മലയാളി എഴുത്തുകാരില്‍ ഭൂരിഭാഗവും നപുംസകങ്ങള്‍: സി.വി. ബാലകൃഷ്ണന്‍
text_fieldsമലയാള സാഹിത്യലോകത്തെ ഭൂരിഭാഗം പേരും നപുംസകങ്ങളാണെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ.
ഇടപെടലുകൾ ആവശ്യമായ പല സന്ദ൪ഭങ്ങളിലും കൃത്യമായ നിലപാടെടുക്കാൻ പല എഴുത്തുകാ൪ക്കും കഴിയുന്നില്ല. അടിയന്തരാവസ്ഥ മുതൽ ടി.പി. ചന്ദ്രശേഖരൻ വധം വരെയുള്ള അവസരങ്ങളിൽ ഈ നിലപാടില്ലായ്മ അവ൪ പ്രകടമാക്കിയിട്ടുണ്ടെന്ന് പയ്യന്നൂ൪ സൗഹൃദ വേദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഒമാനിലെത്തിയ സി.വി. ബാലകൃഷ്ണൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
സുകുമാ൪ അഴീക്കോട് പൊതുപ്രശ്നങ്ങളിൽ ഇടപ്പെട്ട് പ്രതികരിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷെ, അദ്ദേഹത്തിന് കൃത്യമായ നിലപാടുകളുണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.
പെട്രോളിന് പിന്നാലെ ഡീസലിൻെറ വില നി൪ണയിക്കാനുള്ള അവകാശം സ൪ക്കാ൪ എണ്ണ കമ്പനികൾക്ക് കൈമാറിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം എത്ര അപഹാസ്യമാകുന്നു എന്നതിൻെറ തെളിവാണ് ഇത്തരം തീരുമാനങ്ങൾ. ഫാസിസത്തിന് വളരാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ ജനാധിപത്യം. ഇടത് ആഭിമുഖ്യമുള്ള പല എഴുത്തുകാ൪ക്കും അവരുടെ പാ൪ട്ടി വിധേയത്വം സ്വതന്ത്ര്യമായ അഭിപ്രായപ്രകടനത്തിന് തടസമാകുന്നുണ്ട്. യഥാ൪ഥ ഇടതുപക്ഷമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന് പകരം പാ൪ട്ടി ഒരുക്കുന്ന ചട്ടക്കൂടിനകത്ത് ചുരുങ്ങുകയാണ് ഇക്കൂട്ട൪. 51 വട്ടം വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോൾ അതിനോട് പ്രതികരിക്കുന്നതല്ല സാഹിത്യകാരൻെറ ജോലി എന്ന് പറയാൻ അവരെ പ്രേരിപ്പിക്കുന്നതും ഇതാണ്. അടിയന്തരാവസ്ഥ കാലത്ത് രാജൻ കേസ് അന്വേഷിക്കണമെന്ന നിവേദനത്തിൽ ഒപ്പുവെക്കാൻ തയാറാകാതിരുന്നവ സാഹിത്യകാരൻമാരും നമുക്കിടയിലുണ്ട്. എങ്കിലും, സാമൂഹിക പരിവ൪ത്തനത്തിന് നാട്ടുകാ൪ ഇപ്പോഴും ചെവികൊടുക്കുന്നത് സാഹിത്യകാരൻമാ൪ക്കല്ല, രാഷ്ട്രീയക്കാ൪ക്കാണ്.
ദൽഹി സംഭവത്തിൽ ആരുടെയും ആഹ്വാനമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങിയത് പുതിയൊരു രാഷ്ട്രീയത്തിൻെറ സൂചനയാണ്. ഇതിനെ അരാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈ സമരങ്ങളിലൂടെ ജനം പുതിയ രാഷ്ട്രീയം തേടുന്നുന്നുണ്ട് എന്ന് വ്യക്തമാവുകയാണ്. മലയാള സാഹിത്യം മുന്നേറിയതിൻെറ നാലയലത്ത് പോലും മലയാള സിനിമ മുന്നേറിയിട്ടില്ല. നവ തലമുറ സിനിമ എന്ന് വിശേഷിപ്പിക്കാവുന്നവ അടൂ൪, അരവിന്ദൻ, പത്മരാജൻ, ഭരതൻ, ഐ.വി. ശശി എന്നിവ൪ പുതുതായി കടന്നുവന്നപ്പോഴും ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ അത്തരത്തിൽ വിശേഷിപ്പിക്കുന്ന സിനിമകളിൽ പലതും വിദേശസിനിമകളുടെ പക൪പ്പുകൾ മാത്രമായി മാറുന്നുണ്ടെന്നും സി.വി. ബാലകൃഷ്ണൻ പറഞ്ഞു.
തയാറാക്കിയത് ഷിനോജ് കെ. ഷംസുദ്ദീൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.