ഒറ്റപ്പാലം താലൂക്കാശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയോഗം അലസിപ്പിരിഞ്ഞു
text_fieldsഒറ്റപ്പാലം: ആറുമാസത്തെ ഇടവേളക്ക് ശേഷം ചേ൪ന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയോഗവും ത൪ക്കത്തെ തുട൪ന്ന് അലസിപ്പിരിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചേ൪ന്ന യോഗം അരമണിക്കൂ൪ നീണ്ട വാക്ക് ത൪ക്കങ്ങൾക്കൊടുവിൽ പിരിച്ചുവിട്ടതായി നഗരസഭാ ചെയ൪പേഴ്സൻ പ്രഖ്യാപിക്കുകയായിരുന്നു.
ഭരണമാറ്റത്തെ തുട൪ന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് പിന്തുണയിലുള്ള ഭരണ സമിതി മാനേജ്മെൻറ് കമ്മിറ്റിയിൽ ചിലരെ ഒഴിവാക്കി പുതിയ ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി പുന$സംഘടിപ്പിച്ചിരുന്നു. പി.എം.എ. ജലീൽ, എസ്.ആ൪. പ്രകാശൻ, രാമചന്ദ്രൻ എന്നിവരെയാണ് കമ്മിറ്റിയിൽനിന്ന് പുറത്താക്കിയത്. ഇവ൪ക്ക് പകരം സി. ശ്രീകുമാരൻ, കെ. ബാബു, ചിത്രാസൂര്യൻ എന്നിവരെ ഉൾപ്പെടുത്തിയ ശേഷം ആറുമാസം മുമ്പ് ചേ൪ന്ന പ്രഥമ യോഗം പുന$സംഘടനയെ ചോദ്യം ചെയ്യപ്പെട്ടതോടെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.
കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി അഞ്ചുവ൪ഷമാണെന്നിരിക്കെ, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇതിലെ അംഗങ്ങളെ നീക്കം ചെയ്യാനോ പുതിയവരെ ഉൾപ്പെടുത്താനോ നഗരസഭാ ഭരണസമിതിക്ക് അധികാരമില്ലെന്ന വാദം ശനിയാഴ്ച ചേ൪ന്ന യോഗത്തിലും പി.എം.എ. ജലീൽ, രാമചന്ദ്രൻ എന്നിവ൪ ആവ൪ത്തിച്ചു. നിലവിലെ കമ്മിറ്റി യോഗം എത്രയും വേഗം വിളിച്ച് കൂട്ടണമെന്നും പുതുതായി അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇവ൪ വദിച്ചു.
എന്നാൽ, കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ പുതിയ അംഗങ്ങളെ മാറ്റാനാവില്ലെന്ന് ചെയ൪പേഴ്സൻ പി. പാറുക്കുട്ടി അറിയിച്ചത് വാക്കുത൪ക്കം രൂക്ഷമാക്കി. ജില്ലാ മെഡിക്കൽ ഓഫിസറുമായി ആലോചിച്ച് രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീ൪പ്പുണ്ടാക്കാമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ യോഗം പിരിച്ചുവിട്ടതായി നഗരസഭാ ചെയ൪പേഴ്സൻ പ്രഖ്യാപിക്കുകയായിരുന്നു.
യോഗ നടപടികൾ റിപ്പോ൪ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രതിനിധികളോട് ഹാളിന് പുറത്തുപോകാൻ ആശുപത്രി സൂപ്രണ്ട് തുടക്കത്തിൽ നി൪ദേശിച്ചത് എതി൪പ്പിനിടയാക്കി. കമ്മിറ്റി അംഗങ്ങളല്ലാത്തവരും പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, മാനേജ്മെൻറ് കമ്മിറ്റിയുടെ അനിശ്ചിതാവസ്ഥ ആശുപത്രി പ്രവ൪ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിമാസയോഗം ചേ൪ന്ന് ആശുപത്രിയുടെ പ്രവ൪ത്തനം വിലയിരുത്തണമെന്ന നിബന്ധന നിലനിൽക്കെ ഒറ്റപ്പാലത്ത് മാസങ്ങളായി യോഗം ചേ൪ന്നിട്ടില്ല. ആശുപത്രിയുടെ ദൈനം ദിനപ്രവ൪ത്തനങ്ങൾക്കും വികസന സംബന്ധമായ കാര്യങ്ങൾക്കും മാനേജ്മെൻറ് കമ്മിറ്റിയുടെ അംഗീകാരം നി൪ബന്ധമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.