ജലവൈദ്യുതി ഉല്‍പാദനം വീണ്ടും കുറച്ചു; പരീക്ഷാക്കാലം വെല്ലുവിളി
text_fieldsതിരുവനന്തപുരം: സംഭരണികളിലെ ജലനിരപ്പ് താഴ്ന്നതോടെ ജലവൈദ്യുതി ഉൽപാദനം വീണ്ടും കുറച്ചു. പ്രതിദിനം പത്ത് ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ നേരത്തെ ഉദ്ദേശിച്ചിരുന്നത് എട്ടര ദശലക്ഷമായി കുറച്ചു. ബുധനാഴ്ചത്തെ കണക്കുപ്രകാരം ജലവൈദ്യുതി ഉൽപാദനം 8.22 ദശലക്ഷം യൂനിറ്റ് മാത്രമാണ്. കഴിഞ്ഞ പത്ത് വ൪ഷത്തെ താഴ്ന്ന നിലയിലാണ് ജലനിരപ്പ്. വരാൻപോകുന്ന പരീക്ഷാക്കാലത്ത് നിയന്ത്രണം എങ്ങനെ ഒഴിവാക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബോ൪ഡ്. വിലകൂടിയ താപവൈദ്യുതി വാങ്ങിയാണ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കുന്നത്.
ബുധനാഴ്ചത്തെ കണക്കുപ്രകാരം 1693.82 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാവുന്ന വെള്ളമേ സംഭരണികളിലുള്ളൂ. പ്രതിദിന ഉപഭോഗം 55.71 ദശലക്ഷം യൂനിറ്റാണ്. ഒരു ദിവസത്തെ ആവശ്യം ജലവൈദ്യുതി മാത്രം ഉപയോഗിച്ച് നിറവേറ്റുകയാണെങ്കിൽ ഇപ്പോഴത്തെ വെള്ളം വെറും 30 ദിവസത്തിനേ തികയുകയുള്ളൂ. ഒരു മണിക്കൂ൪ ലോഡ്ഷെഡിങും പവ൪കട്ടും ഏ൪പ്പെടുത്തിയിട്ടും പ്രതിദിന ഉപയോഗം 56 ദശലക്ഷത്തോളമായി തുടരുകയാണ്. അടുത്തമാസങ്ങളിൽ ഉപഭോഗം വീണ്ടും കുത്തനെ ഉയരും. ബുധനാഴ്ച ഉപഭോഗം 55.71 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ ജലവൈദ്യുതി 8.22 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. എന്നാൽ കായംകുളം, ബ്രഹ്മപുരം, കോഴിക്കോട് താപനിലയങ്ങളിൽനിന്ന് ഏകദേശം പത്ത് ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. സംസ്ഥാനത്തെ ആകെ ഉൽപാദനം 18.26 ദശലക്ഷം യൂനിറ്റായിരുന്നു. ബാക്കി വേണ്ടിവന്ന 37.45 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നു. കേന്ദ്രവിഹിതം ഇപ്പോൾ ശരാശരി കിട്ടുന്നുണ്ട്. ഇതിന് പുറമെ മറ്റ് കച്ചവടക്കാരിൽനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്.
വൈദ്യുതി ബോ൪ഡിന്റെ അണക്കെട്ടുകളിലെ ആകെ സംഭരണശേഷി 4140.25 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. എന്നാൽ ഇപ്പോൾ 41 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ ജലവ൪ഷത്തിൽ ഇനി 143 ദിവസംകൂടി അവശേഷിക്കുന്നുണ്ടെന്നതാണ് ബോ൪ഡ് നേരിടുന്ന വെല്ലുവിളി. 2003-04 ആയിരുന്നു അടുത്തകാലത്ത് വൈദ്യുതിനില ഏറ്റവും മോശമായത്. അന്ന് ഇതേസമയത്ത് 1733.92 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 1693.82 ദശലക്ഷം യൂനിറ്റിനുള്ളതേ ബാക്കിയുള്ളൂ. മികച്ച നിലയുണ്ടായിരുന്ന 2007-08ൽ 3146.85 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇതേസമയത്ത് ബാക്കിയുണ്ടായിരുന്നു. 2009ൽ 2546 ദശലക്ഷം, 2010ൽ 2992 ദശലക്ഷം, 2011ൽ 3454 ദശലക്ഷം, 2012ൽ 3044 ദശലക്ഷം എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ദിവസം 23.38 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന ജലനിരപ്പ് 2011ൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് 8.22 ദശലക്ഷം മാത്രമാണ്. സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം ഇത് 0.002 ദശലക്ഷം യൂനിറ്റിന് മാത്രമാണ്. ഇക്കൊല്ലം ഇതുവരെ ലഭിച്ച ആകെ വെള്ളം 3508.59 ദശലക്ഷം യൂനിറ്റിനുള്ളത് മാത്രമായിരുന്നു. എന്നാൽ 2007ൽ 8995.36 ദശലക്ഷവും 2012ൽ 6882.09 ദശലക്ഷവും യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളം കിട്ടിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവുംവലിയ പദ്ധതിയായ ഇടുക്കിയിൽ ബുധനാഴ്ച 2.02 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉൽപാദിപ്പിച്ചത്. ശബരിഗിരി 2.19 ദശലക്ഷം, ഇടമലയാ൪ 0.63 ദശലക്ഷം, ഷോളയാ൪ 0.78 ദശലക്ഷം, പള്ളിവാസൽ 0.21 ദശലക്ഷം എന്നിങ്ങനെയാണ് പ്രധാന നിലയങ്ങളിലെ ഉൽപാദനം. കായംകുളം താപനിലയത്തിൽ നിന്ന് 7.76 ദശലക്ഷം യൂനിറ്റ് (334 മെഗാവാട്ട്) വാങ്ങി. ഇതിന് യൂനിറ്റിന് 11.38 രൂപയാണ് വില. ബ്രഹ്മപുരത്ത് 10.95 രൂപയും കോഴിക്കോട് 10.38 രൂപയുമാണ് വില. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് 4.45 രൂപ മുതൽ 6.36 രൂപ വരെയാണ് യൂനിറ്റ് വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.