വീറോടെ അണികള്‍; വീററ്റ് വി.എസ്
text_fieldsആലപ്പുഴ: കേരള ചരിത്ര ത്തിലെ ആദ്യ ഭൂസമരത്തിൽ വി.എസ്. അച്യുതാനന്ദൻ കൊടികുത്തിയ കുട്ടനാടൻ മണ്ണിലേക്ക് വീണ്ടും ഭൂസമരവുമായി അദ്ദേഹം വന്നിറങ്ങുമ്പോൾ അണപൊട്ടിയ ആവേശത്തിലായിരുന്നു അണികൾ. വി.എസ്. വന്നിറങ്ങിയ കാറിനടുത്തേക്ക് മുദ്രാവാക്യങ്ങളുയ൪ത്തി പാഞ്ഞടുത്ത അണികളെ നിലക്ക് നി൪ത്താൻ നേതൃത്വത്തിന് കായിക ശക്തിതന്നെ പ്രയോഗിക്കേണ്ടിവന്നു. എന്നിട്ടും, അക്ഷോഭ്യനായി പതിവ് ആവേശമേതുമില്ലാതെയായിരുന്നു വി.എസിൻെറ നീക്കം.
സി.പി.എമ്മിൻെറ നേതൃത്വത്തിൽ ഭൂസമരം നടക്കുന്ന കൈനകരിയിലെ പൂപ്പള്ളിക്കാരുടെ സോമാതുരം പാടത്ത് ആദ്യഘട്ട സമരത്തിന് സമാപനം കുറിക്കാൻ വി.എസ് വരുമെന്നറിഞ്ഞ് കുട്ടനാടിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് അണികൾ ആവേശത്തോടെയാണ് എത്തിയത്. മൂന്നരക്ക് എത്തുമെന്നറിയിച്ച വി.എസ്. നാലരയോടെയാണ് എത്തിയത്.
ആവേശം മറച്ചുവെക്കാതെ മുദ്രാവാക്യം വിളികളോടെ വി.എസിനെ അണികൾ സ്വീകരിച്ചു. കാറിൽനിന്ന് ഇറങ്ങി നേരെ സ്റ്റേജിലെത്തിയ അദ്ദേഹം നേരെ മൈക്കിന് മുന്നിലേക്കാണ് വന്നത്. വി.എസ് വന്നിറങ്ങിയപ്പോൾ ജനം ഇളകിമറിയുന്നതിന് ഒരിക്കൽകൂടി ഔദ്യാഗിക നേതൃത്വം സാക്ഷിയായി.
നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലൂടെ കുട്ടനാട്ടുകാരെ എന്നും ആവേശം കൊള്ളിച്ചിരുന്ന വി.എസ് പതിവ് വീറും വാശിയുമില്ലാതെ കേരളത്തിലെ ഭൂപരിഷ്കരണത്തിൻെറയും ഭൂസമരത്തിൻെറയും ചരിത്രം ചുരുക്കി വിവരിച്ചു. കൂട്ടത്തിൽ സി.പി.ഐക്കാ൪ക്ക് ചെറിയൊരു കൊട്ടും കൊടുത്തത് ഒഴിച്ചാൽ നനഞ്ഞ പ്രസംഗമായിരുന്നു വി.എസിൻേറത്. വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ അണികളെ വി.എസിൻെറ പതിവില്ലാത്ത പ്രസംഗം നിരാശപ്പെടുത്തി.
പാ൪ട്ടി നി൪ദേശപ്രകാരമുള്ള പരിപാടിയായതിനാലാണ് വി.എസ് ആവേശം കാണിക്കാതെ ചടങ്ങുപോലെ പ്രസംഗിച്ച് മടങ്ങിയതെന്നാണ് ഔദ്യാഗിക പക്ഷത്തെ ചില൪ അടക്കം പറഞ്ഞത്. അല്ലെങ്കിൽ കുട്ടനാട്ടിലെ മിച്ചഭൂമി പ്രശ്നം പോലെ വി.എസിന് വൈകാരിക ബന്ധമുള്ള ഒരു വിഷയത്തിൽ പ്രസംഗം ഇപ്രകാരമാകില്ലായിരുന്നുവെന്നും അവ൪ പറയുന്നു.
പ്രസംഗം കഴിഞ്ഞ് വി.എസ് വേദി വിട്ടതോടെ മറ്റാരും പ്രസംഗിക്കാതെയും നന്ദി പ്രകടനം പോലുമില്ലാതെയും പരിപാടി സമാപിച്ചതായി അറിയിപ്പും വന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.