കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറിക്ക് അനുകൂലമായി കോണ്‍ഗ്രസ് വോട്ട് ചെയ്യും
text_fieldsകൊല്ലം: കോ൪പറേഷൻ സെക്രട്ടറിസബീന പോളിനെ മാറ്റാൻ സ൪ക്കാറിനോട് ആവശ്യപ്പെടാൻ 19ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം സെക്രട്ടറിക്ക് അനുകൂലമായി വോട്ടു ചെയ്യും. സെക്രട്ടറിയെ മാറ്റാനുള്ള പ്രമേയത്തിനെതിരെ വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസില൪മാ൪ക്ക് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ മുഖേന ഡി.സി.സി പ്രസിഡൻറ് ജി. പ്രതാപവ൪മ തമ്പാൻ വിപ്പ് നൽകി. പ്രമേയത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജോ൪ജ് ഡി. കാട്ടിൽ പറഞ്ഞു. കൗൺസിൽ പ്രമേയം പാസാക്കിയാലും സ൪ക്കാറാണ് സെക്രട്ടിയുടെ സ്ഥലംമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. യു.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടിയും ഡി.സി.സിയും സെക്രട്ടറിക്ക് അനുകൂലമായ നിലപാടെടുത്തതോടെ സ൪ക്കാ൪ എന്ത് തീരുമാനമെടുക്കുമെന്ന കാര്യത്തിൽ ഭരണപക്ഷത്തിന് ആശങ്കയുണ്ട്. പ്രതിപക്ഷ പിന്തുണകൂടി പ്രതീക്ഷിച്ചായിരുന്നു മേയ൪ പ്രസന്നാ ഏണസ്റ്റിൻെറ നേതൃത്വത്തിൽ ഭരണപക്ഷ നീക്കവും. സബീന പോളിന് നഗരകാര്യ ജോയൻറ് ഡയറക്ടറായുള്ള ഉദ്യോഗക്കയറ്റത്തിനുള്ള സമയം അടുത്തിരിക്കെ അതുവരെ അവരെ നിലനി൪ത്തുക എന്ന നിലപാട് സ൪ക്കാ൪ സ്വീകരിക്കാനാണ് സാധ്യത. ഭരണപക്ഷത്തിൻെറ ആവശ്യങ്ങൾക്ക് വഴങ്ങാത്തതാണ് സെക്രട്ടറിക്കെതിരെ മേയറുടെ നേതൃത്വത്തിൽ പ്രമേയം കൊണ്ടുവരുന്നതിന് പ്രധാനകാരണമെന്ന് വിപ്പ് നൽകിയുള്ള അറിയിപ്പിൽ ഡി.സി.സി പ്രസിഡൻറ് പറയുന്നു. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന സെക്രട്ടറിയെ സ്ഥലംമാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഡി.സി.സി നിലപാട്. ഭരണപക്ഷത്തിൻെറ പരാജയം സെക്രട്ടറിക്ക് മേൽ ആരോപിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജോ൪ജ് ഡി. കാട്ടിൽ പറഞ്ഞു. തെരുവുവിളക്ക് കരാ൪ വൈകിയതിന് കാരണമായ സെക്രട്ടറിയുടെ സമീപനത്തിൽ പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ സെക്രട്ടറിയുടെ എല്ലാ പ്രവൃത്തികളും തെറ്റാണെന്ന് പറയാനാവില്ല. നിയമാനുസൃതം സെക്രട്ടറി സ്വീകരിക്കുന്ന നടപടികളോട് യോജിപ്പാണുള്ളത്. സെക്രട്ടറി കാരണം ഭരണം പ്രതിസന്ധിയിലാണെന്ന പ്രചാരണമാണ് മേയറും കൂട്ടരും നടത്തുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 19 ന് രാവിലെ 11 നാണ് പ്രത്യേക കൗൺസിൽ ചേരുക. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം മേയ൪ നൽകിയിരുന്നു. കോ൪പറേഷൻെറ ദൈനംദിനകാര്യങ്ങൾ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നതിൽ സെക്രട്ടറി ഗുരുതര വീഴ്ചവരുത്തിയെന്നാണ് ആരോപണം. മേയ൪ ആവശ്യപ്പെട്ട വിശദീകരണത്തിന് എട്ട് പേജുള്ള മറുപടി സെക്രട്ടറി നൽകിയിരുന്നു. പക൪പ്പ് എല്ലാ കൗൺസില൪മാ൪ക്കും നൽകി. 55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 35 ഉം യു.ഡി.എഫിന് 20 ഉം കൗൺസില൪മാരാണുള്ളത്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ സെക്രട്ടറിക്കെതിരായ പ്രമേയം പാസാവുമെന്നുറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.