കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ ഒരുമണിക്കൂറിന് ശേഷം പിടികൂടി
text_fieldsപെരുമ്പാവൂ൪: ബൈക്ക് മോഷ്ടാക്കളെ വൈദ്യപരിശോധനക്കായി കൊണ്ടുപോകുമ്പോൾ പൊലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്നാലെ ഓടി ഒരുമണിക്കൂറിന് ശേഷം പ്രതികളെ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി പെരുമ്പാവൂ൪ പൊലീസ് പിടികൂടിയ മാറമ്പള്ളി സ്വദേശികളായ സുഹൈ൪ (21), ഷംനാദ് (23) എന്നിവരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 7.40ന് മാറമ്പള്ളിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവ൪ അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചക്ക് താലൂക്കാശുപത്രിയിൽ ദേഹ പരിശോധന നടത്തി ജീപ്പിൽ കയറ്റാൻ ഒരുങ്ങുമ്പോഴാണ് പ്രതികൾ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ട് ഓടിയത്.
എം.എം റോഡിന് കുറുകെ കടന്ന് കല്ലുങ്കൽ ഓഡിറ്റോറിയം റോഡിലൂടെ ഓടി വിമല സ്കൂൾ വളപ്പിൽ പ്രവേശിച്ചു. ഇവിടെ മൂത്രപ്പുരയുടെ മറവിൽ ഒളിച്ചെങ്കിലും പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞതോടെ ഇവ൪ കെ.എസ്.ആ൪.ടി.സി റോഡുവഴി മരുതുകവലയിലെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളും നാട്ടുകാരും പൊലീസിനെ സഹായിക്കാൻ എത്തിയതോടെ മരുതുകവലയിൽ നിന്ന് പ്രതികളെ പിടികൂടാനായി. ഡോക്ടറുടെ മുന്നിൽ ഹാജരാക്കിയപ്പോൾ വിലങ്ങ് നീക്കം ചെയ്തിരുന്നു. ഇരുവരും ഒരേദിശയിൽ ഓടിയത് പൊലീസിന് ഗുണകരമായി.
ഇവ൪ ഓടിച്ചിരുന്ന ബൈക്ക് കോതമംഗലം ഹൈറേഞ്ച് ജങ്ഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി വിവരങ്ങൾ കോതമംഗലം പൊലീസിന് കൈമാറി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുമ്പ് അമോണിയം നൈട്രേറ്റുമായി പിടിയിലായ വാഹനത്തിലെ ജീവനക്കാരിൽ ഒരാളും സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാളെയും പൊലീസ് പിറകെഓടി പിടികൂടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.