ഡിസംബറിന്റെ ദു:ഖം, 2012ന്റെയും
text_fieldsഇന്ത്യക്കാ൪ ആറ് മെഡലുകളുമായി ലണ്ടനിൽനിന്ന് തിരിച്ചുവന്നപ്പോൾ 88 വ൪ഷങ്ങളായി ഒളിമ്പിക്സിൽ മത്സരിക്കുന്ന നമ്മുടെ രാജ്യത്തിൻെറ ഏറ്റവും വലിയ മെഡൽ വേട്ടയായി, അത് ചരിത്ര പുസ്തകത്തിൽ കയറി.
ബെയ്ജിങ്ങിൽ സ്വ൪ണം നേടിയ അഭിനവ് ബിന്ദ്രയും ആ൪ച്ചറിയിൽ ലോക ഒന്നാം നമ്പ൪ താരമെന്നു വിശേഷിപ്പിക്കപ്പെട്ട ദീപിക കുമാരിയും സുവ൪ണ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി ടീമും ഒക്കെ പരാജയത്തിലേക്കു കൂപ്പുകുത്തിയത്, 120 കോടി ഇന്ത്യക്കാ൪ മറക്കാൻ തയാറായത് രണ്ടു വെള്ളിയടക്കം അര ഡസൻ ഒളിമ്പിക് മെഡലുകൾ ഇന്ത്യയിലെത്തി എന്ന സന്തോഷത്തിൻെറ വെളിച്ചത്തിലായിരുന്നു. 1984 ലോസ് ആഞ്ചൽസ്, 1988 സോൾ, 1992 ബാഴ്സലോണ എന്നിങ്ങനെ തുട൪ച്ചയായ മൂന്നു ഒളിമ്പ്യാഡുകളിൽനിന്ന് വെറും കൈയോടെയാണ് നാം മടങ്ങിയതെന്നുകൂടി ഓ൪ക്കുക.
എന്നാൽ, 2012 എന്ന വ൪ഷം അവസാനിച്ചത് കായികഭാരതത്തിൻെറ വലിയ ദു$ഖം പേറി ആയിരുന്നു. ഡിസംബ൪ മാസത്തിൻെറ തേരിലേറി ഇന്ത്യൻ കായികരംഗത്തെ വാനോളം ഉയ൪ത്തിയ മൂന്നു പ്രഗല്ഭമതികൾ ജീവിതത്തിൽനിന്നു തന്നെ വിടവാങ്ങി.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന പട്ടൗഡി നവാബ് മൻസൂറലി ഖാൻെറ്യും ഇന്ത്യൻ ഒളിമ്പിക് ഫുട്ബാൾ നായകനായിരുന്ന യെസലൻ മന്നയുടെയും വലിയ വേ൪പാടുകൾക്കും പിന്നാലെയായിരുന്നു. ഹോക്കി ക്യാപ്റ്റൻ ലെസ്ളി ക്ളോഡിയസിൻെറയും വോളിബാൾ നായകൻ തിലകം ഗോപാലിൻെറയും ഫുട്ബാൾ ഒളിമ്പ്യൻ തുളുകനും ഷൺമുഖൻെറയും ഇന്നിങ്സ് അവസാനിച്ച വാ൪ത്തകൾ വന്നത്.
മധ്യപ്രദേശിൽ ബിലാസ്പൂ൪ സ്വദേശിയായ ലെസ്ളി വാൾട്ട൪ ക്ളോഡിയസ് (85) നാല് ഒളിമ്പിക്സിൽ പങ്കെടുത്ത ഹോക്കി ഹാഫ്ബാക്കായിരുന്നു. മൂന്ന് ഒളിമ്പ്യാഡുകളിൽ അവിഭക്ത രാഷ്ട്രമായി സ്വ൪ണമെഡലിൽ ഹാട്രിക് തികച്ച ഇന്ത്യ 1948ൽ ലണ്ടൻ ഒളിമ്പിക്സിന് ചെല്ലുമ്പോൾ പാകിസ്താൻ മറ്റൊരു രാഷ്ട്രമായി അങ്കത്തട്ടിലുണ്ടായിരുന്നു. കിഷൻലാലിൻെറ നേതൃത്വത്തിൽ ഇന്ത്യ നാലാം തവണയും സ്വ൪ണം നേടിയപ്പോൾ 21 വയസ്സ് മാത്രം പ്രായമുള്ള ഈ ആംഗ്ളോ ഇന്ത്യൻ താരം ഇന്ത്യൻ ടീമിൽ വെട്ടിത്തിളങ്ങിനിന്നു.
ബി.എൻ. റെയിൽവേയിലൂടെ കൊൽക്കട്ടാ കസ്റ്റംസിലെത്തിയ ക്ളോഡിയസ്, 1952ൽ ഹെൽസിങ്കി ഒളിമ്പിക്സിൽ സ്വ൪ണം നിലനി൪ത്തിയ കെ.ഡി. സിങ് ബാബുവിൻെറ ടീമിലും 1956ൽ മെൽബനിൽ വിജയം ആവ൪ത്തിച്ച ബൽബീ൪സിങ്ങിൻെറ ടീമിലും അംഗമായിരുന്നു.
1960ൽ റോമിൽ നടന്ന പതിനേഴാമത് ഗെയിംസിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായാണ് റോമിലേക്ക് ചെന്നത്. നാലാം തവണയും ക്ളോഡിയസ് ഒരു ഒളിമ്പിക് മെഡൽ നേടിയെങ്കിലും ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് രണ്ടാം സ്ഥാനത്തേക്കിറങ്ങി നിൽക്കേണ്ടിവന്നു. 1971ൽ രാഷ്ട്രം പത്മശ്രീ നൽകി ആ ഹോക്കി താരത്തെ ആദരിച്ചെങ്കിലും ഇന്ത്യക്ക് സ്വ൪ണം നേടിക്കൊടുക്കാൻ കഴിയാത്ത ആദ്യത്തെ ഹോക്കി ക്യാപ്റ്റനെന്ന ദു$ഖം അദ്ദേഹത്തെ തള൪ത്തിയിരുന്നു. കളി നി൪ത്തിയെങ്കിലും പരിശീലകനായി കളിക്കളത്തിൽ തുട൪ന്ന അദ്ദേഹത്തിന് തൻെറ മകൻ റോബ൪ട്ട് ക്ളോഡിയസ് ഇന്ത്യൻ ജഴ്സി അണിയുന്ന ഭാഗ്യം കാണാൻ ഒത്തു. എന്നാൽ ചെറുപ്രായത്തിൽതന്നെ ഒരു റോഡപകടത്തിൽ ആ ജീവിതം പൊലിഞ്ഞുപോവുന്ന ദു$ഖവും പിതാവ് ക്ളോഡിയസിൻേറതായി.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സ് വേളയിൽ ലണ്ടനിലെ ഒരു അണ്ട൪ഗ്രൗണ്ട് റെയിൽവേസ്റ്റേഷന് ക്ളോഡിയസിൻെറ പേര് നൽകി സംഘാടക൪ അദ്ദേഹത്തെ ആദരിച്ചപ്പോൾ, വീട്ടിൽ നടന്ന ഒരു കവ൪ച്ചയിൽ അദ്ദേഹത്തിൻെറ ഒളിമ്പിക് മെഡലുകളെല്ലാം മോഷ്ടിച്ച ഇന്ത്യക്കാരൻ മാത്രം കനിഞ്ഞില്ല.
മാന്യനായ കളിക്കാരൻ എന്ന നിലയിലും അ൪പ്പണബോധമുള്ള കോച്ച് എന്ന നിലയിലും അരനൂറ്റാണ്ടോളം ഇന്ത്യൻ ഫുട്ബാൾ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഒളിമ്പ്യൻ ടി. ഷൺമുഖം (93). ടെന്നിസ് പന്തുമായി കളിതുടങ്ങി ബാംഗ്ളൂ൪ സ്റ്റുഡൻസ് ക്ളബിലൂടെ സുള്ളിവൻ പൊലീസിലെത്തിയ ഈ മിഡ്ഫീൽഡ് ജനറൽ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഹാഫ്ബാക്കുകളിലൊരാളായിരുന്നു.
മദ്യപാനത്തെയും പുകവലിയെയും തൻെറ ജീവിതത്തിൻെറ നാലയലത്തുപോലും കടക്കാൻ അനുവദിക്കാതിരുന്ന തികഞ്ഞ അച്ചടക്കമുള്ള അനുഗൃഹീത ഫുട്ബാള൪. പത്തുതവണ ക൪ണാടകത്തെ (അന്ന് മൈസൂ൪) നയിച്ച ഷൺമുഖം, 1946ലും 1952ലും അവ൪ ദേശീയ ചാമ്പ്യന്മാരായപ്പോൾ സന്തോഷ്ട്രോഫി ഏറ്റുവാങ്ങിയ ക്യാപ്റ്റനായിരുന്നു. 1951ൽ ദൽഹി ഏഷ്യാഡിൽ ഇന്ത്യൻ ടീം സ്വ൪ണമണിഞ്ഞപ്പോൾ അംഗമായിരുന്ന അദ്ദേഹം, 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിലും ഇന്ത്യക്ക് കളിച്ചു.
സുള്ളിവൻ പൊലീസ് ടീമിൻെറ നായകത്വമേറി കേരളത്തിലും കളിക്കാനിറങ്ങിയ ഷൺമുഖം, പിൽക്കാലത്ത് കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷൻ കുട്ടികൾക്കായി നടത്തിയ ദീ൪ഘകാല കോച്ചിങ് ക്യാമ്പിൽ മുഖ്യപരിശീലകനായി എത്തിയിരുന്നു.
ലോകപ്രശസ്ത ജ൪മൻ പരിശീലകൻ ഡെറ്റ്മാ൪ക്രാമറിന് കീഴിൽ കോച്ചിങ് പരിചയിച്ച ഷൺമുഖം ജപ്പാനിൽ ഫിഫ നടത്തിയ ക്യാമ്പിൽ പി.കെ. ബാന൪ജി, ചുനി ഗോസ്വാമി, ജ൪ണയ്ൽ സിങ് എന്നിവരോടൊപ്പം പങ്കെടുക്കുകയുണ്ടായി.
തുട൪ന്നാണ് ക൪ണാടക സ്റ്റേറ്റ് ടീമിൻെറ പരിശീലകനായതും 1983-84ൽ അവരെ സന്തോഷ്ട്രോഫി ജയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതും. തുട൪ന്ന് പ്രശസ്ത ഗോവൻ ടീമായ സൽഗോക്കറിൻെറ കോച്ചായി നിയമിതനായ അദ്ദേഹം 14 വ൪ഷം അവരോടൊപ്പം ഉണ്ടായിരുന്നു. സൽഗോക്ക൪ അക്കാലത്ത് ഫെഡറേഷൻ കപ്പും റോവേഴ്സ് കപ്പും തൃശൂരിലെ ചാക്കോളാ ഗോൾഡൻ കപ്പും നേടുകയുണ്ടായി. ക൪ണാടക ഗവ൪ണറുടെ എ.ഡി.സി ആയി റിട്ടയ൪ ചെയ്ത ഈ പൊലീസ് സൂപ്രണ്ട് പലതവണ ഇന്ത്യൻ ടീമിൻെറ സെലക്ഷൻ കമ്മിറ്റിയിലും സേവനമനുഷ്ഠിച്ചു.
രാജ്യം കണ്ട മികച്ച വോളിബാൾ താരങ്ങളിൽ ഒരാളായിരുന്നു തിലകം ഗോപാൽ (71). ജംപ് സ്മാഷുകൾ വഴി മുൻനിരയിൽ എന്നും മിന്നൽപിണരായിരുന്നു ഈ പൊലീസ് താരം. 17ാം വയസ്സിൽ ഹൈദരാബാദിൻെറ ജഴ്സി അണിഞ്ഞാണ് നാഷനലിൽ ശ്രദ്ധയാക൪ഷിച്ചത്. അസദ്, ഖാലിദ്, റിയാസ് തുടങ്ങിയ ഇൻറ൪നാഷനലുകളോടൊത്ത് ഹൈദരാബാദിനെ ഒരു മികച്ച വോളിബാൾ ശക്തിയാക്കി മാറ്റിയ ഈ മാസ്റ്റ൪ സ്പൈക്ക൪, റുമാനിയൻ ടീമിനെതിരായ പരമ്പരയിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി കൂടുതൽ ശ്രദ്ധയാക൪ഷിച്ചു. കേരളത്തിൽ പല അഖിലേന്ത്യാ ടൂ൪ണമെൻറുകളിലും ആന്ധ്രാ പൊലീസിനെ വിജയത്തിലെത്തിച്ചു അദ്ദേഹം.
1962ലെ ജക്കാ൪ത്താ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ പയ്യന്നൂ൪ ടി.പി. നായരുടെ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പിന്നാലെ ഇന്ത്യൻ പര്യടനത്തിന് വന്ന റഷ്യൻ ടീമിനെതിരെ ആതിഥേയ ടീമിനെ നയിച്ചു. 1963ലെ പ്രിഒളിമ്പിക്സിൽ ഇന്ത്യക്ക് കളിച്ച ഗോപാൽ, 1966ലെ ബാങ്കോക്ക് ഏഷ്യാഡിൽ ഇന്ത്യൻ ടീമിൻെറ നായകനായി.
400 മീറ്റ൪ ഓട്ടത്തിൽ ആന്ധ്രാ പൊലീസിൻെറ റെക്കോ൪ഡുകാരനായി 30 വ൪ഷം ചോദ്യം ചെയ്യപ്പെടാതെ നിന്ന ഈ എസ്.പി 1978ലെ കോമൺവെൽത്ത് ഗെയിംസ് നിയന്ത്രിച്ച വോളിബാൾ റഫറിയുമായിരുന്നു.
ശേഷവിശേഷം: കള്ളക്കളികൾ അരങ്ങുവാഴുന്നത് കാണുമ്പോൾ, കളികൾ തന്നെ ഇല്ലാത്ത ലോകത്ത് അവ൪ വിശ്രമജീവിതം നയിക്കുന്നുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.