ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍
text_fieldsഎസ്.കെ. പൊറ്റെക്കാട്ട് മുതൽ ചിന്ത രവീന്ദ്രൻ വരെ സമ്പന്നമാക്കിയ മലയാള സഞ്ചാര സാഹിത്യശാഖയിലെ വേറിട്ടൊരു പുസ്തകമാണ് പത്രപ്രവ൪ത്തകനും മാധ്യമ പരിശീലകനുമായ രാജു റാഫേൽ രചിച്ച ‘ആസ്റ്റം൪ഡാമിലെ സൈക്കിളുകൾ.’ പുസ്തകത്തിൻെറ പേര് സൂചിപ്പിക്കുന്നതുപോലെ ഹോളണ്ടിൻെറ തലസ്ഥാനമായ ആംസ്റ്റ൪ഡാമിലെ ജനങ്ങൾക്കിടയിൽ സൈക്കിളെന്ന ഗതാഗത മാധ്യമത്തിനുള്ള പ്രാധാന്യമാണ് ‘ആസ്റ്റ൪ഡാമിലെ സൈക്കിളുകൾ’ വായനക്കാരന് മുന്നിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സൈക്കിൾ പ്രേമികളെ സംബന്ധിച്ചിടത്തോളം അനുപമമായ ഒരു വായനസുഖം ഈ പുസ്തകം നൽകുന്നു. അതേസമയം, അത്ര സൈക്കിൾ പ്രേമമില്ലാത്ത കേരളീയ൪ക്ക് ഹോളണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെക്കുറിച്ചും അവരുടെ ജീവിത സംസ്കൃതിയെക്കുറിച്ചും ആഴത്തിലുള്ള വിജ്ഞാനം അതീവ ഹൃദ്യമായ ഭാഷയിൽ ഈ പുസ്തകം പക൪ന്നു നൽകുന്നു. താരതമ്യം ചെയ്യാനാവാത്തവിധം ലളിത സുന്ദരമായ രചനാ ശൈലിയാണ് ‘ആംസ്റ്റ൪ഡാമിലെ സൈക്കിളുകളു’ടെ ഏറ്റവും വലിയ പ്രത്യേകത. താൻ കണ്ട കാഴ്ചകൾ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുകയല്ല; മറിച്ച്, വാക്കുകളിലൂടെ വായനക്കാരനെ ആ കാഴ്ചകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഗ്രന്ഥകാരൻ.
രാജു റാഫേൽ, ഹോളണ്ടിൽ റേഡിയോ നെത൪ലൻഡ്സിൻെറ കീഴിലുള്ള അന്താരാഷ്ട്ര മാധ്യമ പഠന കേന്ദ്രത്തിൽ പത്രപ്രവ൪ത്തക അധ്യാപക പരിശീലനത്തിൽ പങ്കെടുത്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ‘ആംസ്റ്റ൪ഡാമിലെ സൈക്കിളുകൾ’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പഠനകാലത്ത് ഹോളണ്ടിൽ ഉടനീളവും ബെൽജിയം, ജ൪മനി തുടങ്ങിയ സമീപ രാജ്യങ്ങളിലും സൈക്കിളിൽ ചുറ്റിക്കറങ്ങിയതിൻെറ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. അതേസമയം, വെറുമൊരു സൈക്കിൾ സഞ്ചാര കൃതിയായി ‘ആംസ്റ്റ൪ഡാമിലെ സൈക്കിളുകളെ’ പരിമിതപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ഹോളണ്ടിലെ പൊതുകാഴ്ചകൾ, ജീവിത, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം സൈക്കിൾ എന്ന കണ്ണാടിയിലൂടെ സൂക്ഷ്മമായി നോക്കിയപ്പോൾ ഉണ്ടായ വേറിട്ട അനുഭവമാണ് ഈ പുസ്തകമെന്നും ഗ്രന്ഥകാരൻ പറയുന്നു.
കേരളവുമായി ഒട്ടേറെ സമാനതകളുള്ള ഹോളണ്ടിൽനിന്ന് മഹത്തായ ഒരു ഗതാഗത സംസ്കാരത്തിൻെറ ബാലപാഠങ്ങൾ ഉൾക്കൊള്ളാനുള്ള സാധ്യതകളും ഈ കൃതി മുന്നോട്ടുവെക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ പ്രബലരാജ്യമാണെങ്കിലും ഏതാണ്ട് കേരളത്തിൻെറ അത്രയേ വലിപ്പമുള്ളൂ ഹോളണ്ടിന്. എന്നാൽ, ആകെ ജനസംഖ്യ കേരളത്തിൻെറ പകുതി മാത്രമേയുള്ളൂ -1,60,00,000 മാത്രം. ഈ 1,60,00,000 ജനങ്ങൾക്ക് 1,30,00,000 സൈക്കിളുണ്ട്. അവ൪ അത് നിത്യവും ജീവിതാവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു ശരാശരി ഡച്ചു പൗരൻ തൻെറ ജീവിതത്തിൻെറ മൊത്തം യാത്രയുടെ 40 ശതമാനവും നി൪വഹിക്കുന്നത് സൈക്കിളിലാണത്രെ. ഇതിന് സമൂഹത്തിലെ സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പമോ തടസ്സമാകുന്നില്ല. ഭരണാധികാരികൾ മുതൽ തൂപ്പുകാരൻ വരെ നിത്യ യാത്രകൾക്ക് ആശ്രയിക്കുന്നത് സൈക്കിളിനെത്തന്നെ. ഹോളണ്ടിലെ നാടും നഗരവും കാടുമെല്ലാം പ്രത്യേകമായ സൈക്കിൾ പാതകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ പാതകളിലൂടെ ഡച്ചുകാ൪ എല്ലാവരുംകൂടി ഒരുവ൪ഷം 1500 കോടി കിലോമീറ്റ൪ സൈക്കിളോടിക്കുന്നു എന്നാണ് കണക്ക്. ഹോളണ്ടിലെ ട്രെയിനുകളെല്ലാം കൂടി ഒരു വ൪ഷം ഓടുന്നതിനേക്കാൾ കൂടുതലാണ് ഈ ദൂരം. കുടവയ൪, അമിത വണ്ണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, വ്യായാമക്കുറവ് മൂലമുള്ള അസുഖങ്ങൾ എന്നിവയെല്ലാം ഡച്ചുകാരൻെറ പടിക്ക് പുറത്തായതിൻെറ രഹസ്യവും സൈക്കിളുമായുള്ള ഈ ചങ്ങാത്തം തന്നെയെന്ന് ‘ആംസ്റ്റ൪ഡാമിലെ സൈക്കിളുകൾ’ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും സൈക്കിൾ സാന്ദ്രതയുള്ള നഗരമാണ് ഹോളണ്ടിലെ തലസ്ഥാനമായ ആസ്റ്റ൪ഡാം. 25 ലക്ഷം ജനങ്ങൾ താമസിക്കുന്ന ആംസ്റ്റ൪ഡാമിലെ സൈക്കിളുകളുടെ എണ്ണം 28 ലക്ഷത്തിലധികമാണ്. ജനങ്ങളേക്കാൾ കൂടുതൽ സൈക്കിളുകളുള്ള നഗരം. ലോകത്തിൽ ഏറ്റവും കൂടുതൽ സൈക്കിൾ മോഷണം നടക്കുന്നതിനും ആംസ്റ്റ൪ഡാമിൽതന്നെ. ഒരുവ൪ഷം 50,000 മുതൽ 60,000 വരെ സൈക്കിളുകൾ ആംസ്റ്റ൪ഡാം നഗരത്തിൽ മാത്രം മോഷണം പോകുന്നു. കേരളംപോലുള്ള സ്ഥലങ്ങളിൽ എന്നേ കുറ്റിയറ്റുപോയ സൈക്കിൾ കള്ളന്മാ൪ക്കാണ് രാജു റാഫേൽ ഈ പുസ്തകം സമ൪പ്പിച്ചിരിക്കുന്നത്. ഹോളണ്ടിൽ സൈക്കിൾ കള്ളന്മാ൪ ഉണ്ടാകുന്നത് എങ്ങനെയെന്ന് വിശദമാക്കുന്ന അധ്യായം വായിച്ചു കഴിയുന്നതോടെ ഈ പുസ്തക സമ൪പ്പണത്തിൻെറ യുക്തി വായനക്കാരനും ബോധ്യപ്പെടും.
ലോകത്തിൻെറ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഹേഗിനെക്കുറിച്ചുള്ള അധ്യായം അതിമനോഹരമാണ്. ഹേഗിലെ പോളിറ്റ്ബ്യൂറോ കെട്ടിടത്തിലേക്കുള്ള വഴികാട്ടിയായ ബോ൪ഡ് കണ്ട് ഹോളണ്ടിലെ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ ആസ്ഥാന മന്ദിരം കാണാനുള്ള കൗതുകത്താൽ അവിടേക്ക് സൈക്കിളോടിക്കുന്നതും അവിടെയെത്തുമ്പോൾ ഡച്ച് ഭാഷയിലെ പോളിറ്റ് ബ്യൂറോയുടെ അ൪ഥം മനസ്സിലകുമ്പോൾ അന്തംവിടുന്നതുമെല്ലാം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
ഒരു സൈക്കിളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതിനാൽ സൈക്കിളാണ് നഗര ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ മാധ്യമം എന്ന ആശയമാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഈ പുസ്തകത്തിൻെറ ആശയത്തിനോ പുസ്തകത്തിൻെറ മനസ്സിനെത്തന്നെയോ പ്രതിനിധാനംചെയ്യുന്നതല്ല ഇതിൻെറ കവ൪ ചിത്രവും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും എന്ന് പറയേണ്ടിയിരിക്കുന്നു. ഈ ഒരു കുറവ് ഒഴിച്ചുനി൪ത്തിയാൽ മലയാള സഞ്ചാരസാഹിത്യത്തിലെ മികച്ച കൃതികളിലൊന്നാണ് ‘ആംസ്റ്റ൪ഡാമിലെ സൈക്കിളുകൾ.’
l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.