Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2013 12:45 AM IST Updated On
date_range 15 Jan 2013 12:45 AM ISTദക്ഷിണാമൂര്‍ത്തിയുടെ സംഗീതം: ഗാനവിശുദ്ധിയുടെ തുളസിക്കതിരുകള്‍
text_fieldsbookmark_border
പുളിയിലക്കര നേര്യതു ചുറ്റി, മുടിയിൽ കൂവളത്തിലചൂടി, നെറ്റിയിൽ കളഭം തൊട്ട് കൈയിൽ പ്രസാദവുമായി നടന്നു വരുന്ന മലയാള ഗ്രാമീണ സ്ത്രീയെപ്പോലെയാണ് ദക്ഷിണാമൂ൪ത്തിയുടെ ഗാനങ്ങൾ. അത് വശ്യസുന്ദരമല്ല, അൽപം ആദരം കല൪ന്ന ആരാധനയാണ് അതിനോട് തോന്നുക. ആ൪ക്കും എപ്പോഴും പാടിനടക്കാൻ തോന്നിയെന്നു വരില്ല; ഏറ്റവും പ്രാഥമിക പാഠമെങ്കിലും അറിയാവുന്ന ഒരാൾക്ക് ഒന്ന് ആലപിച്ചു നോക്കുകയാവാം. സ്വാമിയുടെ രൂപവും ഭാവവും പോലെ എങ്ങനെയോ ആ ഗാനങ്ങൾക്ക് ആധ്യാത്മവിശുദ്ധമായ ഒരു പരിവേഷം ഉണ്ടാവുകയായിരുന്നു. പശ്ചാത്തല സംഗീതം കൊണ്ട് പാട്ടിനെ കൊഴുപ്പിച്ച് അവസരം നേടാനൊന്നും അദ്ദേഹം ശ്രമിച്ചില്ല. തനിക്ക് കിട്ടിയ അവസരങ്ങൾ അദ്ദേഹം ശുദ്ധരാഗത്തിൻെറ തുളസിക്കതിരുകൊണ്ട് വിശുദ്ധമാക്കി വിനയാന്വിതനായതേയുള്ളൂ. ഏതു വെയിലിലും വാടാത്ത, ഏതു കൽപാന്തപ്രളയത്തിലും ഒലിച്ചു പോകാത്ത കുറെ തുളസിക്കതിരുകൾ. കലാകേരളം ബഹുമാനിക്കേണ്ട സംഗീതജ്ഞനാണ് ദക്ഷിണാമൂ൪ത്തി. അദ്ദേഹത്തിന്‍്റെ സംഗീതത്തിനു ചേരുന്നത് ജി.ശങ്കരക്കുറുപ്പിൻെറ ഒരു കവിതാസമാഹാരത്തിൻെറ പേരാണ്; മധുരം, സൗമ്യം, ദീപ്തം.
93 തികഞ്ഞ ദഷിണാമൂ൪ത്തി ഇന്നും സംഗീതരംഗത്ത് സജീവമാണ്. ഇൻഡ്യൻ സംഗീതത്തിൽ തന്നെ അത്യപൂ൪വമായ സാന്നിധ്യം. ഇപ്പോൾ അദ്ദേഹം ഒരു പുതിയ ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നി൪വഹിച്ചു കഴിഞ്ഞു. നവാഗത സംവിധായകൻെറ ‘ശ്യാമരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ദക്ഷിണാമൂ൪ത്തി ഗാനങ്ങളൊരുക്കിയത്. രണ്ടു ഗാനങ്ങൾ യേശുദാസാണ് പാടിയിരിക്കുന്നത്.
വെങ്കിടേശ്വര അയ്യ൪ ദക്ഷിണാമൂ൪ത്തി എന്ന വി.ദക്ഷിണാമൂ൪ത്തിയുടെ പാട്ടുകളിൽ മലയാളഗാനങ്ങളുടെ ചരിത്രം തുടങ്ങുന്നു. ഹിന്ദി, തമിഴ് ഈണങ്ങൾക്കൊപ്പിച്ച് വാക്കുകൾ എഴുതപ്പെടുന്ന പ്രക്രിയക്ക് വഴങ്ങേണ്ടിവന്ന ഒരു കാലത്താണ് പ്രവേശമെങ്കിലും സ്വതന്ത്രമായി ഈണം നൽകാൻ ലഭിച്ച അവസരങ്ങൾ പാഴാക്കിക്കളയാതെ കൈകയിൽ കിട്ടിയ ഗാനങ്ങളിൽ ശാസ്ത്രീയസംഗീതത്തിൻെറ സത്തെടുത്ത് സന്നിവേശിപ്പിച്ച് ആഴവും ഗൗരവരും ലാളിത്യവും ഉള്ളതാക്കിയെടുത്തു അദ്ദേഹം. അദ്ദേഹത്തിൻെറ താളബോധം ആരെയും അതിശയിപ്പിക്കുന്നതാണ്.
1950ൽ നല്ലതങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ദക്ഷിണാമൂ൪ത്തി ആദ്യമായി സംഗീതം നി൪വഹിക്കുന്നത്. അദ്ദേഹത്തോടൊപ്പം രാമമൂ൪ത്തി എന്ന സംഗീത സംവിധായകനുമുണ്ടായിരുന്നു. ചിത്രത്തിലെ ഒരു നായകനായി അഭിനയിച്ചത് യേശുദാസിൻെറ പിതാവ് അഗസ്റ്റിൻ ജോസഫായിരുന്നു. സംഗീതനാടക ശൈലിയിൽ നടൻമാ൪ അഭിനയിച്ചു പാടുകയായിരുന്നു അന്ന്. ഗാനങ്ങൾ ഹിന്ദി ഈണതിൽതന്നെ വേണമെന്ന് നി൪മാതാകൾക്ക് നി൪ബന്ധം. പതിനഞ്ചോളം ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അമ്മതൻ പേമസൗഭാഗ്യത്തിടമ്പേ, ആനന്ദമാണാകെ ആമോദമാണാകെ, ജീവിതവാനം പ്രകാശമാനം, ആലോലിതമേ മനപ്രേമപ്പൊൻ ഊഞ്ഞാലിൽ.. തുടങ്ങിയവയായിരുന്നു ഗാനങ്ങൾ. അതേവ൪ഷം ‘ചന്ദ്രിക’ എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻെറ ഗാനങ്ങൾക്ക് ദക്ഷിണാമൂ൪ത്തി ഈണമൊരുക്കി. ഗോവിന്ദരാജുലുവും അദ്ദേഹവുമായി സഹകരിച്ചു. തെട്ടടുത്ത വ൪ഷം ജീവിതനൗകയിലൂടെ ദക്ഷിണാമൂ൪ത്തി സ്വതന്ത്രമായി സംഗീതസംവിധാനം നി൪വഹിച്ചു. വരൂനായികേ വാനിൽ വരൂ നായികേ, അകാലേ ആരും കൈവിടും, ആനത്തലയോളം വെണ്ണ തരാമെടാ.. തുടങ്ങിയവയായിരുന്നു ഗാനങ്ങൾ.
അതേ വ൪ഷം ‘നവലോകം’ എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരൻെറ ഗാനങ്ങൾ ചിട്ടപ്പെടുത്തി. ഇതിലാണ് കോഴിക്കോട് അബ്ദുൽ ഖാദ൪ ആദ്യമായി പാടുന്നത്. ‘തങ്കക്കിനാക്കൾ ഹൃദയേവീശും’ എന്ന അദ്ദേഹത്തിൻെറ ആദ്യ ഗാനം തന്നെ ശ്രദ്ധേയമായി. തുട൪ന്ന അമ്മ, വേലക്കാരി, ലോകനീതി, ആശാദീപം, ശരിയോ തെറ്റോ തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണാമൂ൪ത്തി മുന്നേറി.
’54ൽ സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് ‘കണ്ണുംപൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകനേ.’ എന്ന ഹിറ്റ് ഗാനം ദക്ഷിണമാമൂ൪ത്തി ഒരുക്കുന്നത്. തുട൪ന്ന് കിടപ്പാടം, ആത്മാ൪പ്പണം, അവൻ ഉണരുന്നു എന്നീ ചിത്രങ്ങൾക്കുശേഷം ’57ലും ’58ലും അദ്ദേഹത്തിന് ചിത്രങ്ങൾ ലഭിച്ചില്ല. എന്നാൽ ’60ൽ എക്കാലത്തെയും മനോഹരമായ മലയാളത്തിൻെറ താരാട്ടുപാട്ടായ ‘പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ’ എന്ന ഗാനവുമായി അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. ദക്ഷിണേൻഡ്യയുടെ വാനമ്പാടിയായിരുന്ന പി.സുശീലയെ മലയാളത്തിന് പരിചയപ്പെടുത്തിയായിരുന്നു ഇത്. അഭയദേവിൻെറതായിരുന്നു രചന.
1961നവംബ൪ 14ന് യേശുദാസ് തൻെറ ആദ്യ ഗാനം റെക്കോഡ് ചെയ്തെങ്കിലും ആദ്യം പുറത്തിറങ്ങുന്ന യേശുദാസ് ഗാനം ദഷിണാമൂ൪ത്തിയുടേതാണ്. ശ്രീകോവിൽ എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘വേദവാക്യം നരനൊന്നേയതു മാതൃവാക്യം തന്നെ’എന്ന ഗാനമായിരുന്നു അത്. ’63ൽ സത്യഭാമ, സുശീല, ചിലമ്പൊലി എന്നീ ചിത്രങ്ങളിലൂടെ ലബ്ദപ്രതിഷ്ഠ നേടിയ ദക്ഷിണാമൂ൪ത്തി ദേവാലയം എന്ന ചിത്രത്തിനുവേണ്ടി ‘നാഗരാദി എണ്ണയുണ്ട്’ എന്ന ഗാനം ആലപിക്കുകയുണ്ടായി.
1919ൽ ആലപ്പുഴയിൽ ഡി.വെങ്കിടേശ്വര അയ്യരുടെയും പാ൪വതിയമ്മാളിൻെറയും പുത്രനായി ജനിച്ച ദക്ഷിണാമൂ൪ത്തി ബാല്യത്തിൽ അമ്മയിൽ നിന്ന് ചില കീ൪ത്തനങ്ങൾ പഠിച്ചു. പിന്നീട് വെങ്കിടാചലം പോറ്റിയിൽ നിന്ന് മുറപ്രകാരം സംഗീതം പഠിച്ചു. യേശുദാസിനും അദ്ദേഹത്തിൻെറ പിതാവിനും മകനും ഉൾപ്പെടെ മൂന്ന് തലമുറക്ക് അദ്ദേഹം സംഗീതം പക൪ന്നുകൊടുത്തു.
മലയാള സംഗീത വസന്തത്തിലെ വാടാമലരുകളായ പ്രിയമാനസാ നീ, സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ, ഹൃദയസരസ്സിലെ, കാട്ടിലെ പാഴ്മുളം തണ്ടിൽ, മനോഹരിനിൻ മനോരഥത്തിൽ, ഉത്തരാസ്വയംവരം, വൈക്കത്തഷ്ടമി നാളിൽ, ഇന്നലെ നീയൊരു സുന്ദരരാഗമായെൻ, ശ്രാന്തമംബരം, മനസിലുണരൂ ഉഷ$സന്ധ്യയായ്, പ്രത്യൂഷ പുഷ്പമേ മുഗ്ധനൈ൪മല്യമേ, ആലാപനം തുടങ്ങിയ എത്രയോ ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സംഗീതലോകത്തെ അൽഭുതങ്ങളിലൊന്നാണ് അദ്ദേഹത്തിൻെറ ഈ നിറസാന്നിധ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story