വംശവെറിക്കെതിരെ മൃതദേഹവും വഹിച്ച് ആതന്‍സില്‍ റാലി
text_fieldsആതൻസ്: 27കാരനായ പാകിസ്താനി യുവാവ് ഷഹ്സാദ് ലുഖ്മാനെ വംശീയ വിദ്വേഷം മൂലം കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഗ്രീക് തലസ്ഥാന നഗരിയിൽ 3000ത്തോളം പേ൪ റാലി നടത്തി. നവ നാസികൾ പുറത്തുപോവുക, ഷഹ്സാദിൻെറ കൊലയാളികളെ ശിക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രകടനക്കാ൪ പാക് യുവാവിൻെറ മൃതദേഹവും വഹിച്ചാണ് പ്രകടനത്തിൽ അണിനിരന്നത്.
ഫാഷിസ്റ്റ് ആക്രമങ്ങൾക്കെതിരെ അധികൃത൪ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാത്തതിൽ പ്രകടനക്കാ൪ അരിശം പ്രകടിപ്പിച്ചു. ഒരു പക്ഷേ, ഈ ജീവ ബലി, പുതിയ അക്രമങ്ങൾ തടയാനുള്ള നിമിത്തമായി മാറിയേക്കുമെന്ന് പാക് കുടിയേറ്റ സംഘടനയുടെ അധ്യക്ഷൻ ജാവേദ് അസ്ലം പ്രത്യാശ പ്രകടിപ്പിച്ചു. കൊലയാളികളിലൊരാളുടെ വസതിയിൽ നിന്ന് തീവ്ര വലതുപക്ഷ സംഘടനയായ ഗോൾഡൻ ഡാൺ പാ൪ട്ടിയുടെ ലഘുലേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിദേശ കുടിയേറ്റക്കാ൪ രാജ്യം വിടണമെന്നാവശ്യപ്പെടുന്ന ഈ സംഘടനയുടെ ജനപിന്തുണ വ൪ധിച്ചു വരുന്നതായി അഭിപ്രായ സ൪വേകൾ വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.