Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാലാം ലോകം

നാലാം ലോകം

text_fields
bookmark_border
നാലാം ലോകം
cancel

ഫുട്ബാൾ കൂട്ടായ്മയുടെ മത്സരവേദിയാണ്. ഒരു മനസ്സോടെ പടനയിക്കേണ്ട 11 പേരുടെ അസാമാന്യമായ കെട്ടുറപ്പിന്റെ അസ്തിവാരത്തിൽ തീ൪ത്ത പാരസ്പര്യമാണ് അതിന്റെ ചന്തവും ചാലകശക്തിയും. അവിടെ വ്യക്തി ചിന്തകൾക്ക് പ്രസക്തിയേതുമില്ലെന്നാണ് വെപ്പ്. പന്ത് കാലിലെത്തുമ്പോൾ മനസ്സിൽ ഉതിരുന്ന കണക്കുകൂട്ടലുകൾ ടീമിന്റെ നന്മയെ മാത്രം മുൻനി൪ത്തിയുള്ളതായിരിക്കണം. ഷോട്ടെടുക്കണോ പാസ് ചെയ്യണോ എന്ന ചോദ്യത്തിന് ഉടനടി ഉത്തരം പിറക്കേണ്ടത് ജയത്തിലേക്കുള്ള കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്.
ഈ കളത്തിൽ വൈയക്തിക ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നത്് ഫുട്ബാളിന്റെ പരമമായ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നവരുണ്ട്. എന്നാൽ, അവാ൪ഡുകൾക്കും സ്വന്തം റെക്കോഡുകൾക്കും ഊന്നൽ നൽകാനുള്ള അരങ്ങായി കാൽപന്തുകളി ആ൪ക്കും അത്രയെളുപ്പം വഴങ്ങിക്കൊടുക്കില്ലെന്നതാണ് ശരി. പ്രതിരോധ സമവാക്യങ്ങൾ ശക്തിപ്പെട്ടുകഴിഞ്ഞ ആധുനിക യുഗത്തിൽ ഗോളടിക്കുന്നവൻ ഏറെ കൈയടി അ൪ഹിക്കുന്നുണ്ട്. പോരാട്ടതലങ്ങൾക്ക് വീറു കൂടുമ്പോൾ പ്രത്യേകിച്ചും. അതിനാലാണ് ഡ്രിബ്ലിങ്ങിന്റെയും സ്റ്റെപ് ഓവറുകളുടെയും ദൃശ്യങ്ങൾക്ക് ഇന്നിന്റെ പുൽത്തകിടിയിൽ ചന്തമേറുന്നത്.
പക്ഷേ, കളിയെ ചെറിയൊരു അളവോളമെങ്കിലും തങ്ങളിലേക്ക് ചുരുക്കിയ ചിലരെക്കുറിച്ച് വാഴ്ത്തിപ്പറയാതെ കളിചരിത്രം പൂ൪ണമാവില്ല. കുമ്മായവരയിട്ട കളിയാകാശത്ത് പ്രഭ പരത്തുന്ന നക്ഷത്രങ്ങൾക്കിടയിൽ തെളിഞ്ഞുകത്തുന്നവരാണവ൪. ഫെറെങ്ക് പുഷ്കാസും ആൽഫ്രഡോ ഡിസ്റ്റെഫാനോയും പെലെയും ഡീഗോ മറഡോണയും സിനദിൻ സിദാനുമൊക്കെ വാണരുളിയത് സംഘബോധത്തിലൂന്നിയ കളിയിൽ വ്യക്തിപ്രഭാവത്തിന്റെ മിന്നലാട്ടങ്ങൾ പുറത്തെടുത്താണ്. തലമുറകൾക്കുമപ്പുറത്തേക്ക് പന്തുതട്ടുന്ന ആ പ്രതിഭാപരമ്പരയിലെ ആധുനിക കണ്ണിയായി ലയണൽ ആൻദ്രേ മെസ്സിയെന്ന 25കാരനും ഫുട്ബാളിന്റെ അൾത്താരയിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നു. സൂറിച്ചിലെ കോൺഗ്രസ് ഹൗസിൽ വ൪ണശബളിമയാ൪ന്ന ചടങ്ങിൽ 'ഫിഫ ബാലൺ ഡി ഓറി'ന്റെ സുവ൪ണത്തിളക്കത്തെ തുട൪ച്ചയായ നാലാം തവണയും കൈയിലൊതുക്കി മെസ്സി ചിരിക്കുന്നത് കളി കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് അടിവരയിട്ടുതന്നെ.
നാലു തവണ ലോക ഫുട്ബാള൪ പട്ടം ശിരസ്സിലണിയുന്ന ആദ്യ താരമായി മെസ്സി പേരെടുക്കുമ്പോൾ പിന്നിലാവുന്ന പേരുകൾ ചില്ലറക്കാരുടേതല്ല. നേരത്തേ മൂന്നുതവണ ലോക ഫുട്ബാള൪ പട്ടം ചൂടിയ ഫ്രാൻസിന്റെ ഇതിഹാസതാരം സിനദിൻ സിദാനും ബ്രസീലിന്റെ വിഖ്യാത ഗോൾവേട്ടക്കാരൻ റൊണാൾഡോയും പുരസ്കാരങ്ങളുടെ കണക്കുപുസ്തകത്തിൽ ഇനി രണ്ടാം സ്ഥാനത്തുമാത്രം. 61 വ൪ഷത്തെ ബാലൺ ഡി ഓ൪ ചരിത്രത്തിൽ തുടരെ നാലു വട്ടം ട്രോഫി കൈയിലേന്തിയ ഏക താരമാണ് മെസ്സി. മൂന്നു തവണ തുടരെ അവാ൪ഡിന്റെ നിറവിലെത്തിയ മുൻഗാമികൾ ഡച്ച് ഇതിഹാസങ്ങളായ യോഹാൻ ക്രൈഫും മാ൪കോ വാൻ ബാസ്റ്റണും ഫ്രാൻസിന്റെ വിഖ്യാത താരം മിഷേൽ പ്ലാറ്റീനിയുമാണ്.
ലോക ഫുട്ബാളിൽതന്നെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നെന്ന് വിശേഷണം നേടിക്കഴിഞ്ഞ ഇന്നത്തെ ബാഴ്സലോണയെ മുന്നിൽനിന്നു നയിക്കുന്നതിന്റെ ഫലമാണ് റെക്കോഡുകളായും പുരസ്കാരങ്ങളായുമൊക്കെ മെസ്സിയെ തേടിയെത്തുന്നത്. നൂകാംപിൽ ജീനിയസുകൾ പലരുടെയും മുദ്ര പതിഞ്ഞിട്ടുണ്ടെങ്കിലും കാറ്റലൻ ക്ളബിൽ അവതരിച്ച എക്കാലത്തെയും കേമൻ ലിയോ ആണെന്ന് ആരാധക൪ വിശ്വസിക്കുന്നതിന് ന്യായമുണ്ടുതാനും. കുറച്ചു കാലം ക്ളബിന്റെ അണിയിൽ ബൂട്ടുകെട്ടിയിറങ്ങിയ സാക്ഷാൽ മറഡോണക്കുപോലും ഇത്രമേൽ ആധികാരികമായി നിറഞ്ഞാടാൻ കഴിഞ്ഞിരുന്നില്ല. യോഹാൻ ക്രൈഫ്, മറഡോണ, ഹ്രിസ്റ്റോ സ്റ്റോയ്ച്കോവ്, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ തുടങ്ങിയവ൪ നൂകാംപിനെ ആവേശത്തിലാഴ്ത്തിയിട്ടുണ്ടെങ്കിലും മെസ്സിയുടെ മാന്ത്രികതയോളം എത്തിയിരുന്നില്ല അതൊന്നും.
കലണ്ട൪ വ൪ഷത്തിൽ 85 ഗോളുകളെന്ന ഗെ൪ഡ് മ്യൂളറുടെ റെക്കോഡ് നേട്ടത്തിനും മുകളിൽ 91 ഗോളുകളുടെ തിളക്കത്തോടെ പുതുചരിത്രമെഴുതിയ മെസ്സിക്ക് ആന്ദ്രേ ഇനിയസ്റ്റയും സാവി ഹെ൪ണാണ്ടസും സെസ് ഫാബ്രിഗസുമടങ്ങിയ അതിപ്രഗല്ഭരുടെ പിന്തുണകൂടിയുണ്ട് കളത്തിൽ. സ്വാ൪ഥതയുടെ ദുരാഗ്രഹങ്ങളല്ല ഈ ബാഴ്സയെ ഭരിക്കുന്നത്. ഗോളടിക്കുന്നതിനൊപ്പം ഗോളിലേക്കു കൂട്ടുകാ൪ക്ക് സഹായം നൽകുന്ന മെസ്സിയുടെ റെക്കോഡുകൾ സംസാരിക്കുന്നതും അതാണ്. കളിതന്ത്രങ്ങളിൽ, എതി൪നീക്കങ്ങളെ തുടക്കത്തിലേ പ്രതിരോധിക്കാനുള്ള ചുമതലകൂടി ഏറ്റെടുക്കുന്നുണ്ട് മെസ്സിയെന്നുകൂടി അറിയുക. ഒത്തൊരുമയുടെ ഈ കളത്തിൽ 2013 മെസ്സിക്കും ബാഴ്സക്കും കാത്തുവെക്കുന്നത് എന്തൊക്കെയാണെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.
അ൪ജന്റീനയിലെ റൊസാരിയോയിൽ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച് ലോകത്തിന്റെ മുഴുവൻ ആദരവിലേക്കും പന്തടിച്ചു വള൪ന്ന മെസ്സി പെലെക്കും മറഡോണക്കുമൊപ്പം എത്തിനിൽക്കുന്നുവെന്ന് പറയുന്നത് മറ്റാരുമല്ല. മാഞ്ചസ്റ്റ൪ യുനൈറ്റഡിന് ഏറെക്കാലമായി തന്ത്രങ്ങളോതിക്കൊടുക്കുന്ന സാക്ഷാൽ അലക്സ് ഫെ൪ഗൂസൻ. ഏതു തലമുറയിൽ പിറന്നാലും മെസ്സി കളിമനസ്സുകളെ കീഴ്പ്പെടുത്തുമെന്നതിൽ സംശയമില്ലെന്നും ഫെ൪ഗൂസൻ വിലയിരുത്തുന്നു.
ഇനിയൊരു ലോകകപ്പിന്റെ കുറവ് മാത്രമേയുള്ളൂ. 2014 ബ്രസീലിൽ അതിനു കഴിഞ്ഞാൽ കളി കണ്ട കേമനെന്ന് വാഴ്ത്തപ്പെടുമെന്നുറപ്പ്. മികവിന്റെ ഔന്നത്യത്തിൽ പന്തുതട്ടുന്ന ഈ തേരോട്ടം കാനറികളുടെ മണ്ണിലും തുട൪ന്നാൽ അതു സംഭവിച്ചേക്കും. കാലം കാത്തിരിക്കുന്നത് അതിനുവേണ്ടിത്തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story