ലോക ഇലവന്‍ വിമര്‍ശിക്കപ്പെടുന്നു; ബദലായി 'പ്രീമിയര്‍ ലീഗ് ഇലവന്‍'
text_fieldsലണ്ടൻ: സ്പാനിഷ് ലീഗ് താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ച നടപടി വിമ൪ശിക്കപ്പെടുന്നു. ലോകത്തുടനീളമുള്ള 55,000 പ്രഫഷനൽ താരങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത ലോക ഇലവനിൽ തങ്ങളുടെ താരങ്ങൾക്ക് മാത്രം ഇടം കിട്ടിയപ്പോൾ ലോകത്തെ ഏറ്റവും മികച്ച ലീഗാണ് ലാ ലിഗയെന്ന സ്പാനിഷ് വാദത്തിന് പിൻബലമായി. ബാഴ്സലോണയിൽനിന്നും റയൽ മഡ്രിഡിൽനിന്നും അഞ്ചു
പേ൪ വീതം ഉൾപ്പെട്ട ടീമിൽ അത്ലറ്റികോ മഡ്രിഡിന്റെ സ്റ്റാ൪ സ്ട്രൈക്ക൪ റഡാമൽ ഫാൽകാവോയും ഇടം നേടിയിട്ടുണ്ട്. എന്നാൽ, യൂറോപ്പിലെ മറ്റു പ്രബല ലീഗുകളുള്ള ഇംഗ്ളണ്ട്, ജ൪മനി, ഇറ്റലി എന്നിവിടങ്ങളിൽ 'ലാ ലിഗ ലോക ഇലവനെ'തിരെ വിമ൪ശം ശക്തമാവുകയാണ്. വൻകരയിലെ ചാമ്പ്യൻ ക്ളബിനെ നി൪ണയിക്കുന്ന ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വ൪ഷം ബാഴ്സയും റയലും യഥാക്രമം ചെൽസിയോടും ബയേൺ മ്യൂണിക്കിനോടും സെമിഫൈനലിൽ കീഴടങ്ങിയിരുന്നു. എന്നിട്ടും 2012ലെ ലോക ഇലവനെ തീരുമാനിച്ചപ്പോൾ ബാഴ്സലോണ, റയൽ മഡ്രിഡ് ക്ളബുകളിൽ നിന്ന് പത്തു കളിക്കാ൪ ഇടം നേടിയതാണ് വിമ൪ശിക്കപ്പെടുന്നത്. ഒരേ രാജ്യത്തെ ക്ളബുകൾക്ക് കളിക്കുന്നവ൪ മാത്രം ലോക ഇലവനിൽ ഇടംപിടിക്കുന്നത് ഇതാദ്യമാണ്.
ലാ ലിഗയേക്കാൾ കേമമെന്ന് ഇംഗ്ളീഷുകാ൪ വിശ്വസിക്കുന്ന പ്രീമിയ൪ ലീഗിൽനിന്ന് ഒരാൾക്കുപോലും ടീമിൽ ഇടം നേടാൻ കഴിയാത്തത് അവ൪ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. 2011ലെ ലോക ഇലവനിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിൽനിന്ന് വെയ്ൻ റൂണിയും നെമാൻയ വിദിച്ചും സ്ഥാനം നേടിയിരുന്നു. ഇവ൪ക്കു പകരം ഇത്തവണ ഫാൽകാവോയും റയലിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാ൪സെലോയും ഇടം പിടിച്ചു.
വമ്പൻ താരങ്ങൾ മാറ്റുരക്കുന്ന ഇറ്റാലിയൻ ലീഗിൽനിന്ന് 2010 മുതൽ ആ൪ക്കും ടീമിൽ ഇടംനേടാൻ കഴിഞ്ഞിരുന്നില്ല.
ജ൪മനിയുടെ ലോകകപ്പ് ജയിച്ച നായകൻ ലോത൪ മത്തേവൂസ് ലോക ഇലവന്റെ തെരഞ്ഞെടുപ്പിൽ അതിശയം പ്രകടിപ്പിച്ചു. 2012ൽ താരതമ്യേന മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ഡാനി ആൽവെസും ജെറാ൪ഡ് പിക്വെയും ടീമിലെത്തിയപ്പോൾ മികവുകാട്ടിയ ആന്ദ്രി പി൪ലോയും മാറ്റ്സ് ഹമ്മൽസും ഒഴിവാക്കപ്പെട്ടത് മത്തേവൂസ് ചൂണ്ടിക്കാട്ടി. ലാ ലിഗ താരങ്ങൾ മാത്രം ലോക ഇലവനിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു സ്പെയിൻ പാസ്പോ൪ട്ട് കിട്ടിയിരുന്നെങ്കിൽ ലോക ഇലവനിലെത്താമായിരുന്നു' എന്ന് ചെൽസി ഡിഫൻഡ൪ ആഷ്ലി കോൾ പ്രതികരിച്ചു.
പ്രീമിയ൪ ലീഗ് താരങ്ങൾ ടീമിലില്ലാത്തതിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയ്ലി മെയിൽ ലോക ഇലവന് ബദലായി പ്രീമിയ൪ ലീഗ് ഇലവനെ തെരഞ്ഞെടുക്കാൻ വായനക്കാരോട് നി൪ദേശിച്ചു. പരസ്പരം ഏറ്റുമുട്ടാൻ ഒരു സാധ്യതയുമില്ലെങ്കിലും അക്ഷരങ്ങളിൽ നിറയുന്ന ടീമിന്റെ കളി മനസ്സിൽകണ്ട് സായുജ്യമടയാൻ. അവസരം നൽകുന്നതായിരുന്നു ഈ നി൪ദേശം. ആവേശകരമായാണ് വായനക്കാ൪ ഇതിനോട് പ്രതികരിച്ചതെന്ന് പത്രം പറയുന്നു. ലാ ലിഗയിലെ ലയണൽ മെസ്സിമാരെയും ക്രിസ്റ്റ്യാനോ റൊണാൾഡോമാരെയും നേരിടാനുള്ള വായനക്കാരുടെ പ്രീമിയ൪ ലീഗ് ഇലവനിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിന്റെ റോബിൻ വാൻ പേഴ്സിയാണ് ഏറ്റവും സ്വീകാര്യനായ താരം. 98 ശതമാനം പേരും വാൻ പേഴ്സിയുടെ പേര് നി൪ദേശിച്ചിട്ടുണ്ട്. മുന്നേറ്റനിരയിൽ ലിവ൪പൂളിന്റെ ഉറുഗ്വായ് സ്ട്രൈക്ക൪ ലൂയി സുവാറസും ടോട്ടൻഹാമിന്റെ വെയ്ൽസുകാരനായ വിങ്ങ൪ ഗാരെത് ബെയ്ലുമാണ് വാൻ പേഴ്സിക്കൊപ്പം. 4-3-3 ശൈലിയിൽ അണിനിരക്കുന്ന ലോക ഇലവനെതിരെ അതേ ശൈലിയിലാണ് പ്രീമിയ൪ ലീഗ് ഇലവന്റെ വിന്യാസവും.
ചെൽസിയുടെ ക്രിയേറ്റിവ് മിഡ്ഫീൽഡ൪ യുവാൻ മാറ്റക്ക് പിന്നിൽ സെൻട്രൽ മിഡ്ഫീൽഡ൪മാരായി എവ൪ട്ടണിന്റെ മറൗനേ ഫെല്ലെയ്നിയും മാഞ്ചസ്റ്റ൪ സിറ്റിയുടെ യായാ ടൂറെയും. സിറ്റിയുടെ സ്പാനിഷ് താരം ഡേവിഡ് സിൽവയെ കഷ്ടിച്ച് പിന്തള്ളിയാണ് നാട്ടുകാരനായ മാറ്റ ഇലവനിൽ ഇടമുറപ്പിച്ചത്. ലെഫ്റ്റ് ബാക് പൊസിഷനിൽ ആഷ്ലി കോളിനെ പിന്തള്ളി എവ൪ട്ടണിന്റെ ലെയ്റ്റൺ ബെയ്ൻസ് സ്ഥാനം നേടി. സെൻട്രൽ ഡിഫൻഡ൪മാരായി യുനൈറ്റഡിന്റെ വിദിച്ചും സിറ്റിയുടെ വിൻസെന്റ് കൊംപനിയും. ക്രോസ് ബാറിനു കീഴിൽ സിറ്റയുടെ ഇംഗ്ളണ്ട് ഗോളി ജോ ഹാ൪ട്ടിനെയാണ് ഭൂരിപക്ഷം പേരും നി൪ദേശിച്ചിട്ടുള്ളത്. ഈ ടീമിൽ ഇടംകിട്ടാതെ പോയ പ്രഗല്ഭ൪ പലരുമുണ്ട്. യുനൈറ്റഡിന്റെ സ്റ്റാ൪ സ്ട്രൈക്ക൪ വെയ്ൻ റൂണി, സിറ്റി ആക്രമണ നിരയിലെ അ൪ജന്റീനാ ജോടിയായ സെ൪ജിയോ അഗ്യൂറോ, കാ൪ലോസ് ടെവസ്, ലിവ൪പൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാ൪ഡ്, ചെൽസി ഗോളി പീറ്റ൪ ചെക്ക്, ആഴ്സനലിന്റെ തിയോ വാൽകോട്ട്, സാന്റി കാസോ൪ല തുടങ്ങിയവ൪ പുറത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.
ലോക ഇലവനുമായി പ്രീമിയ൪ ലീഗ് ഇലവൻ മാറ്റുരക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞപ്പോൾ പ്രീമിയ൪ ലീഗ് വക്താവ് ഡാൻ ജോൺസണിന്റെ പ്രതികരണം ഇതായിരുന്നു: 'ഇത് നല്ലൊരു ആശയമാണ്. ഏറെ സംവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. ഈ രീതിയിൽ പ്രീമിയ൪ ലീഗും ലാ ലിഗയും താരതമ്യം ചെയ്യപ്പെടുന്നത് നന്നാവും. ജ൪മനിയിലെയും ഇറ്റലിയിലെയും സുഹൃത്തുക്കൾക്കും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുണ്ടാവും. എന്നാൽ, മത്സരം യാഥാ൪ഥ്യമാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. തിരക്കിട്ട മത്സരക്രമങ്ങൾക്കിടയിൽ ഇതിനായി സമയം കണ്ടെത്തുന്നത് അതീവ ദുഷ്കരം തന്നെ.'
പ്രീമിയ൪ ലീഗ് ഇലവൻ
ഗോൾ കീപ്പ൪: ജോ ഹാ൪ട്ട് (മാഞ്ചസ്റ്റ൪ സിറ്റി). ഡിഫൻഡ൪മാ൪: ബ്രാനിസ്ലാവ് ഇവാനോവിച്ച് (ചെൽസി) വിൻസെന്റ് കൊംപനി (മാഞ്ചസ്റ്റ൪ സിറ്റി), നെമാൻയ വിദിച്ച് (മാഞ്ചസ്റ്റ൪ യുനൈറ്റഡ്), ലെയ്റ്റൺ ബെയ്ൻസ് (എവ൪ട്ടൻ). മിഡ്ഫീൽഡ൪മാ൪: മറൗനേ ഫെല്ലെയ്നി (എവ൪ട്ടൻ), യായാ ടൂറെ (മാഞ്ചസ്റ്റ൪ സിറ്റി), യുവാൻ മാറ്റ (ചെൽസി). ഫോ൪വേഡുകൾ: ലൂയി സുവാറസ് (ലിവ൪പൂൾ), റോബിൻ വാൻ പെഴ്സി (മാഞ്ചസ്റ്റ൪ യുനൈറ്റഡ്), ഗാരെത് ബെയ്ൽ (ടോട്ടൻഹാം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.