ട്രെയിനില്‍നിന്ന് പുഴയിലേക്ക് വീണ് യുവതിയും കുഞ്ഞും മരിച്ചു
text_fieldsഫറോക്ക്: മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിൽ ഫറോക്ക് പാലത്തിൽനിന്ന് ചാലിയാറിലേക്കു വീണ് യുവതിയും ഒരു കുട്ടിയും മരിച്ചു. ഒരു കുട്ടിക്കായി തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വ൪ണപണിക്കാരൻ കോട്ടൂളി തെക്കേ പാലക്കോട്ട് പറമ്പിൽ വാടകക്ക് താമസിക്കുന്ന ബിജു ഡൊമിനിക്കിൻെറ ഭാര്യ ബ്രിജുല (25), മക്കളായ റിഞ്ജുദി (മൂന്നര), ആൽബി (ഒന്നര) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.10ഓടെ വണ്ടി ഫറോക്ക് സ്റ്റേഷനിൽ നി൪ത്താൻ വേഗതകുറച്ചുവരുന്നതിനിടെയാണ് ലേഡീസ് കംപാ൪ട്ട്മെൻറിൻെറ മധ്യഭാഗത്തെ വാതിലിലൂടെ മൂവരും തെറിച്ചുവീണത്. സഹയാത്രിക൪ ചങ്ങല വലിച്ച് വണ്ടി നി൪ത്തി നോക്കിയെങ്കിലും കാണാനാകാത്തതിനെ തുട൪ന്ന് ഫറോക്ക് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഭ൪ത്താവ് ഫറോക്ക് സ്റ്റേഷനിലെത്തുമെന്നും തങ്ങൾകൂടി എത്തിയശേഷം അദ്ദേഹത്തിൻെറ ഒരു കൂട്ടുകാരൻെറ വീട്ടിൽ പോകാനാണ് വരുന്നതെന്നും പറഞ്ഞതായി സ്റ്റേഷനിൽ വിവരം പറഞ്ഞ യാത്രക്കാരി അറിയിച്ചു. പാലത്തിലെത്തിയപ്പോൾ വേഗത കുറഞ്ഞതിനാൽ സ്റ്റേഷനാണെന്ന ധാരണയിൽ ഇറങ്ങിപ്പോയതാണെന്നും വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ചുവീണതാണെന്നും പറയുന്നു. മുതി൪ന്ന കുട്ടി മുന്നിലും ചെറിയ കുട്ടി യുവതിയുടെ ഒക്കത്തുമായിരുന്നു. അതിനിടെ ചെറിയ കുട്ടി മറ്റേ കുട്ടിയെ തൊടാൻ ശ്രമിച്ചപ്പോൾ മൂന്നുപേരും പുഴയിലേക്കു വീണതാണെന്നും ചില യാത്രക്കാ൪ പറഞ്ഞു. വിവരമറിഞ്ഞയുടൻ നാട്ടുകാരും പൊലീസും, ഫയ൪ ആൻഡ് റെസ്ക്യൂ, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റ്ഗാ൪ഡ്, തീരദേശ പൊലീസ് തുടങ്ങിയവ൪ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ രാത്രി 8.45ഓടെ യുവതിയുടെയും 9.30ഓടെ കുട്ടിയുടെയും മൃതദേഹങ്ങൾ കിട്ടി. കരുവൻതിരുത്തി പാതിരിക്കാട് സ്വദേശികളായ മുസ്തഫ, ശിഹാബ് എന്നിവ൪ യുവതിയുടെ മൃതദേഹം കണ്ടെത്തി കോസ്റ്റ്ഗാ൪ഡ് ബോട്ടിൽ കയറ്റി കരക്കെത്തിക്കുകയായിരുന്നു. മണൽ തൊഴിലാളികളായ മൊയ്തീൻ, നജീബ് എന്നിവ൪ തിരച്ചിൽ നടത്തിയ ബോട്ടിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. പുഴയിൽനിന്ന് കണ്ടുകിട്ടുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവ൪ത്തക൪ പറഞ്ഞു. മൂത്ത കുട്ടി റിഞ്ജുദിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.
അതിനിടെ, യുവതിയുടെ തോളിലുണ്ടായിരുന്ന ഹാൻഡ്ബാഗിൽനിന്ന് കോഴിക്കോട്-തൃശൂ൪ ട്രെയിൻ ടിക്കറ്റാണ് ലഭിച്ചത്. എ.ഡി.എം കെ.പി. രമാദേവി, പൊലീസ്, അസി. കമീഷണ൪ കെ.ആ൪. പ്രേമചന്ദ്രൻ, ചെറുവണ്ണൂ൪ സി.ഐ കെ.കെ. ബിജു, എസ്.ഐമാരായ കെ. സുശീ൪, എം.കെ. വ൪ഗീസ് തുടങ്ങിയവ൪ രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി. സ്റ്റേഷൻ ഓഫിസ൪ ബാബുരാജിൻെറ നേതൃത്വത്തിൽ മീഞ്ചന്തയിൽനിന്നും ബീച്ചിൽനിന്നും ഫയ൪ യൂനിറ്റ് എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.