കോഴിക്കോട്-ബത്തേരി റൂട്ട് കെ.എസ്.ആര്‍.ടി.സി കൈയൊഴിയുന്നു
text_fieldsസുൽത്താൻ ബത്തേരി: കോഴിക്കോട്-സുൽത്താൻ ബത്തേരി റൂട്ടിൽ യാത്രാ പ്രശ്നം രൂക്ഷമായി. രാത്രി സ൪വീസുകൾ വെട്ടിക്കുറക്കുന്നു. പകൽ സമയത്തുള്ള സ൪വീസുകളും വെട്ടിച്ചുരുക്കുന്നുണ്ട്.
ഓരോ ഇരുപത് മിനിറ്റിലും ടൗൺ ടു ടൗൺ സ൪വീസുകൾ ആരംഭിക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല. നല്ല കലക്ഷൻ ലഭിക്കുന്ന റൂട്ടിൽ സ൪വീസ് റദ്ദാക്കൽ പതിവായി.
യാത്രാ പ്രതിസന്ധിയിൽ ജനരോഷം ശക്തിപ്പെടുമ്പോഴും കെ.എസ്.ആ൪.ടി.സി. അധികൃത൪ മൗനത്തിലാണ്. അതേസമയം, യാത്രക്കാരുടെ പ്രയാസം ചൂണ്ടിക്കാട്ടി പുതിയ പെ൪മിറ്റുകൾ തരപ്പെടുത്താനുള്ള തിരക്കിലാണ് സ്വകാര്യ ബസുടമകൾ.
അഞ്ച് സ്വകാര്യ ബസുകൾക്ക് ഈ റൂട്ടിൽ പുതുതായി പെ൪മിറ്റ് അനുവദിക്കുന്ന കാര്യം കഴിഞ്ഞ ആ൪.ടി.എ യോഗത്തിൽ ച൪ച്ചക്കു വന്നിരുന്നു. കെ.എസ്.ആ൪.ടി.സി ജീവനക്കാരുടെ എതി൪പ്പിനെ തുട൪ന്ന് തൽകാലത്തേക്ക് തീരുമാനം മാറ്റിവെക്കുകയായിരുന്നു. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കണ്ണൂ൪, താമരശ്ശേരി-കൊയിലാണ്ടി റൂട്ടുകൾക്കു ശേഷം കോഴിക്കോട്-സുൽത്താൻ ബത്തേരി ദേശസാൽകൃത റൂട്ടും സ്വകാര്യമേഖല കൈയടക്കി തുടങ്ങി.
മാനന്തവാടി, ബത്തേരി ഡിപ്പോകളിൽനിന്ന് ഓരോ 20 മിനിറ്റിലും കോഴിക്കോട്ടേക്ക് കെ.എസ്.ആ൪.ടി.സി ടൗൺ ടു ടൗൺ സ൪വീസുകൾ ആരംഭിക്കാൻ കഴിഞ്ഞ സ൪ക്കാറിൻെറ കാലത്താണ് തീരുമാനമെടുത്തത്. ഇതോടൊപ്പം മാനന്തവാടി -സുൽത്താൻ ബത്തേരി റൂട്ടിൽ ചെയിൻ സ൪വീസ് ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ബസുകളുടെ കുറവ് കാരണം മാനന്തവാടി-ബത്തേരി ചെയിൻ സ൪വീസുകൾ ആരംഭിക്കാനായില്ലെങ്കിലും ബത്തേരി-കോഴിക്കോട് റൂട്ടിൽ തീരുമാനം ഭാഗികമായി നടപ്പാക്കി.
കോട്ടയം, എറണാകുളം അടക്കം ദീ൪ഘദൂര സൂപ്പ൪ ഫാസ്റ്റ് ബസുകൾക്ക് പുറമെ 23 സ൪വീസുകളാണ് അന്ന് ബത്തേരി-കോഴിക്കോട് റൂട്ടിൽ സ൪വീസ് നടത്തിയിരുന്നത്. ഇതിൽ 6.30, 7.30, 10.30, 2.00 സ൪വീസുകൾ ഇപ്പോൾ നി൪ത്തലാക്കി. ഇതോടെ സ൪വീസുകളുടെ എണ്ണം 19 ആയി കുറഞ്ഞു. ഇതിനു പുറമേ 6.10, 7.10, 7.50 കോഴിക്കോട് സ൪വീസുകൾ ഇപ്പോൾ പതിവായി റദ്ദു ചെയ്യുകയാണ്.
രാവിലെ അയക്കുന്ന സ൪വീസുകളിൽ പലതും രണ്ടാമത്തെ ട്രിപ്പ് മുടക്കുന്നു. ഇതുമൂലം വൈകീട്ട് 6.50, 7.20, 7.50 എന്നീ സമയങ്ങളിലുള്ള സ൪വീസുകൾ കോഴിക്കോട്ടുനിന്ന് ഉണ്ടാവാറില്ല. രാവിലെ 4.40, 5.15, 6.00, 6.30, 7.00 എന്നീ സമയങ്ങളിൽ ബത്തേരിയിൽനിന്ന് സ൪വീസ് ആരംഭിക്കുന്ന ബസുകളാണ് രാത്രി കോഴിക്കോട്ടുനിന്ന് വരേണ്ടത്. ഈ ബസുകൾ പതിറ്റാണ്ട് പഴക്കമുള്ള ബസുകളാണ്. ഒരിക്കലും കൃത്യമായി സ൪വീസുകൾ പൂ൪ത്തിയാക്കാൻ ഇവ൪ക്കു കഴിയാറില്ല. വൈകീട്ട് ആറുമണി കഴിഞ്ഞാൽ കോഴിക്കോട് നിന്ന് ബത്തേരിയിലേക്കുള്ള യാത്ര ഇപ്പോൾ തികഞ്ഞ അനിശ്ചിതത്വത്തിലാണ്.
പുതിയ ബസുകളും ആവശ്യാനുസരണം സ്പെയ൪ പാ൪ട്സും ബത്തേരി ഡിപ്പോയിൽ ലഭിച്ചാൽ മാത്രമേ റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം.
ജില്ലക്ക് അനുവദിച്ച 20 പുതിയ ബസുകളിൽ അഞ്ചെണ്ണം മാത്രമാണ് ബത്തേരി ജില്ലാ ഡിപ്പോക്ക് ലഭിച്ചത്. ഇതിൽ രണ്ട് സൂപ്പ൪ ഫാസ്റ്റ് ബസുകൾ വടകര-ബംഗളൂരു സ൪വീസിന് അനുവദിച്ചു. സുൽത്താൻ ബത്തേരി വഴി കടന്നു പോകുന്നുവെന്നതൊഴിച്ചാൽ ബത്തേരി നിവാസികളെ സംബന്ധിച്ചിടത്തോളം ഇതിൻെറ പ്രയോജനം ലഭിക്കുന്നില്ല. രേഖയിൽ ബത്തേരി ഡിപ്പോയിൽനിന്നുള്ള സ൪വീസായതിനാൽ റിപ്പയ൪ പ്രവൃത്തികളും സ്പെയ൪ പാ൪ട്സും ഈ അന്ത൪ സംസ്ഥാന സ൪വീസുകൾക്ക് ബാധ്യതയാവുന്നു. ഇതോടൊപ്പം ലഭിച്ച ആ൪.എൻ. 820, ആ൪.എൻ. 836 ഫാസ്റ്റ് പാസഞ്ച൪ ബസുകൾ ശബരിമല സ൪വീസാണ്.
അഞ്ചാമതായി കിട്ടിയ ‘കുട്ടി’ ബസ് ബത്തേരി-ചേകാടി സ൪വീസ് നടത്തുന്നു. ദേശസാൽകൃത റൂട്ടായി പ്രഖ്യാപിച്ച് കെ.എസ്.ആ൪.ആ൪.ടി.സി കുത്തകയാക്കിയ കോഴിക്കോട്-ബത്തേരി റൂട്ടിൽ യാത്രാ പ്രതിസന്ധി രൂക്ഷമായിട്ടും ഒരു പുതിയ ബസ് പോലും ഇവിടെ ഉപയോഗപ്പെടുത്താനായില്ല.
ടയ൪, ബ്രേക്ക് ലൈന൪, ബ്രേക്ക് ഡ്രം തുടങ്ങിയ സ്പെയ൪ പാ൪ട്സുകൾ ഡിപ്പോയിലില്ല. കട്ടപ്പുറത്താണ് പല ബസുകളും.
ജനങ്ങളുടെ യാത്രാ പ്രതിസന്ധി നിരത്തിയാണ് സ്വകാര്യ ബസുടമകൾ കഴിഞ്ഞ ആ൪.ടി.എ യോഗത്തിൽ പുതിയ പെ൪മിറ്റുകൾക്കായി വാദിച്ചത്. ചില രാഷ്ട്രീയ പാ൪ട്ടികളുടെയും നേതാക്കളുടെയും പിന്തുണയും ഇവ൪ക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.