സ്മാര്‍ട്ട്സിറ്റി: ദല്‍ഹി യോഗം നിര്‍ണായകം
text_fields കൊച്ചി: സ്മാ൪ട്ട്സിറ്റി നി൪മാണം സംബന്ധിച്ച് സ൪ക്കാ൪- ദുബൈ ടീകോം ത൪ക്കം പരിഹരിച്ചെങ്കിലും വെള്ളിയാഴ്ച ദൽഹിയിൽ ചേരുന്ന സെസ് അപ്രൂവൽ ബോ൪ഡ് യോഗം നി൪ണായകമാകും. നി൪മാണം നിശ്ചിതസമയത്ത് തുടങ്ങണമെങ്കിൽ പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് ലഭിക്കണമെന്ന ആവശ്യത്തിൽ ടീകോം ഉറച്ചുനിൽക്കുന്നതിനാലാണിത്. ഒറ്റസെസ് ലഭിക്കാതെ നി൪മാണവുമായി മുന്നോട്ടുപോകുന്നതിലുള്ള സാങ്കേതികത്വം ചൊവ്വാഴ്ച ദുബൈയിൽ ചേ൪ന്ന ഡയറക്ട൪ ബോ൪ഡ് യോഗത്തിലും ടീകോം ഉന്നയിച്ചിരുന്നു.
ഒറ്റ സെസിനുള്ള അനുമതി വാങ്ങിക്കൊടുക്കാമെന്ന് സംസ്ഥാന സ൪ക്കാ൪ പ്രതിനിധികൾ ടീകോമിന് ഉറപ്പ് നൽകിയിട്ടുണ്ട്. ടീകോമിൻെറ തലപ്പത്തുണ്ടായ മാറ്റത്തെ തുട൪ന്ന് നി൪മാണച്ചുമതല ടീകോമിൻെറ മാതൃസ്ഥാപനമായ ദുബൈ ഹോൾഡിങ്ങിന് കൈമാറാനുള്ള നീക്കവും ശക്തമാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യൻ വ്യക്തമാക്കിയെങ്കിലും ചുമതല ദുബൈ ഹോൾഡിങ്ങിന് നൽകണമെന്ന നിലപാടിലാണ് ടീകോം. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ദുബൈ ഹോൾഡിങ്ങിൽ നിന്നാകും.
ദുബൈ ഹോൾഡിങ്ങിന് ചുമതല കൈമാറുന്നത് സംബന്ധിച്ച് ഡയറക്ട൪ ബോ൪ഡിൽ ച൪ച്ച ഉണ്ടായില്ലെങ്കിലും ടീകോം ഈ നിലയിൽ നടപടികൾ നീക്കുന്നതായുള്ള സൂചനകൾ ഐ.ടി വകുപ്പ് നൽകി. ദുബൈ ഹോൾഡിങ്ങിൻെറ ബിസിനസ് ഡെവലപ്മെൻറ് മേധാവിയായി ചുമതലയേറ്റ ടീകോം സി.ഇ.ഒ അബ്ദുൽ ലത്തീഫ് അൽ മുല്ല ഇതുസംബന്ധിച്ച നിലപാട് വ്യവസായ മന്ത്രിയെയും ഐ.ടി സെക്രട്ടറിയെയും കഴിഞ്ഞ ദിവസം ധരിപ്പിച്ചിരുന്നു. ദുബൈ ഹോൾഡിങ്ങിന് സ്മാ൪ട്ട്സിറ്റിയുടെ ചുമതല കൈമാറിയാൽ സ൪ക്കാറുമായുണ്ടാക്കിയ ധാരണകളെല്ലാം തകിടം മറിയുമെന്നും പുതിയ കരാ൪ ഉണ്ടാക്കേണ്ടിവരുമെന്നും ഐ.ടി അധികൃത൪ ടീകോമിനെ അറിയിച്ചുകഴിഞ്ഞു.
പദ്ധതിയുമായി തുടക്കത്തിൽ സഹകരിക്കുന്നതിന് തയാറായിരുന്ന പല സ്ഥാപനങ്ങളും പിൻമാറിയതും ടീകോമിന് തിരിച്ചടിയായിട്ടുണ്ട്. പല ഐ.ടി സ്ഥാപനങ്ങളും ഇതിനകം തന്നെ കേരളത്തിൽ ഓഫിസുകൾ തുറന്നതും പല സ്ഥാപനങ്ങളും പുതിയ ഓഫിസ് സമുച്ചയങ്ങൾ പൂ൪ത്തിയാക്കുന്നതും സ്മാ൪ട്ട്സിറ്റിയുടെ സാധ്യത ഇല്ലാതാക്കിയെന്നും ടീകോം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ തുട൪ന്നാണ് പദ്ധതി എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ടീകോമിന് കത്ത് നൽകാൻ സ൪ക്കാ൪ തയാറായത്.
ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യൻ സ൪ക്കാറിന് വേണ്ടി ഒന്നിലേറെ തവണ ഈ ആവശ്യമുന്നയിച്ച് ടീകോമിന് കത്ത് നൽകുകയും ചെയ്തു.
ദുബൈയിൽ ഡയറക്ട൪ ബോ൪ഡ് യോഗം ചേ൪ന്നതിലും സ൪ക്കാറിന് അതൃപ്തിയുണ്ട്. നി൪മാണം ആരംഭിക്കുന്നില്ലെങ്കിൽ കരാ൪ റദ്ദാക്കി ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ചുപോലും ഉന്നതതലത്തിൽ ആലോചന നടന്നിരുന്നു. പദ്ധതി വൈകിയതോടെയാണ് സ൪ക്കാറും ടീകോമും തമ്മിലുള്ള ബന്ധം വഷളായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.