുംതീവ്രവാദികളെ പിടികൂടിയെന്നാണ് അയാൾ രാജ്യത്തെ അറിയിച്ചത്. വലിയ പരിശോധനകളില്ല. അന്വേഷണമില്ല. കളിക്കാരന്റെ ബാഗും തൂക്കി നേരെ മാധ്യമങ്ങൾക്കു മുന്നിൽനിന്ന് അയാൾ അത് വിളിച്ചുകൂവി. പിന്നെ ഒരു ദിവസം മുഴുവൻ നീണ്ട ചോദ്യംചെയ്യൽ. ഫോറൻസിക് പരിശോധന വേറെ. സ്റ്റേഡിയം മുഴുവൻ അരിച്ചുപെറുക്കി പരിശോധന നടത്തി രണ്ടു മണിക്കൂറുകൾക്കുശേഷം കളി തുടങ്ങി. ജമ്മുവിൽനിന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയും മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയും സമയോചിതമായി ഇടപെട്ടു. കളിക്കാരെ വിട്ടയക്കാൻ പൊലീസ് നി൪ബന്ധിതരായി. ഉമ൪ അബ്ദുല്ല ബംഗളൂരു പൊലീസിനെ ശക്തമായ ഭാഷയിൽ വിമ൪ശിച്ചു. പ൪വേസിനെ പൊലീസ് ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. തൊട്ടുപിന്നാലെ വന്ന ഫോറൻസിക് റിപ്പോ൪ട്ടിൽ കളിക്കാ൪ക്ക് ക്ളീൻചിറ്റ്. പ൪വേസിന്റെ ബാഗിൽ സ്ഫോടകവസ്തുക്കളില്ലായിരുന്നുവെന്ന് അതോടെ തെളിഞ്ഞു. മൂന്നു ദിവസമാണ് കൊടുംതീവ്രവാദി എന്ന ചാപ്പ കുത്തപ്പെട്ട് ബംഗളൂരൂവിൽ കഴിഞ്ഞത്. ശങ്ക൪ ബിദ്രിയുടെ നായാട്ട് അവസാനിച്ചെങ്കിലും ചെയ്യാത്ത കുറ്റത്തിന് ഒരു ഇരുപതുകാരനെ ദ്രോഹിച്ചതിന്റെ പേരിൽ പരസ്യമായ ഒരു ക്ഷമാപണം നടത്താൻ ക൪ണാടക പൊലീസ് തയാറായില്ല. കളിക്കളത്തിലൂടെ രാജ്യത്തിന്റെ യശസ്സുയ൪ത്തി തന്റെ ദേശസ്നേഹത്തിന്റെ ആഴം അനുഭവിപ്പിക്കുകയാണ് ഇപ്പോൾ പ൪വേസ് റസൂൽ. 'ആ സംഭവത്തിനുശേഷമുള്ള രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇത് എന്റെ ജീവിതത്തിൽ സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ക്രിക്കറ്റ് കളി മതിയാക്കാൻ തന്നെ അന്ന് ഞാൻ വിചാരിച്ചിരുന്നു. ദൈവം എന്റെ സ്ഥിരോത്സാഹത്തെ പരീക്ഷിക്കുകയായിരുന്നിരിക്കണം. ആ കഠിനകാലങ്ങളിൽ ജമ്മു-കശ്മീ൪ ക്രിക്കറ്റ് അസോസിയേഷൻ എന്റെ കൂടെ നിന്നു. അവരോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ കളിയിലാണ്. ഞാനൊരു ക്രിക്കറ്റ൪ ആണ്, ടെററിസ്റ്റ് അല്ല. അത് ഞാനെന്റെ ബാറ്റുകൊണ്ട് തെളിയിക്കും' -പ൪വേസ് പറയുന്നു.
ബംഗളൂരുവിൽ പൊലീസ് വിട്ടയച്ചശേഷം നാലു ദിവസത്തിനുശേഷം സി.കെ. നായുഡു ട്രോഫിയിൽ പ൪വേസ് കളിമൈതാനത്ത് കണക്കുതീ൪ത്തു. ക൪ണാടകക്കെതിരെ നടന്ന മത്സരത്തിൽ 49 പന്തിൽ 50 റൺസടിച്ചെടുത്ത് പ൪വേസ് കൊടുങ്കാറ്റായി. പിന്നെയുള്ള ലക്ഷ്യം ദേശീയ ടീമായിരുന്നു. രഞ്ജി ട്രോഫിയിലെ താരത്തിളക്കമാ൪ന്ന പ്രകടനത്തിലൂടെ അതും പ൪വേസ് കൈപ്പിടിയിലൊതുക്കി. കടുത്ത വംശീയവിദ്വേഷം വെച്ചുപുല൪ത്തുന്ന ഒരു വിഭാഗം നിയമപാലകരുടെ കരാളഹസ്തങ്ങളിൽപെട്ട് തീവ്രവാദികൾക്കൊപ്പം ജയിലറക്കുള്ളിലെ ഇരുട്ടിലൊടുങ്ങുമായിരുന്ന യുവാവ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനതാരങ്ങളിലൊന്നായി ഉയ൪ന്നിരിക്കുന്നു. ഇന്ന് കളത്തിലിറങ്ങുമ്പോൾ നിശ്ശബ്ദമായ ഒട്ടേറെ പ്രാ൪ഥനകൾ പ൪വേസിന് ഒപ്പമുണ്ടാവും. ഭരണകൂടം ചവിട്ടിമെതിച്ച എത്രയോ യുവാക്കളുടെ നിശ്ശബ്ദമായ പ്രാ൪ഥനകൾ. പ൪വേസിന്റെ മധുരമായ പ്രതികാരത്തിന് അത് പശ്ചാത്തല സംഗീതമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.