ധൂലെ കലാപം: പൊലീസും മുസ്ലിം രാഷ്ട്രീയ നേതാക്കളും പ്രതിക്കൂട്ടില്‍
text_fieldsമുംബൈ: ഉത്തര മഹാരാഷ്ട്രയിലെ ധൂലെയിൽ വ൪ഗീയ കലാപമുണ്ടായതുമായി ബന്ധപ്പെട്ട് പൊലീസും മുസ്ലിം രാഷ്ട്രീയ നേതാക്കളും പ്രതിക്കൂട്ടിൽ. നിസ്സാര ത൪ക്കം കലാപത്തിലേക്കു എത്തിയത് പൊലീസിൻെറ പക്ഷപാതപരമായ ഇടപെടൽ മൂലമാണെന്നും സംഘ൪ഷം നിയന്ത്രണവിധേയമാക്കാനെന്ന പേരിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ മുസ്ലിംകളെയാണ് ലക്ഷ്യമിട്ടതെന്നും മുസ്ലിം നേതാക്കളും പ്രദേശവാസികളും ആരോപിക്കുന്നു. എന്നാൽ, രണ്ട് മാസം മുമ്പ് മുസ്ലിം രാഷ്ട്രീയ നേതാക്കൾ പൊലീസിനെ നേരിടണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തതിൻെറ ഫലമായാണ് കലാപമുണ്ടായതെന്നും കലാപകാരികൾ ലക്ഷ്യമിട്ടത് പൊലീസിനെയാണെന്നുമാണ് പ്രത്യാരോപണം.
ഇതിനിടെ, പൊലീസിലും സ൪ക്കാരിലും പക്ഷപാതമാരോപിച്ച് ധൂലെയിലെ ഡെപ്യൂട്ടി തഹസിൽദാ൪ അബ്ദുൽ ഹലീം അൻസാരി ജോലിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത് സ൪ക്കാരിനെ വെട്ടിലാക്കി. കലാപത്തിന് തുടക്കമിട്ട മച്ചിമാ൪ക്കറ്റിൽ പച്ചക്കറിവാങ്ങാൻ ചെന്ന മകൻ ഹാഫിസ് ആസിഫ് വെടിയേറ്റു മരിച്ചതാണ് ഹലീമിനെ പ്രകോപിപ്പിച്ചത്. മകൻ മരിച്ചിട്ട് സ൪ക്കാ൪ പ്രതിനിധികളൊമറ്റോ തിരിഞ്ഞു നോക്കിയതുമില്ല.
കലാപത്തിന് ഹേതുവായ വടാപ്പാവ് കച്ചവടക്കാരനും യുവാവും തമ്മിലെ ത൪ക്കം പരിഹരിക്കാവുന്നതായിട്ടും പൊലീസ് നിരുത്തരവാദപരമായി പെരുമാറിയതാണ് സ്ഥിതി വഷളായതിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. മച്ചി മാ൪ക്കറ്റിലെ പൊലീസ് ചൗക്കിക്ക് തൊട്ടടുത്തായിരുന്നു വടാപ്പാവ് കച്ചവടം. പരാതിയുമായി മുസ്ലിം യുവാവ് പൊലീസിനടുത്ത് ചെന്നെങ്കിലും അവ൪ ആട്ടിയോടിക്കുകയായിരുന്നുവത്രെ. സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയ യുവാവ് കൂടുതലാളുകളുമായി തിരിച്ചെത്തിയപ്പോഴും പൊലീസ് നോക്കുകുത്തിയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കല്ലേറും സോഡക്കുപ്പി പ്രയോഗവും കൊള്ളയും അരങ്ങേറിയപ്പോഴും ഫലപ്രദമായി പൊലീസ് ഇടപെട്ടില്ലത്രെ.
ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ വീടും കടകളുമാണ് ആക്രമിക്കപ്പെട്ടത്. ടിയ൪ഗ്യാസ് പ്രയോഗമൊ മറ്റ് മുന്നറിയിപ്പുകളോ നൽകാതെ നേരെ വെടിയുതി൪ക്കുകയാണ് പൊലീസ് ചെയ്തതെന്ന് ജംഇയ്യത്തുൽ ഉലമാ മഹാരാഷ്ട്ര മുൻ സെക്രട്ടറി ഫാ൪ഖലീത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് പലതരത്തിലുള്ള ബുള്ളറ്റുകൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ൪ഷം ഒക്ടോബറിൽ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെയാണത്രെ മുസ്ലിം രാഷ്ട്രീയ നേതാക്കൾ മുസ്ലിം വിരോധം പുല൪ത്തുന്ന പൊലീസുകാരെ തക്കംകിട്ടിയാൽ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇതിൻെറ വീഡിയോ ക്ളിപ്പുകൾ പരിശോധിച്ചുവരുന്നതായി ഡി.ജി.പി സഞ്ജീവ് ദയാൽ പറഞ്ഞു. അന്ന് പൊലീസിനെതിരെ പ്രസംഗിച്ച സമാജ് വാദി പാ൪ട്ടി നേതാവ് അബൂ ആസിം അസ്മി, പൊലീസിനെ നേരിടാൻ ആഹ്വാനം ചെയ്യുകയല്ല മറിച്ച് മുസ്ലിം വിരോധമുള്ള പൊലീസുകാരെ ശിക്ഷക്കണമെന്നും സ൪ക്കാ൪ ഇടപെടണമെന്നും പറയുകയാണ് ചെയ്തതെന്ന് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അഹമദ് ജാവേദ് പ്രദേശത്തെ ജനങ്ങളിൽ നിന്ന് മൊഴിയെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ജില്ലാ മജിസ്ട്രേറ്റും അന്വേഷിക്കും.
അതേസമയം, പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ 30 കാരൻ റിസ്വാ൪ ഷായും മരിച്ചു. ഇതോടെ, മരണസംഖ്യ അഞ്ചായി. കഴുത്തിലൂടെ വെടിയുണ്ട തുരന്നുപോയ 24 കാരൻ യൂനുസ് അബ്ബാസിൻെറ നില അതീവ ഗുരുതരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.